ഇടുക്കി : ഇടുക്കിയുടെ സ്വന്തം മന്ത്രി എം.എം.മണി ഉദ്ഘാടകനായി നാട്ടിലെത്തിയപ്പോൾ വ്യത്യസ്തമായി സ്വീകരിക്കണമെന്ന് കുടുംബശ്രീ പ്രവർത്തകരുടെ ആഗ്രഹം അവസാനിച്ചത് കൂട്ടച്ചിരിയിൽ. വേദിയിൽ മന്ത്രിയെ പുകഴ്ത്തുന്നതിനായി സിനിമാ ഗാനത്തെ പാരഡിയാക്കി അവതരപ്പിക്കുവാനാണ് കുടുംബശ്രീ പ്രവർത്തകർ തീരുമാനിച്ചത്. വണ്ടൻമേട് 33 കെവി സബ് സ്‌റ്റേഷന്റെ ഉദ്ഘാടന വേദിയിൽ പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. വിശിഷ്ടാതിഥിയായി മന്ത്രി വേദിയിൽ ഇരുപ്പായതോടെ നാല് കുടുംബശ്രീ പ്രവർത്തകരാണ് മൈക്കിന് മുന്നിലെത്തി മന്ത്രിയെ കയ്യിലെടുക്കാനായി ഗാനാലാപനം തുടങ്ങിയത്. മമ്മൂട്ടിയും ശ്രീനിവാസനും തകർത്ത് അഭിനയിച്ച കഥ പറയുമ്പോൾ എന്ന സിനിമയിലെ വ്യത്യസ്തനാം ഒരു ബാർബറാം ബാലനെ എന്ന സിനിമാഗാനത്തെ പാരഡിയാക്കിയാണ് മന്ത്രിയെ പുകഴ്ത്തിയത്. 'വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ...സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ...'എന്നായിരുന്നു പാരഡിയുടെ തുടക്കം.
പാട്ട് ആരംഭിച്ചപ്പോൾ മന്ത്രിയും ആസ്വദിച്ച് തലയാട്ടി താളംപിടിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പാരഡി ഗാനം മുന്നോട്ടുപോയപ്പോൾ നാലു ഗായികമാരിൽ ഒരാൾക്കുണ്ടായ നാവുപിഴയാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. മന്ത്രിയെ പുകഴ്ത്തുന്നതിനിടയിൽ സിനിമാഗാനത്തിലെ വരിയും ഇടയ്ക്ക് കയറുകയായിരുന്നു, 'വിശ്വസ്തനാമൊരു ബാർബറാം ബാലനേ...'എന്ന് പാടിയതോടെ വേദിയിലും സദസിലുമുള്ളവർ അന്തംവിട്ടിരിപ്പായി. ഒരുവിധം പാട്ടുപാടി തീർത്ത് വരികൾ മാറിപ്പോയതിന് മാപ്പുപറഞ്ഞാണ് കുടുംബസ്ത്രീ പ്രവർത്തകർ വേദി വിട്ടത്. തെറ്റ് പറ്റിയവരോട് ആശാൻ ക്ഷമിച്ച് കൈകൊണ്ട് ആംഗ്യഭാഷയിൽ പൊയ്‌ക്കോളാൻ പറയുക കൂടി ചെയ്തതോടെ രംഗം ശാന്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |