ഇടുക്കി: മൂന്നാർ പള്ളിവാസലിൽ ഭൂമിപതിവ് ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച മൂന്ന് റിസോർട്ടുകളുടെ പട്ടയം ഇടുക്കി ജില്ലാ കളക്ടർ റദ്ദാക്കി. 'പ്ലം ജൂഡി' എന്ന പേരുണ്ടായിരുന്ന 'ആംബർ ഡേയ്ൽ', സ്റ്റോപ്പ് മെമ്മോ നൽകിയതിനെത്തുടർന്ന് നിർമ്മാണം നിലച്ച മറ്റ് രണ്ട് റിസോർട്ടുകൾ എന്നിവയ്ക്കെതിരെയാണ് നടപടി. തണ്ടപ്പേർ റദ്ദുചെയ്ത് ഭൂമി ഏറ്റെടുത്ത് റിപ്പോർട്ട് നൽകാനാണ് ദേവികുളം തഹസീൽദാർക്ക് കളക്ടർ ഉത്തരവ് നൽകിയിരിക്കുന്നത്. പള്ളിവാസൽ വില്ലേജിൽ പെരുമ്പാവൂർ സ്വദേശി ടി. എൻ. അശോക് കുമാറിന്റെ പേരിൽ പട്ടയം ലഭിച്ചിരിക്കുന്ന 0.347 ഹെക്ടർ സ്ഥലത്ത് പണിത ആംബർ ഡേയ്ൽ ഏഴ് നിലകളും 4703 ചതുരശ്ര മീറ്റർ വിസ്തൃതിയുമുള്ള കൂറ്റൻ റിസോർട്ടാണ്. പ്ലംജൂഡി ആയിരിക്കുമ്പോൾ കെ.എസ്.ഇ.ബിയുടെ സ്വകാര്യ വഴി ഉപയോഗപ്പെടുത്തി നിർമ്മിച്ചെന്ന ആരോപണം ഈ റിസോർട്ടിനെതിരെ ഉയർന്നിട്ടുണ്ട്. 2018ലെ പ്രളയത്തിൽ പ്ലംജൂഡി ഒറ്റപ്പെട്ടിരുന്നു. അവിടെ കുടുങ്ങിയ വിദേശ വിനോദസഞ്ചാരികൾ അടക്കമുള്ളവരെ രക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്. കോതമംഗലം കടവൂർ സ്വദേശിയായ വർഗീസ് കുര്യന്റെ പേരിലുള്ളതാണ് 0.4451 ഹെക്ടർ ഭൂമിയിലുള്ള രണ്ടാമത്തെ റിസോർട്ട്. 4578.23 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 10 നിലകളുള്ള ഈ കെട്ടിടത്തിന്റെ നിർമ്മാണം സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് നിലച്ചിരിക്കുകയായിരുന്നു. സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് നിർമ്മാണം നിലച്ച വിഴിഞ്ഞം സ്വദേശി ശിശുപാലന്റെ പേരിലുള്ള 0.3306 ഹെക്ടർ സ്ഥലത്തെ കെട്ടിടമാണ് മൂന്നാമത്തേത്. 3898.72 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഏഴ് നിലകളിലായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം. 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയിട്ടുള്ള 1193, 1334, 1410 എന്നീ തണ്ടപ്പേരുകളിലുള്ള ഭൂമിയിൽ നിബന്ധനകൾ ലംഘിച്ചാണ് മൂന്ന് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നതെന്ന് അന്വേഷണത്തിൽ റവന്യൂ സംഘം കണ്ടെത്തിയിരുന്നു. 2019 നവംബർ, ഡിസംബർ മാസങ്ങളിൽ ഹിയറിംഗിന് വിളിച്ചിരുന്നെങ്കിലും രേഖകൾ ഹാജരാക്കാൻ ഉടമസ്ഥർക്കായില്ല. തുടർന്നാണ് മൂന്ന് തണ്ടപ്പേരവകാശങ്ങളും റദ്ദാക്കാൻ ഉത്തരവിട്ടത്.
ഭൂമി പതിവ് ചട്ടം
1964 ലെ ഭൂമിപതിവ് ചട്ടപ്രകാരം പതിച്ച് നൽകിയിട്ടുള്ള പട്ടയങ്ങൾ കൃഷി ആവശ്യം, വീട് നിർമ്മാണം എന്നിവയ്ക്കാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. ഈ ഭൂമിയിൽ ഒരു വർഷത്തിനകം വീട് വച്ച് താമസിക്കുകയോ, കൃഷി ചെയ്യുകയോ ചെയ്യണമെന്നാണ് ചട്ടം. വ്യവസ്ഥകൾ ലംഘിച്ചാൽ പട്ടയം റദ്ദ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |