ഒരു ടെലിഫോൺ കാൾ. പരിചയമുള്ള ആളാണ്. ഒരു സാങ്കേതികവിദ്യയിലെ അതികായൻ. തത്ത്വദീക്ഷയുള്ളയാൾ. റിട്ടയർ ചെയ്ത യൂണിവേഴ്സിറ്റി പ്രൊഫസർ. അദ്ദേഹം പറയുന്നു:
''ഞാനൊരു ധർമ്മസങ്കടത്തിൽപ്പെട്ടിരിക്കുന്നു. ഇനി ആദ്ധ്യാത്മികകാര്യങ്ങൾ പഠിച്ചു ശാന്തമായി കഴിയണമെന്ന തീരുമാനത്തിലായിരുന്നു. അപ്പോഴാണ് എനിക്കറിയാവുന്ന സാങ്കേതികവിദ്യ പ്രയോഗിക്കാനുള്ള രംഗത്തെ സംസ്ഥാനതലവനായി എന്നെ സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നതായി അറിഞ്ഞത്. നാളെ നടക്കുന്ന യോഗത്തിൽ ഞാൻ എന്റെ തീരുമാനമറിയിക്കണം. എന്തു തീരുമാനമെടുക്കണമെന്ന് നിശ്ചയിക്കാനാവുന്നില്ല. രണ്ടു വർഷത്തേക്കാണ് നിയോഗം."
''ഞാൻ എന്തു ചെയ്യണം? പൊതുജനങ്ങളുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കണമോ, സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കണമോ?"
''പൊതുജനസേവനം സന്തോഷപ്രദമല്ലേ?"
''ഈ പ്രവർത്തനം അങ്ങനെയല്ല. ഈ ഉത്തരവാദിത്വം ഏറ്റെടുത്താൽ ഞാൻ എത്തിപ്പെടുന്നത് വെറും കാപട്യക്കാരുടെ നടുവിലാണ്. അവരെ സഹായിക്കാനായി എപ്പോഴും രാഷ്ട്രീയക്കാരുണ്ടാവും. അവരുടെ വലിയ സമ്മർദ്ദം വരും. അപ്പോൾ എന്റെ ജോലി സത്യസന്ധമായി ചെയ്യാൻ ഒട്ടും അവസരമില്ലാതെയാകും. അതെന്നെ മാനസികമായി പീഡിപ്പിക്കും. ഞാൻ പ്രതിസന്ധിയിലാകും. ഞാൻ എന്തുചെയ്യണമെന്നു പറഞ്ഞുതരണം."
''ഇങ്ങനെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അവരവരാണ്. വിശേഷിച്ചും പരിണതപ്രജ്ഞനും അനുഭവസമ്പന്നനുമായ താങ്കളെപ്പോലെയുള്ളവരുടെ കാര്യത്തിൽ."
''എനിക്കു തീരുമാനിക്കാനാവുന്നില്ല."
''ഞാനായി തീരുമാനമെടുക്കുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ ഞാനാണ് ചെന്നുപെട്ടിരിക്കുന്നതെങ്കിൽ ഇത്തരമൊരു നിയോഗം ഏറ്റെടുക്കില്ല എന്നു മാത്രം പറയാം."
ഇതുകേട്ട് അദ്ദേഹം നന്നായൊന്നു ചിരിച്ചു.
''നാളത്തെ മീറ്റിംഗിൽ ഈ നിയോഗം ഏറ്റെടുക്കുന്നില്ല എന്നുതന്നെ ഞാൻ അറിയിക്കും."
''ഇപ്പോൾ മാന്യമായി ജീവിക്കാനുള്ള പെൻഷൻ കിട്ടുന്നില്ലേ?"
''ഉണ്ട്."
''യോഗത്തിൽ പറയുക: ഇത്രയും നാൾ ഞാൻ പൊതുജനങ്ങൾക്കുവേണ്ടി ജീവിച്ചു. ഇപ്പോൾ പ്രായമായി. ഇനിയെങ്കിലും എനിക്കുവേണ്ടി ജീവിക്കട്ടെ.
''അപരന്റെ സുഖത്തിനുവേണ്ടിയുള്ള പ്രയത്നം ആത്മസുഖം നല്കുന്നതു കൂടിയായിരിക്കണം. ആത്മസുഖവും അപരന്റെ സുഖവും ഒരേസമയം ഉറപ്പുവരുത്തുന്ന പ്രയത്നമേ ജീവിതത്തിൽ അർത്ഥവത്താകൂ; ജീവിതത്തിന് അർത്ഥം നൽകുന്നതാവൂ."
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |