തിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയിൽ അധികാര കേന്ദ്രം മുഖ്യമന്ത്രി തന്നെയാണെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. കൗമുദി ടിവിയിൽ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷിന് അനുവദിച്ച അഭിമുഖത്തിലാണ് സ്പീക്കർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:
സംസ്ഥാന ഭരണത്തലവൻ താനാണെന്ന് ഗവർണർ ആവർത്തിച്ചു പറയുന്നുണ്ട്?
അതൊക്ക ആന്തരികമായ ഒരു അവബോധമാണ്. അച്ഛനെ ബഹുമാനിക്കുന്നു. അച്ഛനെക്കാളും ശക്തൻ താനാണെന്ന് മകൻ പറയുന്നു. മകൻ ശക്തനായിരിക്കും. പക്ഷേ, അച്ഛൻ അച്ഛനാണ്. നമ്മുടെ ജനാധിപത്യത്തിൽ പൊളിറ്റിക്കൽ ലീഡർഷിപ്പിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ പ്രസിഡന്റ് സർവ്വ സൈന്യാധിപനാണ്. എന്നു പറഞ്ഞ് പ്രസിഡന്റ് സൈന്യത്തെ നിയന്ത്രിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ ശരിയാകുമോ? പൊളിറ്റിക്കൽ ലീഡർഷിപ്പിന്റെ ഇംഗിതത്തിന്റെയും അവരുടെ രീതിയെയും അഭിപ്രായത്തേയും പരിഗണിച്ചുകൊണ്ടാണ് പ്രസിഡന്റ് നിലപാട് സ്വീകരിക്കുക. പ്രസിഡന്റിന്റെ പ്രതിനിധിയാണ് ഗവർണർ. അദ്ദേഹത്തെ വിവരങ്ങൾ അറിയിക്കുന്നു, അദ്ദേഹത്തെ ആദരിക്കുന്നു. അത് പ്രസിഡന്റിനോടുളള ആദരവായി സംസ്ഥാന സർക്കാർ ചെയ്യുന്നു. ചെയ്തിരിക്കണം. എല്ലാവരും ചെയ്തിരിക്കണം. അതിന്റെയർത്ഥം, ജനങ്ങൾ തിരഞ്ഞെടുത്ത, ജനഭിലാഷത്തെ പ്രതിനിധാനം ചെയ്യുന്ന, ജനാധിപത്യസഭയുടെ ഭൂരിപക്ഷത്തിലൂടെ രൂപീകരിക്കപ്പെട്ട ഗവൺമെന്റിന്റേയും മുകളിലാണെന്നല്ല. അധികാരകേന്ദ്രം മുഖ്യമന്ത്രി
തന്നെയാണ്.
അപ്പോൾ അച്ഛൻ മുഖ്യമന്ത്രിയാണ് ?
ആണല്ലോ.
കേന്ദ്രത്തിൽ പ്രധാനമന്ത്രി?
അതാണല്ലോ സത്യം. ജനാധിപത്യത്തിൽ അധികാരത്തിന്റെ അച്ഛൻ താനാണെന്ന് വിളിച്ചുപറയേണ്ടതില്ല.അത് മകൻ മനസിലാക്കുകയാണ് വേണ്ടത്. ആ അവബോധം ഉണ്ടാകുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ സഭ ചേർന്ന് പണം ധൂർത്തടിച്ചുവെന്ന് ഗവർണർ പറയുന്നു?
നിർഭാഗ്യകരമാണത്. കേരളീയർ ഇന്ത്യയിലെ പൗരൻമാരല്ലേ. പൗരത്വ നിയമത്തെക്കുറിച്ച് സഭചേർന്ന് അഭിപ്രായം പറയാനുളള സ്വാതന്ത്ര്യമുണ്ട്. സർഫാസി ആക്ടിലും ട്രാൻസ്ജെൻഡേഴ്സിന്റെ കാര്യത്തിലും അത് ചെയ്തിട്ടുണ്ട്.
സുപ്രീം കോടതിയിൽ ഹർജി നൽകിയ കാര്യം അറിയിക്കേണ്ടിയിരുന്നുവെന്നും ഗവർണർ പറയുന്നു?
അത് ഗവൺമെന്റും ഗവർണറും തമ്മിലുളള പ്രശ്നമാണ്. അതിൽ ഞാൻ കക്ഷി ചേരേണ്ടതില്ല. നിയമസഭയുടെ പ്രമേയവുമായി ബന്ധപ്പെട്ടാണ് ഞാൻ പറയുന്നത്. നിയമസഭ തെറ്റായ കാര്യംചെയ്തുവെന്ന് പരോക്ഷമായി പറയുമ്പോൾ അതിന് മറുപടി പറയേണ്ട ബാദ്ധ്യത സ്പീക്കർക്കുണ്ട്.
നയപ്രഖ്യാപനത്തോട് ഗവർണർ പൂർണമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
ആ ചോദ്യംതന്നെ പ്രസക്തമല്ലെന്നാണ് എന്റെ അഭിപ്രായം. ഒരു ഗവൺമെന്റിന്റെ നയം രൂപീകരിക്കുന്നത് ആ ഗവൺമെന്റിന്റെ പൊളിറ്റിക്കൽ ലീഡർഷിപ്പിന്റ തീരുമാനത്തിന്റ അടിസ്ഥാനത്തിലാണ്. കേരളത്തിലെ കാബിനറ്റും അതിന്റെ രാഷ്ട്രീയ നേതൃത്വവും എടുക്കുന്ന തീരുമാനം തന്നെയാണ് ഗവൺമെന്റിന്റെ നയം. ആ നയം എടുക്കാനാണല്ലോ ജനങ്ങൾ അവരെ തിരഞ്ഞെടുത്തത്. ആ തീരുമാനിക്കപ്പെട്ട നയം ജനങ്ങളെ അറിയിക്കാനുളള ചുമതലയാണ് ഗവർണർക്കുളളത്. രൂപീകരിക്കപ്പെട്ട നയം സ്വീകരിക്കുന്നോ ഇല്ലയോ എന്നല്ല അത് സ്വീകരിക്കാൻ ഭരണഘടനാപരമായി ബാദ്ധ്യസ്ഥനാണ് ഗവർണർ. അപ്പോൾ അത്തരം ഒരു സംശയത്തിന് പ്രസക്തിയില്ലെന്നാണ് എനിക്കു തോന്നുന്നത്.
ഇഷ്ടമില്ലാത്ത കാര്യങ്ങൾ വായിക്കാതിരിക്കുമോ?
വായിക്കുകയോ വായിക്കാതിരിക്കുകയോ എന്നല്ല. ഇഷ്ടാനിഷ്ടങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല.
നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്തൽ ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമുണ്ടോ?
നയം എഴുതിക്കൊടുത്താൽ അത് വായിച്ച് ജനങ്ങളെ അറിയിക്കാനുളള അധികാരമാണ് ഗവർണർക്കുളളത്.അതിനപ്പുറം അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചചെയ്യാൻ പറ്റുമോയെന്നൊക്കെയുളളത് പുതിയ കാര്യങ്ങളാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന് ഇന്ത്യൻ ജനാധിപത്യത്തിലുളള പരിപൂർണമായ അധികാരത്തിലാണ് നയം രൂപീകരിക്കുന്നത്. ആ നയം നിങ്ങൾ ഇങ്ങനെ ആക്കണമെന്ന് പറയാൻ എത്രത്തോളം കഴിയുമെന്നത് ഡിബേറ്റിംഗ് പോയിന്റാണ്. ഭരണഘടനയിൽ എനിക്കു വിശ്വാസമുള്ളതുകൊണ്ട് ഞാൻ മറിച്ചു ചിന്തിക്കുന്നില്ല.
പൗരത്വ നിയമഭേദഗതിയെക്കുറിച്ച് സഭ പാസാക്കിയ പ്രമേയത്തിൽ ഗവർണർക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിൽ അത് ഏത് രീതിയിൽ പ്രകടിപ്പിക്കണമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്.ഭരണഘടനയുടെ അനുച്ഛേദം 175 രണ്ടിൽ പറയുന്നത് ഒരു നിയമസഭയുടെ പരിഗണനയിലുളള ബില്ലോ മറ്റേതെങ്കിലും വസ്തുതകളെക്കുറിച്ചോ ഗവർണർക്ക് അഭിപ്രായമുണ്ടെങ്കിൽ ആ അഭിപ്രായം സ്പീക്കറെ എഴുതി അറിയിക്കണമെന്നാണ്.അത് ചെയ്യാതെ ചട്ടം ലംഘിച്ചത് ഗവർണറാണെന്നും സ്പീക്കർ പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് കൗമുദി ടിവി സംപ്രേക്ഷണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |