ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ട് കേരളത്തിൽ റാലി നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമത്തിനെതിരെ കേരളത്തിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ നിയമത്തെ അനുകൂലിച്ചുകൊണ്ട് പ്രചാരണം നടത്തുന്നതിനായാണ് അമിത് ഷാ എത്തുന്നത്. മലബാറിൽ നടക്കുന്ന റാലിയിലാണ് അമിത് ഷാ പങ്കെടുക്കുക എന്നാണ് ലഭിക്കുന്ന വിവരം. ബി.ജെ.പിയും ആർ.എസ്.എസും ഒന്നിച്ചാണ് റാലിക്കും പ്രചാരണത്തിനും ചുക്കാൻ പിടിക്കുക. ഈ മാസം 15ന് ശേഷമാണ് അമിത് ഷാ കേരളത്തിലേക്ക് എത്തുക എന്നാണറിയുന്നത്.
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കത്തിക്കയറുന്ന സാഹചര്യത്തിലാണ് നിയമത്തിന് അനുകൂലമായ പ്രചാരണം കടുപ്പിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും ഒരുങ്ങുന്നത്. നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ നടത്തുന്നത് കോൺഗ്രസ് പാർട്ടി അടങ്ങിയ പ്രതിപക്ഷമാണെന്നും പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിൽ ഒരിഞ്ചുപോലും പുറകോട്ട് പോകാൻ ഒരുക്കമല്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ഈ വിഷയത്തിൽ ഷാ വിമർശനം അഴിച്ചുവിട്ടിരുന്നു. നിയമം രാഹുൽ ഗാന്ധി വായിച്ച് നോക്കണമെന്നും നിയമത്തിന്റെ ഇറ്റാലിയൻ പരിഭാഷ വേണമെങ്കിൽ താൻ അയച്ചുതരാമെന്നുമായിരുന്നു അമിത് ഷായുടെ പരിഹാസം. അതേസമയം, രാജ്യം പാസാക്കിയ നിയമത്തിനെതിരെയല്ല പ്രതിഷേധം നടത്തേണ്ടതെന്നും ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |