ഓർഡിനറി എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായ സുഗീത്, ദിലീപിനെ നായകനാക്കി ഒരുക്കിയ മൈ സാന്റ ക്രിസ്‌മസ് അവധിക്കാലത്ത് കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന മികച്ചൊരു ചിത്രമാണ്. ഇതാദ്യമായാണ് ദിലീപീനെ നായകനാക്കി സുഗീത് ഒരു സിനിമയൊരുക്കുന്നത്. അച്ഛനും അമ്മയും ഇല്ലാതെ ജീവിക്കേണ്ടി വരുന്ന രണ്ടാം ക്ളാസുകാരിയും കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്നതും ക്രിസ്‌മസ് കഥകളിൽ മാത്രം കേട്ടുപരിചയമുള്ള സാന്റാക്ളോസിന്റെയും ആത്മബന്ധത്തിന്റെ കഥ വൈകാരികമായി പറയുകയാണ് സുഗീത് ഈ ചിത്രത്തിലൂടെ.
കുട്ടിയും സാന്റായും ചിറക് വിടർത്തുമ്പോൾ
കുട്ടികൾക്ക് ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചാൽ അതിലൊരുത്തരം സാന്റാക്ളോസ് എന്നായിരിക്കും. ലോകത്തെ എല്ലാ കുട്ടികൾക്കും കൈനിറയെ സമ്മാനങ്ങളുമായി സാന്റാക്ളോസ് ഓരോ ക്രിസ്‌മസ് രാവിലും എത്തുമെന്ന സങ്കൽപത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാന്റാ വരുമെന്ന കഥകൾ കേട്ട് അയാൾക്കായി ഓരോ ക്രിസ‌്മസിലും കാത്തിരിക്കുന്ന ഐസയെന്ന കൊച്ചുകുട്ടിയുടെ ജീവിതത്തിൽ ഒടുവിൽ സാന്റ കടന്നുവരുന്നു, പിന്നീട് ഐസയ്‌ക്കുണ്ടാകുന്ന അനുഭവങ്ങളാണ് സിനിമയുടെ ആകെത്തുക.
കുട്ടികൾക്ക് നല്ലപോലെ ആസ്വദിക്കാനാവുന്ന തരത്തിലുള്ള അവതരണരീതിയാണ് സിനിമയുടേത്. ആദ്യ പകുതിയിൽ ഐസയുടെയും കൂട്ടുകാരി അന്നയുടേയും കഥ പറയുന്ന സിനിമ ഊട്ടിയിലെ ഒരു സ്കൂളിന്റെ പശ്ചാത്തലത്തിലാണ് മുന്നേറുന്നത്. ഐസയും സാന്റയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ആസ്വാദ്യകരവും രസകരവുമായ രീതിയിൽ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഫാന്റസിയെയും സാങ്കേതികവിദ്യയേയും കൂട്ടുപിടിച്ച് കുട്ടികളെ വിസ്‌മയിപ്പിക്കുന്ന തരത്തിലുള്ള അവതരണരീതിയും സിനിമയുടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. രണ്ടാം പകുതിയിൽ സിനിമ നാടകീയതയിലേക്ക് കടക്കുകയും ഐസയുടെ ജീവിതത്തിലേക്ക് സാന്റ എന്തിനുവന്നുവെന്നും ആരാണ് ഈ സാന്റയെന്നും വെളിപ്പെടുകയാണ്. രണ്ടാംപകുതി പക്ഷേ, മുതിർന്ന പ്രേക്ഷകരെ വൈകാരികതയുടെ തലത്തിലേക്ക് കൂടി കൂട്ടിക്കൊണ്ടു പോകുന്ന തരത്തിലാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.
സാന്റയും ഐസയും
ചിത്രത്തിൽ സാന്റയുടെ വേഷത്തിലെത്തുന്ന ദിലീപും ഐസയെ അവതരിപ്പിക്കുന്ന ബേബി മാനസിയും തമ്മിലുള്ള രസതന്ത്രം മികച്ചതാണ്. സാന്റാക്ളോസിന്റെ വേഷത്തിലെത്തുന്ന ദിലീപ് പ്രേക്ഷകരെയും കുട്ടികളെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സാമാന്യം നല്ല കുടവയറും സാന്റായുടെ താടിയുമൊക്കെ ചേരുമ്പോൾ അസൽ സാന്റാക്ളോസിനെ ഓർമ്മിപ്പിക്കും ദിലീപ്. മാത്രമല്ല, ശബ്ദത്തിന് വരുത്തിയിരിക്കുന്ന മാറ്റവും ശ്രദ്ധേയമാണ്. ഐസയുടെ വേഷത്തിലെത്തുന്ന മാനസി ആരുടെയും മനസിൽ ഇടംപിടിക്കും. മാനസിയുടെ കൂട്ടുകാരിയായെത്തുന്ന അന്നയും പ്രേക്ഷകരുടെ ഇഷ്ടം നേടുന്നുണ്ട്. അനുശ്രീയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മുഴുനീള നായികാകഥാപാത്രമല്ലെങ്കിൽ കൂടി അനുശ്രീയുടെ പ്രകടനം വേറിട്ടുനിൽക്കുന്നു. എടുത്തുപറയേണ്ട മറ്റൊരു അഭിനയം സായികുമാറിന്റേതാണ്. ജീവിതത്തിന്റെ അന്ത്യകാലത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന പടുവൃദ്ധനായുള്ള സായികുമാറിന്റെ കുട്ടൂസൻ കഥാപാത്രം ഇരുത്തംവന്ന പ്രകടനമാണ് നടത്തുന്നത്. സണ്ണിവെയ്ൻ, സിദ്ധിഖ്, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, കലാഭവൻ ഷാജോൺ, ഇർഷാദ്,അനശ്വര രാജൻ, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
നവാഗതനായ ജെമിൻ സിറിയക്കിന്റേതാണ് തിരക്കഥ. 153 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. അനാവശ്യ രംഗങ്ങൾ പലതും ഒഴിവാക്കിയിരുന്നെങ്കിൽ ചിത്രത്തന്റെ ദൈർഘ്യം ഇനിയും കുറയ്ക്കാമായിരുന്നു. ക്രിസ്‌മസ് സീസണായതിനാൽ കരോൾ ഗാനങ്ങളും ചിത്രത്തിൽ വേണ്ടുവോളമുണ്ട്.
വാൽക്കഷണം: കുട്ടികളുടെ സ്വന്തം സാന്റ
റേറ്റിംഗ്: 3.5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |