ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ ഭാഗ്യത്തിന് ഒരു വലിയ പങ്കുണ്ട്. നല്ല ചിത്രങ്ങൾ പലതും അങ്ങനെയാണ് കിട്ടുന്നത്. ഭാഗ്യം അനുകൂലമല്ലെങ്കിൽ നല്ല സന്ദർഭങ്ങൾ കണ്മുന്നിൽ നഷ്ടപ്പെടുന്നത് നോക്കി നിൽക്കേണ്ടി വരും. ക്ലിക്കടിച്ചാൽപോലും മറ്റുപല കാരണങ്ങൾ കൊണ്ടും സംഗതി നഷ്ടപ്പെടാം ഉദ്ദേശിക്കുന്ന തരത്തിൽ പടം ഫോക്കസായില്ലെന്നും വരാം.ചിലപ്പോൾ വെളിച്ചം പോരാതെ വരാം. ഇല്ലെങ്കിൽ ലെൻസിന് മുന്നിൽ കുറുകെ എന്തെങ്കിലും മറയുക സബ്ജക്ടിൽ ഷെയ്ഡ് കയറിവരുക അതുമല്ലെങ്കിൽ ബാക്ഗ്രൗണ്ടിൽ അരോചകമായ വസ്തുക്കൾ കടന്നുകൂടുക. ഇങ്ങനെ നല്ല ഫ്രെയിമുകൾ ഭാഗ്യദോഷം കൊണ്ട് നഷ്പ്പെടാനുള്ള വഴികൾ പലതാണ്.
ഒരു സ്പോർട്സ് രംഗം ചിത്രീകരിക്കാൻ ഇവരെ പറഞ്ഞ് ഇരുത്തിയതല്ല. മോഡൽ ഫോട്ടോഗ്രാഫി അല്ലെങ്കിൽ അഡ്വർടൈസിംഗ് ഫോട്ടോഗ്രാഫിക്ക് വേണ്ടി ഇതു പോലെയുള്ള സീനുകൾ പലരും കൃത്രിമമായി ക്രിയേറ്റ് ചെയ്തു എടുക്കാറുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ അത് വളരെ എളുപ്പവുമാണ്. എന്നാൽ ഇത് അങ്ങനെയല്ല. ഇവിടെ റോഡുപണി നടക്കുകായായിരുന്നു. നാട്ടിലെപ്പോലെ കുഴിയടക്കലോ ഇരുട്ടു കൊണ്ട് ഓട്ടയടക്കലോ ഒന്നുമല്ല. നല്ലരീതിയിൽ ജോലികൾ നടക്കുകയായിരുന്നു. ടാറിംഗ് പണികൾ ഒരുവിധം പൂർത്തിയാക്കി അതിനുമുകളിൽ പാറപ്പൊടിയോ മറ്റോ ഇട്ട് ഏകദേശം ഫിനിഷാക്കി ജോലിക്കാർ മറ്റൊരു ഭാഗത്തേക്ക് പോയിരുന്നു.
അപ്പോൾ അതുവഴി വന്ന ഒരു പെട്ടി ആട്ടോയിൽ നിന്നും അരിയോ ഗോതമ്പോ പോലുള്ള ഏതോ ധാന്യങ്ങൾ ഒരു വശത്ത് വരിയായി ചോർന്നു വീണിരുന്നു. അടുത്തെവിടെയോ മരച്ചില്ലകളിൽ ഇരുന്നു ഇത് കണ്ടിട്ടാവണം രണ്ടുമൂന്നു കുരങ്ങുകൾ അവിടേക്ക് ഓടിയെത്തി വരിയായിത്തന്നെ ഇരുന്നു ഓരോന്നും നുള്ളിപ്പെറുക്കാനും ആഹരിക്കാനും തുടങ്ങി. കണ്ടാൽ ശരിക്കും സ്പോർട്സിന് ചോക്കുപൗഡറോ കുമ്മായമോ പോലത്തെ വെളുത്ത പൊടിയിട്ട് തറയിൽ അടയാളം ചെയ്തിരിക്കുന്ന നാടൻ കളിക്കളം പോലെ തോന്നും. ആ വരയുടെ തൊട്ടുപിന്നിലായി ഓടാൻ തയ്യാറായി വിസിലിന്റെ ശബ്ദത്തിനു കാതോർത്തിരുന്ന മത്സരാർഥികളെപ്പോലെ കുരങ്ങുകൾ ഓരോന്നും ഏതാണ്ട് നിശ്ചിത അകലത്തിൽ ഇരിക്കുന്നു. അടുത്ത ഒരു കെട്ടിടത്തിന്റെ റൂഫിൽ പക്ഷികളെയും പ്രതീക്ഷിച്ച് കാമറയുമായി ഇതെല്ലാം കണ്ടു നിന്നു ഞാൻ പെട്ടെന്നുതന്നെ ഈ രംഗം പകർത്തുകയായിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |