
കേരളത്തിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സ്ഥിതി ചെയ്യുന്ന കാർത്യായനി ദേവീ ക്ഷേത്രം. ദുർഗാ ദേവിയുടെ സൗമ്യഭാവയായ കാർത്യായനി ദേവിയുടെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ശിവൻ, വിഷ്ണു, ഗണപതി, കാവുടയോൻ എന്ന പേരിലറിയപ്പെടുന്ന ശാസ്താവ്, നാഗ ദെെവങ്ങൾ എന്നീ പ്രതീഷ്ഠകളും ക്ഷേത്രത്തിലുണ്ട്.
മൂന്ന് ശ്രീകോവിലുകളാണ് ഈ ക്ഷേത്രത്തിലുള്ളത്. ശിവനേയും വിഷ്ണുവിനേയും ഒരുമിച്ച് പ്രതിഷ്ഠിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി ദിവസങ്ങൾക്കുശേഷം മാത്രം കൊടിയേറ്റം നടക്കുന്നുവെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. തറനിരപ്പിൽ നിന്നും നാലടിയോളം താഴെയാണ് കാർത്യായനി ദേവിയുടെ പ്രതിഷ്ഠ.
കോഴികളെ പറപ്പിക്കലാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഭക്തർ പറപ്പിച്ച നൂറുകണക്കിന് കോഴികളെ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ കാണാൻ സാധിക്കും. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തടി വഴിപാട്. അരിപ്പൊടി, തേൻ, പഴം, മുന്തിരി, കൽക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. തുടർന്ന് കുഴൽരൂപത്തിൽ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറയ്ക്കുന്നു. പിന്നെ മണ്ണിൽ കുഴിച്ചിട്ട് മീതെ തീയിട്ട് ചുട്ടെടുക്കുകയാണ്. രോഗം മാറാൻ നിരവധിപ്പേരാണ് ഈ വഴിപാട് നേരുന്നത്. മീനമാസത്തിലെ മകയിരം നാളിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഏഴ് ദിവസം ആറാട്ട് നടക്കും. പൂരം നാളിലാണ് പ്രധാന ഉത്സവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |