തിരുവനന്തപുരം: നിരോധിത സംഘടനയായ അൽഉലമയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണൽ ലീഗിന്റെ നിർദ്ദേശം അനുസരിച്ചാണ് എ.എസ്.ഐ വിൽസണെ വെടിവച്ചു കൊന്നതെന്ന് മുഖ്യപ്രതികളായ അബ്ദുൾ ഷമീമും തൗഫീക്കും വെളിപ്പെടുത്തിയതായ വിവരം പുറത്തുവന്നു. ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി പൊലീസിന് മുന്നറിയിപ്പ് നൽകുകയാണ് കൊലയിലൂടെ ലക്ഷ്യമിട്ടതെന്നും തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പ്രതികൾ മൊഴി നൽകിയതായാണ് വിവരം.
പൊങ്കൽ പ്രമാണിച്ച് കോടതി അവധിയായതിനാൽ പ്രതികളെ കുഴിത്തുറയിൽ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഐസിസ് ബന്ധമുണ്ടെന്ന് കരുതുന്ന ചിലരുമായി ഷമീമിനും തൗഫിക്കിനും ബന്ധമുണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. പ്രതികൾക്ക് മറ്റേതെങ്കിലും സംഘടകളുമായി ബന്ധമുണ്ടോയെന്നും ക്യൂബ്രാഞ്ച് പരിശോധിക്കുകയാണ്.
ഉടുപ്പിയിൽ നിന്ന് ചൊവ്വാഴ്ച ബംഗളൂരൂ സെൻട്രൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പ്രതികളെ ബുധനാഴ്ച തമിഴ്നാട് ക്യൂബ്രാഞ്ചിന് കൈമാറി. വൻ സുരക്ഷാ സന്നാഹത്തോടെ റോഡ് മാർഗം ഇന്നലെ രാവിലെ 5 മണിയോടെ പ്രതികളെ കളിയിക്കാവിള സ്റ്റേഷനിലെത്തിച്ചു. സുരക്ഷാകാരണങ്ങളാൽ 6.30തോടെ തക്കല സ്റ്റേഷനിലേക്ക് മാറ്റി. ഏഴുമണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകുംവരെ തുടർന്നു. ഇതിനിടെ ഡോക്ടർമാരെ സ്റ്റേഷനിലെത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തി. സുരക്ഷ കണക്കിലെടുത്താണ് തിരക്കേറിയ സമയങ്ങളിൽ പ്രതികളെ പുറത്തിറക്കാത്തത്. തമിഴ്നാട് പൊലീസ് കമാൻഡോകളെ സ്റ്റേഷനു പുറത്ത് വിന്യസിച്ചിട്ടുണ്ട്.
പ്രതികളെ ചോദ്യം ചെയ്തത്
എ.എസ്.ഐ വധം അന്വേഷിക്കുന്ന എസ്.പി ശ്രീനാഥ്, കുളച്ചൽ എ.എസ്.പി വിശ്വശാസ്ത്രി, തിരുനെൽവേലി ഡി.ഐ.ജി പ്രവീൺകുമാർ അഭിനവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്തത്. പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് സ്വന്തമായ ആശയമുണ്ടെന്നും അത് നടപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രതികൾ പലവട്ടം പൊലീസിനോട് ആവർത്തിച്ചു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളവരിൽ സംഭവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയവരുടെ അറസ്റ്റും ഇതോടൊപ്പം രേഖപ്പെടുത്തി. മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കി റിമാൻഡിലാകുന്ന പ്രതികളെ പാളയംകൊട്ട ജയിലിലേക്ക് മാറ്റിയേക്കും. ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |