ന്യൂഡൽഹി: ജംബോ പട്ടികയ്‌ക്കെതിരെ നിന്ന അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ അനുനയിപ്പിച്ചും, ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ചും കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം സെക്രട്ടറിമാരടക്കം 50 പേരിലേക്ക് ചുരുക്കാൻ ധാരണയായതായി സൂചന. അന്തിമ പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിച്ചേക്കും.
ഡൽഹിയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി എന്നിവർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചകളിലാണ് ഏകദേശ ധാരണയായത്. പട്ടികയിൽ സോണിയ നിർദ്ദേശിച്ച ചില മാറ്റങ്ങൾ വരുത്താൻ മുല്ലപ്പള്ളിയും ചെന്നിത്തലയും ഡൽഹിയിൽ തുടരുകയാണ്. ഉമ്മൻചാണ്ടി നാട്ടിലേക്ക് മടങ്ങി.
അദ്ധ്യക്ഷൻ, വർക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരടക്കം 25 പേരും 25 സെക്രട്ടറിമാരും അടങ്ങിയ പട്ടികയ്‌ക്കാണ് സാദ്ധ്യത. ജനറൽ സെക്രട്ടറിമാരെ എ, ഐ ഗ്രൂപ്പുകൾക്കായി വിഭജിക്കും. ഗ്രൂപ്പില്ലാത്തവർക്ക് മറ്റു പദവികൾ നൽകും.ചെറുപ്പക്കാരിൽ കഠിനാദ്ധ്വാനം ചെയ്യുന്നവരെ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനം. സമൂഹമാദ്ധ്യമങ്ങളിൽ മാത്രമായി പാർട്ടി പ്രവർത്തനം ഒതുക്കുന്നവർക്ക് അവസരം നൽകില്ല.
പ്രധാന ഭാരവാഹികളുടെ എണ്ണം 25ൽ കൂടരുതെന്ന മുല്ലപ്പള്ളിയുടെ നിലപാടിന് രാഹുൽ ഗാന്ധിയുടെ പിന്തുണ ലഭിച്ചെങ്കിലും, സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ച് ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാമെന്ന ധാരണയിൽ എത്തുകയായിരുന്നു. എം.പിമാർ വർക്കിംഗ് പ്രസിന്റുമാരായി തുടരുന്നതിനെയും, ജനപ്രതിനിധികൾ ഭാരവാഹികളാകുന്നതിനെയും എതിർത്ത മുല്ലപ്പള്ളി, തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്നാണ് സൂചന. പട്ടിക പ്രഖ്യാപനം നീണ്ടാൽ തിരിച്ചടിയാവുമെന്ന വിലയിരുത്തലിൽ മുല്ലപ്പള്ളി വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നും അറിയുന്നു. സെക്രട്ടറിമാരുടെ പേരുകളടക്കം ഒന്നിച്ച് പട്ടിക പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന കാര്യത്തിലും ധാരണയായി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |