തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ സംഘർഷമുണ്ടാക്കിയത് അയൽസംസ്ഥാനമായ കേരളത്തിൽ നിന്നുള്ളവരാണെന്ന കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ഒരു മന്ത്രി ഒരിക്കലും പറയാൻ പാടില്ലാത്തതാണ് ബസവരാജ് ബൊമ്മൈ പറഞ്ഞിട്ടുള്ളതെന്നും, ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് തെറ്റായ നടപടിയാണ്. നരേന്ദ്ര മോദിയുടെ അടിച്ചമർത്തൽ നയമാണ് പ്രതിഷേധക്കാർക്ക് എതിരെ സ്വീകരിച്ചിരിക്കുന്നത്. മലയാളി മാദ്ധ്യമ പ്രവർത്തകരെ സർക്കാർ വേട്ടയാടുന്നു'- ഇ.പി ജയരാജൻ പറഞ്ഞു. മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളികളടക്കം മുപ്പതോളം മാദ്ധ്യമപ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
മാദ്ധ്യമപ്രവർത്തകരിൽ നിന്ന് പൊലീസ് ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചുവാങ്ങി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു നടപടി. പൊലീസെത്തി മാദ്ധ്യമപ്രവർത്തകരോട് സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെടുകയും,ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ സംഭവത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രൂക്ഷവിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാദ്ധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം, രേഖകൾ പരിശോധിച്ച് വരികയാണെന്നും, അതിന് ശേഷം ആവശ്യമായ രേഖകൾ ഉള്ളവരെ മാത്രം റിപ്പോര്‍ട്ടിംഗിന് അനുവദിക്കാമെന്ന നിലപാടിലാണ് കർണാടക പൊലീസ്. അതിനിടയിൽ കർണാടക അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |