തിരുവനന്തപുരം/ ന്യൂഡൽഹി: ഡൽഹിയിൽ രണ്ടാഴ്ചയോളം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കെ.പി.സി.സിയുടെ പുതിയ ഭാരവാഹി പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പുതിയ വർക്കിംഗ് പ്രസിഡന്റുമാരെ വേണ്ടെന്നുവച്ചും ജനപ്രതിനിധികളെ ഒഴിവാക്കിയുമുള്ള പട്ടികയിൽ 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽസെക്രട്ടറിമാരുമുണ്ട്. കെ.കെ. കുഞ്ഞുമുഹമ്മദാണ് ട്രഷറർ.
നിലവിലെ വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് ,കെ.സുധാകരൻ എന്നീ എം.പിമാർ തൽക്കാലം തുടരാനാണ് സാദ്ധ്യത. ഇവർ തുടരുമോ, വർക്കിംഗ് പ്രസിഡന്റ് പദവി ഒഴിവാക്കുമോ എന്നതിനെപ്പറ്റി ഹൈക്കമാൻഡ് ഒന്നും മിണ്ടിയിട്ടില്ല. ഇവരും കെ.പി.സി.സി അദ്ധ്യക്ഷനും ചേരുമ്പോൾ ഭാരവാഹികളുടെ എണ്ണം 50 ആയി. ജംബോ പട്ടികയെന്ന പേരുദോഷം ഇല്ലാതാക്കാൻ സെക്രട്ടറിമാരുടെ പട്ടിക ഒഴിവാക്കിയാണിപ്പോൾ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടറിമാരെയും കെ.പി.സി.സി എക്സിക്യൂട്ടീവിനെയും ഫെബ്രുവരി 10ന് മുമ്പ് പ്രഖ്യാപിക്കും.
ജംബോ പട്ടിക പറ്റില്ലെന്നും ഒരാൾക്ക് ഒരു പദവി നിർബന്ധമാക്കണമെന്നും സ്ഥിരം മുഖങ്ങൾക്ക് പകരം പുതിയ മുഖങ്ങൾ വരണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഏറെക്കുറെ ആശ്വസിക്കാൻ വക നൽകുന്ന പട്ടികയാണിത്. പുതിയ ഭാരവാഹിപ്പട്ടികയിൽ നിന്ന് ജനപ്രതിനിധികൾ ഒഴിവാക്കപ്പെട്ടപ്പോൾ, നിലവിലെ വർക്കിംഗ് പ്രസിഡന്റുമാർക്കും അത് ബാധകമാകുമോയെന്ന ചോദ്യമുയരുന്നു. ജനറൽ സെക്രട്ടറിമാർക്ക് സംഘടനാ ചുമതല കൈമാറുന്നതോടെ വർക്കിംഗ് പ്രസിഡന്റുമാരുടേത് ആലങ്കാരിക പദവി മാത്രമാകും. വൈസ് പ്രസിഡന്റുമാർക്ക് കെ.പി.സി.സിയുടെ വിവിധ സമിതികളുടെ ചുമതലകൾ നൽകിയേക്കും. ഒറ്റ നോട്ടത്തിൽ ജംബോയല്ലെന്ന് തോന്നിപ്പിക്കുന്നതാണ് പട്ടിക. എന്നാൽ സെക്രട്ടറിമാർ കൂടിയെത്തുമ്പോൾ ജംബോ തന്നെയാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
ആറ് വൈസ് പ്രസിഡന്റുമാർ നേരത്തേ ഉണ്ടായിരുന്നത് ഇപ്പോൾ ഇരട്ടിയായി ഉയർന്നു. ജനറൽസെക്രട്ടറിമാരുടെ എണ്ണത്തിൽ വലിയ മാറ്റമില്ല. നേരത്തേ 33 പേരായിരുന്നത് ഇപ്പോൾ 34 പേരായി. 43 സെക്രട്ടറിമാരായിരുന്നു കഴിഞ്ഞ തവണ. ഇപ്പോൾ സംസ്ഥാനനേതൃത്വം സമർപ്പിച്ച പട്ടികയനുസരിച്ച് എഴുപതോളം പേരുണ്ടെന്നാണ് വിവരം. ഈ പട്ടികയും ഹൈക്കമാൻഡ് വെട്ടിയാൽ മൊത്തം ഭാരവാഹികളുടെ എണ്ണം നൂറിലെത്തിക്കാതെ നിറുത്താനാകും.
വനിതാപ്രാതിനിദ്ധ്യം
മൂന്നിലൊതുങ്ങി
പുതിയ ഭാരവാഹിപ്പട്ടികയിൽ എ, ഐ ഗ്രൂപ്പുകൾ തുല്യപ്രാതിനിദ്ധ്യം അവകാശപ്പെടുന്നുണ്ട്. മുസ്ലീം, ക്രൈസ്തവ പ്രാതിനിദ്ധ്യവും ഉറപ്പാക്കിയ പട്ടികയിൽ വനിതാപ്രാതിനിദ്ധ്യം മൂന്നിലൊതുങ്ങി. രണ്ട് വൈസ് പ്രസിഡന്റുമാരും ഒരു ജനറൽസെക്രട്ടറിയും മാത്രമാണ് വനിതകൾ. പട്ടികജാതി പ്രാതിനിദ്ധ്യവും കുറവാണ്. അമ്പത് വയസ്സിൽ താഴെയുള്ളവരും പത്തിൽ താഴെ മാത്രം.
മുൻസമിതിയിൽ സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറിയായിരുന്ന തമ്പാനൂർ രവിയെ വൈസ് പ്രസിഡന്റായി ഉയർത്തുമെന്ന് കേട്ടിരുന്നെങ്കിലും അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കാത്തത് തിരിച്ചടിയായി. വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം ആറായി ഉയർത്തി മുതിർന്ന നേതാവ് കെ.വി. തോമസിനെ ഉൾപ്പെടുത്തുമെന്ന സൂചന ശക്തമായിരുന്നു. വർക്കിംഗ് പ്രസിഡന്റുമാർ ഒഴിവായതോടെ തോമസ് വീണ്ടും തഴയപ്പെട്ടു. വർക്കിംഗ് പ്രസിഡന്റ് പട്ടികയിലേക്ക് പ്രചരിച്ച പി.സി. വിഷ്ണുനാഥും ടി.സിദ്ദിഖും വൈസ് പ്രസിഡന്റുമാരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |