വ്യക്തമായ ദിശാബോധത്തോടുകൂടി സാമൂഹ്യ പുരോഗതിക്കായി പ്രവർത്തിച്ച കർമ്മധീരനായിരുന്നു ഡോ. പി. പല്പു. വിവിധ സമുദായ നേതാക്കൾ സംയുക്തമായി രൂപംകൊടുത്ത 1891ലെ മലയാളി മെമ്മോറിയൽ എന്ന നിവേദനം തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. പതിനായിരത്തി മുപ്പത്തിയെട്ട് പേർ ഒപ്പിട്ട ഒരു ഭീമഹർജിയിൽ മൂന്നാമതായി ഒപ്പിട്ടത് ഡോ. പി. പല്പുവായിരുന്നു. എന്നാൽ മലയാളി മെമ്മോറിയലിനോടുള്ള ബ്രാഹ്മണമേധാവിത്വത്തിന്റെ പിടിയിൽ അമർന്നിരുന്ന ഭരണകൂടത്തിന്റെ പ്രതികരണം ഒട്ടുംതന്നെ ആശാവഹമായിരുന്നില്ല.
തിരുവിതാംകൂർ സിവിൽ സർവീസിൽ തങ്ങൾക്കും ജോലി കിട്ടണം എന്ന ആവശ്യവുമായി 1896ൽ ഡോ. പി. പല്പുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ആശയമാണ് ''ഈഴവ മെമ്മോറിയൽ''. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവ സമുദായ നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേർന്ന് 'ഈഴവ മഹാസഭ"യ്ക്ക് രൂപം നൽകി. ജനസംഖ്യയ്ക്ക് ആനുപാതികമായി ഈഴവ സമുദായാംഗങ്ങൾക്ക് സർക്കാർ സർവീസിൽ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഒരു ഭീമഹർജി മഹാരാജാവിന് സമർപ്പിക്കാൻ ഈഴവ മഹാസഭ തീരുമാനിച്ചു. ഭരണകൂടം ഈഴവ സമുദായത്തോട് കാണിച്ചുകൊണ്ടിരുന്ന കടുത്ത അനീതിയുടെ ഏറ്റവും വലിയ ഇരയായിരുന്നു ഡോ. പി. പല്പു. വിദേശങ്ങളിൽ നിന്നും ഉന്നത ബിരുദങ്ങൾ ഒന്നിലധികം നേടിയിട്ടും അവർണനായതുകൊണ്ട് മാത്രം ഡോ. പി. പല്പുവിന് തിരുവിതാംകൂർ ഭരണകൂടം ഉദ്യോഗം നിരസിച്ചിരുന്നു. അതിനാൽ അദ്ദേഹത്തിന് സ്വന്തം നാടുവിട്ട് മൈസൂർ സംസ്ഥാനത്തുപോയി ജോലി ചെയ്യേണ്ടിവന്നു. ജാതിയുടെ പേരിലുള്ള ഇത്തരം അനീതിക്കും അസമത്വത്തിനും എതിരായിരുന്നു ഡോ. പി. പല്പുവിന്റെ പോരാട്ടം.
രാജഭരണത്തിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ അക്കാലത്ത് പൊതുവേ വിമുഖരായിരുന്നു. ഭരണാധികാരികൾക്കാകട്ടെ അവർണരോട് പുച്ഛമായിരുന്നു. ഇത്തരം പ്രതികൂല ശക്തികളെ പാടെ അവഗണിച്ചുകൊണ്ടായിരുന്നു ഡോ. പി. പല്പു നാടാകെ സഞ്ചരിച്ച് ഈഴവ മെമ്മോറിയലിന് ഒപ്പ് ശേഖരിച്ചത്. അങ്ങനെ 13,176 പേർ ഒപ്പിട്ട ഭീമഹർജി 1896 സെപ്തംബർ 3ന് മഹാരാജാവിന് സമർപ്പിച്ചു. ഡോ. പല്പുവിനൊപ്പം ഈ സംരംഭത്തിന് നേതൃത്വം നൽകാൻ മഹാകവി കുമാരനാശാൻ, ടി.കെ. മാധവൻ, സി.വി. കുഞ്ഞിരാമൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയ പ്രഗത്ഭമതികളും ഉണ്ടായിരുന്നു. ഈ ഈഴവ മെമ്മോറിയൽ നൽകുന്നതിനു 15 മാസങ്ങൾക്ക് മുമ്പ് ഡോ. പി. പല്പു സാമാന്യം സുദീർഘമായ മറ്റൊരു നിവേദനം തിരുവിതാംകൂർ ദിവാന് നൽകിയിരുന്നു. ഭരണകൂടത്തിന്റെ പ്രധാന വരുമാനങ്ങളിൽ ഒന്നായ അബ്കാരി റവന്യൂ മുഴുവനും തന്നെ നൽകുന്നത് ഈഴവ സമുദായമാണ്. മറ്റ് നികുതികൾക്ക് പുറമേ അബ്കാരി റവന്യൂ കൂടി നൽകുന്ന ഈഴവരാണ് മറ്റ് ജാതിക്കാരെക്കാൾ കൂടുതലായി ഖജനാവിന് മുതൽ കൂട്ടുന്നത്. എന്നാൽ, അവർക്ക് സർക്കാരിലെ ഏറ്റവും താഴ്ന്ന ജോലികൾ പോലും ലഭിക്കുന്നില്ല. പ്യൂൺ, പൊലീസ് കോൺസ്റ്റബിൾ, ആശുപത്രികളിലെയും ജെയിലുകളിലെയും വാർഡന്മാർ തുടങ്ങിയ ജോലികളൊന്നും അവർക്ക് നൽകുന്നില്ല. സർക്കാർ ജോലി കിട്ടണമെങ്കിൽ അവർ ക്രിസ്തുമതമോ ഇസ്ളാം മതമോ സ്വീകരിക്കണം എന്ന സ്ഥിതിയാണ് നിലനില്ക്കുന്നത്. ഈഴവ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. ഈ ദുരവസ്ഥ ദുരീകരിക്കാൻ കാര്യക്ഷമമായ നടപടികൾ എടുക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്.
പിന്നാക്ക സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണം ഏർപ്പെടുത്താൻ നടന്ന പ്രവർത്തനങ്ങൾക്ക് കരുത്തും ഉത്തേജനവും പകർന്നുകൊടുത്തത് പ്രധാനമായും ഡോ. പി. പല്പുവിന്റെ നേതൃത്വം ആയിരുന്നുവെന്ന് ഇതെല്ലാം പരിശോധിച്ചാൽ കാണാൻ കഴിയും. അവിടെയാണ് പല്പുവിന്റെ പ്രവർത്തനങ്ങളുടെ മഹത്വം കൂടുതൽ വ്യക്തമാക്കുന്നത്.
( ലേഖകൻ , ഡോ. പി. പല്പു ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റാണ് ഫോൺ : 9744466666)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |