ഷേക്സ്പീയറിയൻ കഥയിലെ അതിക്രൂരനായ പലിശക്കാരനാണ് ഷൈലോക്ക്. ആ കഥയുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല അജയ് വാസുദേവിന്റെ മമ്മൂട്ടി ചിത്രത്തിന്. എന്നാൽ നായകൻ ഷൈലോക്കിനെ പോലെ അസുര സ്വഭാവമുള്ളയാളാണ്. മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ വേഷപകർച്ചയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തന്റെ മൂന്ന് ചിത്രവും മമ്മൂട്ടിയോടൊപ്പം ചെയ്ത അജയ് വാസുദേവ് ഇത്തവണയും ആരാധകർക്ക് വിരുന്നൊരുക്കിയിരിക്കുകയാണ്.
മലയാള സിനിമയിൽ നിർമ്മാതാക്കൾക്ക് പലിശയ്ക്ക് പണം നൽകുന്നയാളാണ് ബോസ്. വില്ലത്തരം നിറഞ്ഞ പ്രവൃത്തികൾ അയാളെ ഷൈലോക്ക് എന്ന വിളിപ്പേരിന് ഉടമയാക്കി. ചിത്രം നിർമ്മിക്കാൻ കാശ് നൽകി നാളേറയായിട്ടും കടം വീട്ടാൻ കൂട്ടാക്കാത്ത പ്രതാപൻ എന്ന നിർമ്മാതാവിന്റെ സിനിമയുടെ ലൊക്കേഷനിലേക്ക് ഇടിച്ചു കയറിയാണ് ഇദ്ദേഹത്തിന്റെ കടന്നുവരവ്. തനിക്ക് എതിരായി നിൽക്കുന്ന ഒരാളെയും കൂസാത്ത ഒരാളാണ് ബോസ് എന്ന് ആദ്യ രംഗങ്ങളിൽ നിന്ന് തന്നെ വ്യക്തമാകും. പ്രതാപനും ബോസുമായുള്ള പ്രശ്നത്തിലേക്ക് സ്ഥലത്തെ പൊലീസ് കമ്മീഷണറും ഇടപെടുന്നു. എതിരാളികൾ തനിക്കെതിരെ പടച്ചുവിടുന്ന ഓരോന്നിനും ഒരു വില്ലന്റെ രീതിയിൽ തിരിച്ചടി നൽകുന്ന ബോസിനെയാണ് ആദ്യ പകുതിയിൽ കാണാനാകുക. തനിക്ക് നേരെ പ്രതാപനും കമ്മീഷണറും ഒരുക്കിയ കെണിക്ക് ബോസ് നൽകിയ തിരിച്ചടി അൽപം കടുത്ത് പോയോ എന്ന് പ്രേക്ഷകന് പോലും തോന്നുന്നിടത്ത് ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നു.
ബോസ് ഹൃദയമില്ലാത്ത വെറും പലിശക്കാരൻ മാത്രമാണോ എന്ന ചോദ്യങ്ങൾക്ക് ഉത്തരമാണ് രണ്ടാം പകുതി. അയാളുടെ പിന്നാമ്പുറ കഥയും ഈ അസുരതാണ്ഡവത്തിന്റെ ശരിക്കുള്ള കാരണവും പ്രേക്ഷകന് മുന്നിലേക്കെത്തും.
ഷൈലോക്കിന്റെ അടിസ്ഥാന കഥ സിനിമയിൽ ഒരുപാട് തവണ വന്നുപോയതാണ്. എന്നാൽ ബോസ് എന്ന മമ്മൂട്ടി കഥാപാത്രം തികച്ചും വ്യത്യസ്തമാണ്. ആ കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണും സെല്ലിംഗ് പോയിന്റും. സംഘട്ടനത്തിനമായാലും സംഭാഷണമായാലും മാനറിസമായാലും ഒരു വില്ലന്റെ ശരീരഭാഷയാണ് ബോസിന്. മമ്മൂട്ടി എന്ന നടൻ എല്ലാ മേഖലയിലും വളരെ എനർജിയോടെ നിറഞ്ഞുനിന്ന ഒരു മാസ് ചിത്രമാണിത്. ചിത്രത്തിൽ വരുന്ന ക്ളീഷേകൾക്കിടയിലും അതെല്ലാം മറികടക്കുന്ന പ്രകടനമാണ് മമ്മൂട്ടിയുടേത്.
ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള വേഷമാണ് രാജ്‌കിരണിന്റേത്. കൂടുതലും തമിഴ് സംഭാഷണങ്ങളുള്ള കഥാപാത്രം മികച്ചതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മീനയും ചിത്രത്തിൽ ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ട്. ബോസിന്റെ പ്രധാന എതിരാളികളായി കലാഭവൻ ഷാജോണും സിദ്ദിഖും എത്തുമ്പോൾ മറ്റു വേഷങ്ങളിൽ ബൈജു, ഹരീഷ് കണാരൻ, ജോൺ വിജയ്, ബിബിൻ ജോർജ്, അർജുൺ നന്ദകുമാർ, അർത്തന ബിനു തുടങ്ങിയവരുമുണ്ട്. ചിത്രത്തിന്റെ സംവിധായകൻ കൂടിയായ അജയ് വാസുദേവ് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഷൈലോക്കിന്റെ മറ്റൊരു പ്രധാന ഘടകം ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്. ഒരു ആഘോഷചിത്രത്തിന് വേണ്ട എല്ലാ ചേരവുകളും സംഗീതത്തിലൂടെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അനീഷ് ഹമീദിന്റെയും ബിബിൻ മോഹന്റെയും തിരക്കഥയ്ക്ക് പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള ഒഴുക്കുണ്ട്. പഞ്ച് ഡയലോഗുകൾ ആരാധകരെ ഹരം കൊള്ളിക്കുന്നവയാണ്. രണദിവെയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ മൂഡിന് ചേർന്നതാണ്.
ഒരു ആഘോഷചിത്രം കാണാൻ തിയേറ്ററിൽ പോകുന്ന പ്രേക്ഷകരെ സംതൃപ്തരാക്കാനുള്ളതെല്ലാം ഒരുമിച്ച് കൊണ്ട് വരുന്നതിൽ സംവിധായകൻ അജയ് വാസുദേവ് വിജയിച്ചിട്ടുണ്ട്. എന്നിരുന്നാലും പാളിച്ചകൾ തീരെയില്ല എന്ന്പറയാനും കഴിയില്ല. ഫാൻസുകാരെ ഹരം കൊള്ളിക്കുന്ന രംഗങ്ങൾ ആവോളമുള്ള ചിത്രത്തിന്റെ അടിസ്ഥാന കഥ ഒരു പ്രതികാരത്തിന്റെതാണ്. ഇത് മുൻപ് പല തവണ വെള്ളിത്തിരയിൽ വന്നിട്ടുള്ളതുമാണ്. അതിനാൽ തന്നെ കാണികൾ പ്രതീക്ഷിക്കാത്ത ഒന്നു തന്നെ ചിത്രം കരുതി വച്ചിട്ടില്ല. എന്നാൽ ട്രെയിലറിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിച്ചോ അതെല്ലാം ചിത്രത്തിലുണ്ട്. മമ്മൂട്ടി ആരാധകർക്ക് ആർമാദിക്കാനും മാസ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെ സംതൃപ്തരുമാക്കാനുള്ളതെല്ലാം ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
മമ്മൂട്ടി എന്ന താരത്തെ ആദ്യാവസാനം ഉപയോഗിക്കുന്ന ചിത്രമാണിത്. ഒരു പക്ഷെ ഏറെ നാളുകൾക്ക് ശേഷമാകും അദ്ദേഹം ഇത്തരമൊരു സിനിമ ചെയ്തിട്ടുണ്ടാകുക. അദ്ദേഹത്തിന്റെ വില്ലനിസം നിറഞ്ഞ കഥാപാത്രം പ്രേക്ഷകന് ആസ്വാദ്യകരമായ അനുഭവമാണ് നൽകുക.
വാൽക്കഷണം: മാസ് കാ ബാപ്പ്
റേറ്റിംഗ്: 4/5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |