എൺപതിലെത്തിയ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന്റെ സംഗീതസപര്യയും അരനൂറ്റാണ്ട് പിന്നിടുന്നു. യേശുദാസിന്റെ ഏതെങ്കിലുമൊരു ഗാനം മൂളി നടക്കാത്ത ഒരു മലയാളിയുമുണ്ടാവില്ല. മലയാളിയുടെ ജീവിതത്തോട് അത്രമേൽ ഇഴചേർന്ന് നീങ്ങുന്ന സംഗീതം. ജനപ്രിയ ഗാനശാഖയായ ചലച്ചിത്ര, ലളിത സംഗീതത്തെ പോലെ തന്നെ കർണ്ണാടകസംഗീതത്തെയും ഗാനഗന്ധർവ്വൻ പ്രണയിക്കുന്നുണ്ട്. ആ സംഗീതയാത്രയും ആരംഭിച്ചിട്ട് അരനൂറ്റാണ്ടിലേറെയാകുന്നു.
സ്വാതിതിരുനാൾ സംഗീതകോളേജിൽ നിന്ന് ഗാനഭൂഷണം പഠിച്ചിറങ്ങിയ യേശുദാസ് പിന്നീട്, സിനിമയിലൂടെ അറിയപ്പെട്ട് തുടങ്ങിയ ശേഷം കൊച്ചുകൊച്ചു കച്ചേരികളൊക്കെ അവതരിപ്പിച്ച് വരാറുണ്ടായിരുന്നെങ്കിലും ഒരു സമ്പൂർണ്ണ സംഗീതക്കച്ചേരി പൊതുവേദിയിൽ അവതരിപ്പിക്കുന്നത് 1964ൽ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രാങ്കണത്തിലാണ്. അതിന് നിമിത്തമായത് പ്രമുഖ വയലിൻവിദ്വാൻ പ്രൊഫ.എം. സുബ്രഹ്മണ്യശർമ്മയും.
ഡി.വൈ.എസ്.പിയായിരുന്ന ഉമ്മൻ കോശി ശാർക്കരക്ഷേത്രത്തിൽ നേർന്ന വഴിപാടിനോടനുബന്ധിച്ച് യേശുദാസിന്റെ കച്ചേരി ഏർപ്പാട് ചെയ്തുതരാമോയെന്ന് അന്ന് കച്ചേരിവേദികളിൽ ശ്രദ്ധേയമുഖമായിരുന്ന സുബ്രഹ്മണ്യശർമ്മയോട് ആരാഞ്ഞു. ശർമ്മ യേശുദാസിനോട് സംസാരിച്ചു. ശർമ്മയോട് ഗുരുതുല്യമായ സ്‌നേഹം പ്രകടിപ്പിച്ചിരുന്ന യേശുദാസ്, അത് വലിയ അംഗീകാരമായാണ് കണക്കാക്കിയത്. അങ്ങനെയാണ് ദാസിന്റെ ആദ്യത്തെ സമ്പൂർണ്ണ സംഗീതക്കച്ചേരി അരങ്ങേറുന്നത്. പിന്നീടിങ്ങോട്ട് യേശുദാസ് പാടി ധന്യമാക്കിയ എത്രയെത്ര വേദികൾ. തിരുവനന്തപുരത്ത് നാല്പത് വർഷത്തിലേറെയായി സൂര്യയുടെ അരങ്ങിൽ എല്ലാവർഷവും ഒക്ടോബർ ഒന്നിന് യേശുദാസിന്റെ സംഗീതക്കച്ചേരി നടക്കുന്നു. ഓരോ സംഗീതക്കച്ചേരിക്കും ഒരു അരങ്ങേറ്റക്കാരന്റെ കരുതലോടെ തയ്യാറെടുക്കുന്ന ദാസ്, പുതിയ കീർത്തനങ്ങൾ പഠിച്ച് പാടാൻ കാണിക്കുന്ന ഉത്സാഹം സംഗീതവിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും മാതൃകയാകണം.
1964 തൊട്ടിങ്ങോട്ട് 2005 വരെ യേശുദാസിന്റെ സംഗീതക്കച്ചേരികളിൽ സുബ്രഹ്മണ്യശർമ്മ വയലിൻവാദകനായി. 1990കൾ തൊട്ട് ശർമ്മയുടെ മകനും അറിയപ്പെടുന്ന വയലിൻവിദ്വാനുമായ എസ്.ആർ. മഹാദേവശർമ്മയും അകമ്പടി പോകുന്നു. 2005ന് ശേഷം മഹാദേവശർമ്മ സ്ഥിരം സാന്നിദ്ധ്യമാണ്. കാട്ട്‌പോത്ത് സിനിമയിലെ പൂവല്ല പൂന്തളിരല്ല പോലെ, ഏതാനും സിനിമാഗാനങ്ങൾ തരംഗിണി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തപ്പോൾ വയലിൻ വായിച്ചതും സുബ്രഹ്മണ്യശർമ്മയാണ്. ദാസിന് കച്ചേരിയരങ്ങിലെ വെറും പക്കവാദ്യക്കാരനായിരുന്നില്ല സുബ്രഹ്മണ്യശർമ്മ. പല പാഠങ്ങളും പറഞ്ഞുകൊടുത്ത ഗുരു കൂടിയാണ്.
1982ൽ ബി.ബി.സിയിൽ റെക്കോർഡിംഗിന് പോയ വേളയിൽ ദാസ് പ്രത്യേകം താല്പര്യമെടുത്ത് സുബ്രഹ്മണ്യശർമ്മയുടെ വയലിൻ സോളോ റെക്കോർഡ് ചെയ്യിപ്പിച്ചിട്ടുണ്ട്. 1978 മുതൽ 1984 വരെ കർണ്ണാടകസംഗീതത്തിന് പാശ്ചാത്യരാജ്യങ്ങളിൽ പ്രചാരമുണ്ടാക്കാനായി സന്നദ്ധസേവകരെ പോലെ യേശുദാസും സുബ്രഹ്മണ്യശർമ്മയും യൂറോപ്പിലും അമേരിക്കയിലും പര്യടനം നടത്തുകയുണ്ടായി. ഇന്ത്യാ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം രാജ്യത്ത് ക്ഷാമമുണ്ടാപ്പോൾ ഇന്ത്യയൊട്ടാകെ സംഗീതക്കച്ചേരിയുമായി പര്യടനം നടത്താനും ദാസിന് കൂട്ടായി സുബ്രഹ്മണ്യശർമ്മയുണ്ടായി. അന്ന് ധനസമാഹരണം നടത്തി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിക്ക് സമർപ്പിച്ചു.
ഈ പര്യടനവേളയിൽ യേശുദാസ് മൗനവ്രതത്തിലായിരുന്നു. ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായിട്ടായിരുന്നു. പകൽ മൗനത്തിൽ. രാത്രിയിൽ പാട്ട്. സ്വന്തമായി സ്റ്റൗവ്വും കൊണ്ടായിരുന്നു ഭാരതപര്യടനം. പോകുന്നിടത്തെല്ലാം സ്വന്തമായി പാചകം ചെയ്ത് ഭക്ഷണം കഴിക്കും. യേശുദാസ് തന്നെയായിരുന്നു പാചകം. ആദ്യം രുചിച്ച് നോക്കുന്നത് സുബ്രഹ്മണ്യശർമ്മ.
കർണാടകസംഗീതമെന്ന് കേൾക്കുമ്പോൾ ശാസ്ത്രീയസംഗീതത്തെപ്പറ്റി അറിവില്ലാത്തവരിലും ആദ്യമോടിയെത്തുക, യേശുദാസിന്റെ ശബ്ദസൗകുമാര്യത്തിലൂടെ ഒഴുകിയെത്തുന്ന 'വാതാപി ഗണപതിം...' എന്ന് തുടങ്ങുന്ന കീർത്തനമാണ്. ക്ഷേത്രങ്ങളിൽ, ഉത്സവപ്പറമ്പുകളിൽ, കല്യാണസദസ്സുകളിൽ എന്നുവേണ്ട, എവിടെയും ജനകീയാംഗീകാരം നേടിയെടുത്തത്. 1982ൽ ഇത് പാടി റെക്കോർഡ് ചെയ്യുമ്പോൾ യേശുദാസിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. മുത്തുസ്വാമി ദീക്ഷിതരുടെ ഹംസധ്വനി രാഗത്തിലുള്ള ഈ ഗണപതീസ്തുതി കീർത്തനം, സാഹിത്യഭംഗിയോ രാഗഭാവമോ ചോരാതെ ഏത് പാമരനിലേക്കും എത്തിക്കുക. യേശുദാസിന് കൂട്ടായുണ്ടായത് വയലിൻവിദ്വാൻ പ്രൊഫ.എം. സുബ്രഹ്മണ്യശർമ.
അതിരാവിലെ തുടങ്ങി വൈകിട്ട് 3 മണിവരെ റെക്കോഡിംഗ് നീണ്ടിട്ടും ദാസിനും ശർമയ്ക്കും തൃപ്തി വന്നില്ല. ഉദ്ദേശിച്ച ലക്ഷ്യത്തിലേക്കെത്തിയോയെന്ന തോന്നൽ. ഒടുവിൽ പഴവങ്ങാടി ഗണപതിക്ക് 101 തേങ്ങയുടച്ച് വീണ്ടും സ്റ്റുഡിയോയിൽ ചെന്നിരുന്ന് റെക്കോർഡ് ചെയ്തു. വിശ്വാസം അതല്ലേ എല്ലാം എന്ന് പറയുന്നത് പോലെ ആ ടേക്കിലാണ് തൃപ്തിയായത്. ഇന്നും ആസ്വാദകരുടെ കാതുകളെ ഇമ്പം കൊള്ളിക്കുന്ന ഈ ആലാപനത്തിനൊരു പ്രത്യേകതയുണ്ട്. സാധാരണ 'വാതാപി...' കച്ചേരികളിൽ വിദ്വാന്മാർ പാടുന്നത് മദ്ധ്യമകാലത്തിലാണ്. അതിനാണ് കൂടുതൽ ശാസ്ത്രീയഭംഗി. എന്നാൽ യേശുദാസ് ഇവിടെ പാടിയിരിക്കുന്നത് ചൗക്ക കാലത്തിലാണ്. കൃതിയുടെ ഓരോ വരിയുടെയും സൂക്ഷ്മമായ അർത്ഥതലങ്ങളിലേക്ക് അനുവാചകനെ കൊണ്ടുപോകാൻ ഇങ്ങനെയൊരു മാറ്റം വേണമായിരുന്നു. അതിനും വയലിനിൽ കൂട്ട് സുബ്രഹ്മണ്യശർമ്മ.
എൺപത്തിമൂന്നിലെത്തിയ സുബ്രഹ്മണ്യശർമ്മ ഇപ്പോൾ വീട്ടിൽ കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞ് കൊടുത്തും മറ്റും സാധകം തുടരുന്നുണ്ട്. മക്കളായ മഹാദേവശർമ്മയ്ക്കും എസ്.ആർ. രാജശ്രിക്കുമൊപ്പം വയലിൻ ട്രയോ അത്യാവശ്യം വേദികളിൽ അവതരിപ്പിച്ചുവരുന്നു. കേരള സംഗീതനാടക അക്കാഡമിയുടെ അവാർഡും കലാരത്ന ഫെലോഷിപ്പും സുബ്രഹ്മണ്യശർമയെ തേടിയെത്തി. ചെറുതും വലുതുമായ പത്തോളം പുരസ്‌കാരങ്ങൾ നേടിയ ശർമ്മയുടെ വയലിൻവാദനത്തെ 87ൽ അന്നത്തെ ഗവർണർ പി. രാമചന്ദ്രൻ പരസ്യമായി ഏറെ പ്രകീർത്തിക്കുകയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |