ആലപ്പുഴ: ബെവ്കോയുടെ വിദേശമദ്യ ചില്ലറ വില്പനശാല തേടി അലയുന്നവർക്ക് ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതിന് മൊബൈൽ ആപ്പ് വരുന്നു. മൊബൈൽ ഫോണിലൂടെ വില്പനശാലയുടെ കൃത്യ സ്ഥാനം കണ്ടുപിടിക്കുന്നതിനായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ഏപ്രിലിൽ നിലവിൽ വരും. 7.5 കോടിയാണ് ചെലവ്.
കോർപറേഷനിൽ കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ്. രാജസ്ഥാനിൽ ജയ്‌പൂരിലുള്ള ഇ-കണക്ട് എന്ന സ്ഥാപനമാണ് ആപ്പ് തയ്യാറാക്കിയത്. ഓരോ ഔട്ട്‌ലെറ്രിലുമുള്ള ബ്രാൻഡുകൾ, വില തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ടാകും. സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.
മോഡേണാകുന്ന ബെവ്കോ
ബെവ്കോ മോഡേണാകുന്നതിന്റെ ഭാഗമായി ബില്ലുവാങ്ങാനുള്ള കാത്തുനില്പിനും പരിഹാരമാകും. ക്യൂ.ആർ കോഡ് (ദ്രുത പ്രതികരണ കോഡ്) ഉപയോഗിച്ചുള്ള ബില്ലിംഗും വൈകാതെ തുടങ്ങും. കുപ്പികളിൽ ഇതിനുള്ള ബാർകോഡ് പതിപ്പിക്കും. ചില്ലറ വില്പന ശാലകളും വെയർഹൗസുകളും ഹെഡ് ഓഫീസുമായി ബന്ധിപ്പിക്കുന്ന സി.സി ടിവി കാമറ സംവിധാനത്തിലാവും. ഓരോ ദിവസത്തെയും വില്പന, വരുമാനം, വെയർഹൗസുകളിലെയും വില്പനശാലകളിലെയും മിച്ചമുള്ള സ്റ്റോക്ക് തുടങ്ങിയവ എം.ഡി അടക്കമുള്ളവർക്ക് അറിയാം. ജീവനക്കാരുടെ ദൈനംദിന പ്രവർത്തനങ്ങളും നിരീക്ഷിക്കാം. പൊതുമേഖല സ്ഥാപനമായ കെൽട്രോണാണ് ഇതിനുള്ള സംവിധാനമൊരുക്കുന്നത്.
'പുതിയ സംവിധാനം നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. പൂർണ തോതിൽ എപ്പോൾ സജ്ജമാകുമെന്ന് പറയാനാവില്ല".
- സ്‌പർജൻകുമാർ, എം.ഡി
മൊബൈൽ ആപ്പിലുള്ളത്
പദ്ധതിയുടെ ആകെ ചെലവ് 7.5 കോടി രൂപ
ആപ്പ് തയ്യാറാക്കിയ ജയ്‌പൂരിലുള്ള ഇ-കണക്ട്
ഔട്ട്‌ലെറ്റിലുള്ള ബ്രാൻഡുകൾ, വില തുടങ്ങിയവയും ആപ്പിൽ
ആപ്പ് ഏപ്രിലിൽ നിലവിൽ വരും
ബെവ്കോ
ആകെ വെയർഹൗസുകൾ - 23
പ്രവർത്തിക്കുന്ന വില്പനശാലകൾ - 270
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |