കണ്ണൂർ: സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിന് വയനാട്ടിൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ആഭ്യന്തര സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ,ഡി.ജി.പി തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ മാവോയിസ്റ്റുകൾക്ക് പുതിയ കീഴടങ്ങൽ പാക്കേജ് തയ്യാറാക്കും. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് തൊഴിൽ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടുവരുന്നത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിൽ കണ്ണൂർ ജില്ലയിലെ കോളയാട് കോളനിയിൽ രണ്ടു തവണ അഞ്ചംഗ മാവോയിസ്റ്റ് സംഘം സന്ദർശിച്ചിട്ടും കോളനിയിലുള്ളവർ പൊലീസിൽ പരാതി നൽകിയിരുന്നില്ല.
വനപ്രദേശങ്ങളിൽ ഒളിവിൽ കഴിഞ്ഞ് പ്രവർത്തനം നടത്തുന്നവർക്കു പുറമേ പീപ്പിൾസ് ഗറില്ല, ആർമി, പീപ്പിൾസ്, മിലിഷ്യ തുടങ്ങിയ പേരിലുള്ള സംഘങ്ങൾക്കും വേരുള്ളതായി പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
സംയുക്ത ഓപ്പറേഷൻ ശക്തിപ്പെടുത്തും
കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ആന്റി നക്‌സൽ സ്‌ക്വാഡിന്റെ സംയുക്ത ഓപ്പറേഷൻ ശക്തിപ്പെടുത്താൻ ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖലകളുടെയും ഇവിടങ്ങളിൽ മാവോയിസ്റ്റുകളുമായി സഹകരിക്കുന്നവരുടെയും വിശദാംശങ്ങൾ അയൽസംസ്ഥാനങ്ങൾക്ക് കൈമാറാൻ ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരുടെ ഫോട്ടോകൾ കർണാടക പൊലീസ് നേരത്തെ കേരള പൊലീസിന് കൈമാറിയിരുന്നു. കർണാടക അതിർത്തിഗ്രാമങ്ങളിൽ നിന്ന് മാവോയിസ്റ്രുകൾക്ക് നല്ല സഹായംകിട്ടുന്നുണ്ടെന്നാണ് ഇന്റലിജൻസ് നൽകുന്ന വിവരം.
ചില ആദിവാസി കോളനികളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ട്. കോളനികളിൽ പട്രോളിംഗും നിരീക്ഷണവും വർദ്ധിപ്പിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാനത്ത് ഇതുവരെയും മാവോയിസ്റ്റുകൾ കീഴടങ്ങാനെത്തിയിട്ടില്ല. അവരുടെ ആവശ്യം കേൾക്കാനും തയാറാണ്.
ലോക്‌നാഥ് ബഹ്റ
ഡി.ജി.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |