തിരുവനന്തപുരം: പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർഥികളിൽ നിന്ന് നിശ്ചിത ഫീസ് ഈടാക്കാൻ അനുമതി തേടി പി.എസ്. സർക്കാരിന് വീണ്ടും കത്ത് നൽകും.
ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുന്ന കാര്യം നേരത്തെ സർക്കാരുമായി ആലോചിച്ചതാണെങ്കിലും നയപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്ത് തള്ളിയിരുന്നു. പരീക്ഷ എഴുതുമെന്ന് ഉറപ്പ് (കൺഫർമേഷൻ)നൽകിയിട്ടും എഴുതാതിരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് കനത്ത സാമ്പത്തിക നഷ്ടം വരുത്തുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വീണ്ടും ആവശ്യപ്പെടാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചത്.
പരീക്ഷ എഴുതാൻ തയ്യാറുള്ള അപേക്ഷകരിൽ നിന്ന് ഉറപ്പ് വാങ്ങുന്ന 'കൺഫർമേഷൻ' സമ്പ്രദായം പി.എസ്.സി നടപ്പാക്കിയത്.സർക്കാർ നിർദേശപ്രകാരമായിരുന്നു . എന്നിട്ടും സാമ്പത്തികനഷ്ടം കുറയ്ക്കാൻ പി.എസ്.സിക്ക് കഴിഞ്ഞിട്ടില്ല. ഒടുവിൽ നടന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ) പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയ കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 1,92,409 പേരിൽ എഴുതിയത് 97,498 പേർ മാത്രം. തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒക്ടോബർ 12ന് നടത്തിയ പരീക്ഷയിൽ . 2,04,444 പേർ കൺഫർമേഷൻ നൽകിയെങ്കിലും പകുതിപ്പേരേ എത്തിയുള്ളൂ. വി.ഇ.ഒ പരീക്ഷയ്ക്ക് മാത്രം നാല് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഈ വർഷം എൽ.ഡി.ക്ലാർക്കും ലാസ്റ്റ് ഗ്രേഡ് സർവന്റ്സും കെ.എ.എസും അടക്കം ലക്ഷക്കണക്കിനു പേർ അപേക്ഷ നൽകുന്ന പ്രധാന പരീക്ഷകൾ നടക്കാനുണ്ട്. . ജൂൺ മാസത്തിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽ.ഡി ക്ലാർക്ക് പരീക്ഷയ്ക്ക് 14 ജില്ലകളിൽ നിന്നും 17,58,338 പേരാണ് അപേക്ഷകർ. ലക്ഷത്തോളം അപേക്ഷകരെ പ്രതീക്ഷിക്കുന്ന ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനവും ഈ വർഷത്തിലുണ്ടാകും. കെ.എ.എസിന് 5,76,243 പേരാണ് അപേക്ഷിച്ചത്.
ഓൺലൈനാവുമ്പോൾ
ചെലവ് കൂടും
യൂണിവേഴ്സിറ്റികളും യു.പി.എസ്.സിയും പരീക്ഷക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. . നിലവിൽ പി.എസ്.സിയുടെ വകുപ്പുതല പരീക്ഷകൾ ഓൺലൈനിലേക്ക് മാറിക്കഴിഞ്ഞു. ഭാവിയിൽ മറ്റ് പരീക്ഷകളും ഓൺലൈനിലേക്ക് മാറ്റുന്നതിന് കൂടുതൽ തുക കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തിൽ ഫീസായി ചെറിയൊരു തുക ഈടാക്കണമെന്ന ആവശ്യം ബഡ് ജറ്റ് നിർദ്ദേശത്തിലും പി.എസ്.സി ധനവകുപ്പ് മുമ്പാകെ വയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |