ജീവിതത്തിൽ ആകെയുണ്ടായ ഒരു 'ആക്‌സിഡന്റ് ഭീകരത'യെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് മിമിക്രി കലാകാരനായ മനോജ് ഗിന്നസ്. നടൻ ജാഫർ ഇടുക്കി അടക്കമുള്ള സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്ന ആ നിമിഷത്തെ കുറിച്ച് കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലൂടെയാണ് മനസു തുറന്നത്.
മനോജിന്റെ വാക്കുകൾ-
'എന്റെ ജീവിതത്തിൽ ഉണ്ടായ ആക്‌സിഡന്റ് എന്നു പറയാനാണെങ്കിൽ അത് ഞാനുണ്ടാക്കിയതല്ല. മിനിമം 50 കി.മീ കൂടുതൽ ഞാൻ വണ്ടി ഓടിക്കാറില്ല. പതിയെ പോകുന്നതാണ് എനിക്കിഷ്‌ടം. പുന്നപ്ര പ്രശാന്ത് എന്ന ആർട്ടിസ്‌റ്റിസ് വരാൻ പറ്റാത്തതു കൊണ്ട് അവന് പകരം ഒരു പരിപാടിയ‌്ക്ക് ഞങ്ങൾ പോവുകയാണ്. ഞങ്ങളെ എറണാകുളത്ത് ആക്കിയിട്ട് ഊട്ടിയിലേക്കാണ് പോകേണ്ടത്. വണ്ടി എടുത്തപ്പോൾ തന്നെ ഭയങ്കര സ്പീഡിലായിരുന്നു. ഇത്രയും സ്പീഡ് വേണ്ടാന്ന് ഞാൻ പറയുകയും ചെയ‌്തു. പിന്നീട് ഞങ്ങളെല്ലാം ഉറങ്ങിയും പോയി. ആലപ്പുഴ കഴിഞ്ഞപ്പോൾ വലിയ ഒരു അടിയുടെ ശബ്‌ദം കേട്ടാണ് ഞാൻ ചാടി എണീക്കുന്നത്. കണ്ണുതുറന്നപ്പോൾ ചില്ല് എല്ലാംകൂടി മുഖത്തു വന്ന് അടിച്ചിരിക്കുകയാണ്. ഒരാളെ ഇടിച്ചിട്ടുണ്ടെന്ന് കൂടെയുണ്ടായിരുന്ന ജാഫർ ഇടുക്കി പറയുകയാണ്. നേരം വെളുത്തു വരുന്നതേയുള്ളൂ. ഡോർ തുറക്കാൻ നോക്കിയിട്ട് പറ്റുന്നുമില്ല. ഒടുവിൽ ഒരുവിധത്തിൽ ഡോർ തുറന്നു നോക്കിയപ്പോൾ കാണുന്നത്, ഒരു സൈക്കിൽ ഇടിച്ച് കാറിനകത്തേക്ക് കയറിയിരിക്കുന്ന കാഴ്‌ചയാണ്. റോഡിൽ ഒരാൾ കിടക്കുന്നുമുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. ഒരു പോസ്‌റ്റിന്റെയും മാവിന്റെയും ഇടയിലാണ് കാർ വന്നു നിന്നത്. അതിൽ ഏതിലെങ്കിലും ഇടിച്ചിരുന്നെങ്കിൽ കാറിലുണ്ടായിരുന്ന ഞങ്ങൾ അഞ്ചുപേരും അന്ന് തീർന്നേനെ'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |