തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. തദ്ദേശ വാർഡ് വിഭജന വിഷയത്തിൽ സർക്കാരിനെ കടുത്ത ഭാഷയിലാണ് ഗവർണർ വിമർശിച്ചത്. നിയമസഭ ചേരാനിരിക്കെ തിടുക്കത്തിൽ ഓർഡിനൻസ് എന്തിനെന്ന് ഗവർണർ ചോദിച്ചു. പൗരത്വ നിയമ ഭേദഗതിയിലൂടെ സുപ്രീം കോടതിയെ സമീപിച്ചതിലൂടെ സർക്കാർ പ്രോട്ടോകോൾ ലംഘനമാണ് നടത്തിയതെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. സർക്കാരിന് കോടതിയെ സമീപിക്കാൻ ഭരണഘടനപരമായ അവകാശമുണ്ട്, എന്നാൽ സംസ്ഥാനത്തിന്റെ ഭരണഘടനാ മേധാവിയായ തന്നെ ഇക്കാര്യം അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും ഗവർണർ ചോദിച്ചു. മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് താൻ ഈ വിവരം അറിഞ്ഞതെന്നും, നിയമത്തെ മറികടക്കാൻ ആരെയും അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ സൂചിപ്പിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവർണർ.
ഗവർണറുടെ വാക്കുകൾ-
'എനിക്ക് ആരോടും തർക്കത്തിൽ ഏർപ്പെടുന്നതിന് താൽപര്യമില്ല. ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ചെയ്‌തത്. ഞാൻ അടക്കം ആരും നിയമത്തിന് അതീതരല്ല. തങ്ങൾ നിയമത്തിന് മുകളിലാണെന്ന് ആരുതന്നെ ചിന്തിക്കാനും പാടില്ല. അക്കാര്യം ഉറപ്പു വരുത്തേണ്ട ബാധ്യത എനിക്കുണ്ട്. എന്നാൽ ഇവിടെ ചിലർ അങ്ങനെയല്ല. നിയമം എല്ലാവരും പാലിക്കപ്പെടേണ്ടതായിട്ടുണ്ട്. വ്യക്തമായി പറയട്ടെ, ഞാൻ ആരുടെയും റബ്ബർ സ്‌റ്റാമ്പല്ല. പൗരത്വ നിയമ ഭേദഗതിയിലൂടെ സുപ്രീം കോടതിയെ സമീപിച്ചതിലൂടെ സർക്കാർ പ്രോട്ടോകോൾ ലംഘനമാണ് നടത്തിയത്. കോടതിയെ സമീപിക്കാൻ ഭരണഘടനപരമായ അവകാശം സർക്കാരിനുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ ഭരണഘടനാ മേധാവിയായ എന്നെ ഇക്കാര്യം അറിയിക്കാത്തത് എന്തുകൊണ്ടാണ്? മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് ഈ വിവരം അറിഞ്ഞത്'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |