തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. സർക്കാർ കോടതിയെ സമീപിച്ചതിലുള്ള എതിർപ്പ് ഗവർണർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ അനുവാദം വാങ്ങിക്കാതെയാണ് സർക്കാർ നീക്കം നടത്തിയതെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. നാളത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമാകും സർക്കാർ വിഷയത്തിൽ മറുപടി നൽകുക.
എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും സർക്കാരിനോട് വിശദീകരണം ചോദിച്ചുള്ള കത്തില്‍ പറയുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം, കോഴിക്കോട്ടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങി. ഡി.സി ബുക്ക്സ് സംഘടിപ്പിക്കുന്ന ലിറ്റററി ഫെസ്റ്റിവലില്‍ നിന്നാണ് ഗവർണർ പിന്മാറിയത്. ഇന്ന് വൈകിട്ടായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന സെഷന്‍. തുറസായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. അതേസമയം, പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |