തിരുവനന്തപുരം : ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണ ചട്ടങ്ങളിൽ വിവേചനപരമായ വ്യവസ്ഥകൾ ഉൾകൊള്ളിച്ചതായുള്ള എൻ.എസ്.എസ് ആരോപണം വാസ്തവവിരുദ്ധമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സെക്രട്ടറി അറിയിച്ചു.
2014 മാർച്ചിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വരുമ്പോൾ പിന്നാക്ക സമുദായങ്ങൾക്കുള്ള 32 ശതമാനം സംവരണമല്ലാതെ മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം അനുവദിച്ചിരുന്നില്ല. 2016 ഡിസംബറിൽ പുതിയ റിക്രൂട്ട്മെന്റ് ബോർഡ് അധികാരത്തിൽ വന്നശേഷമാണ് സാമ്പത്തിക സംവരണം ഏർപ്പടുത്തുന്നതിനെക്കുറിച്ച് സർക്കാരിന് ശുപാർശ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭായോഗം 2017 നവംബറിൽ സാമ്പത്തിക സംവരണം തത്വത്തിൽ അംഗീകരിച്ചെങ്കിലും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമവിഭാഗം ഇതിനെ എതിർത്തു . എന്നാൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്ന് ദേവസ്വം ബോർഡുകൾ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാരിലേക്ക് അയച്ചതിനെ തുടർന്നാണ് സർക്കാർ അംഗീകാരം ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ കീഴിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ ചട്ടങ്ങൾ അനുസരിച്ചാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ നിശ്ചയിച്ചത് . തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലർക്ക് ,സബ്ഗ്രൂപ്പ് ഓഫീസർ തസ്തികയിലേക്കുള്ള റാങ്ക്‌പട്ടിക ഈ സംവരണ മാനദണ്ഡം അനുസരിച്ചാണ് തയ്യാറാക്കിയത്. 64 ഒഴിവുകളുള്ളതിൽ 6 പേർ സാമ്പത്തിക സംവരണത്തിന് അർഹരാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 27 പേർ അർഹതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടുണ്ടെന്നും രാജ്യത്താദ്യമായി സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകുന്നത് കേരളത്തിലാണെന്നും സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |