കൊച്ചി: സ്വകാര്യവത്‌കരണത്തിന്റെ പടിവാതിലിൽ നിൽക്കുന്ന എയർ ഇന്ത്യയുടെ പ്രവർത്തന നഷ്‌ടം നടപ്പുവർഷത്തെ ആദ്യ ഒമ്പതു മാസക്കാലയളവിൽ 40 ശതമാനം കുറഞ്ഞു. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രം വിറ്റൊഴിയാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾക്ക് അടുത്തയാഴ്‌ച തുടക്കമാകാനിരിക്കേ, പ്രവർത്തന നഷ്‌ടം കുറഞ്ഞത് നിക്ഷേപകരെ ആകർഷിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
മുൻവർഷത്തെ സമാന കാലയളവിലെ 1,960 കോടി രൂപയിൽ നിന്ന് 1,045 കോടി രൂപയായാണ് പ്രവർത്തനം നഷ്‌ടം താഴ്‌ന്നത്. എയർ ഇന്ത്യയുടെ പലിശ ബാദ്ധ്യതയിൽ ഉണ്ടായ കുറവാണ് പ്രവർത്തന നഷ്‌ടം താഴാൻ സഹായകമായത്. നേരത്തേ പ്രതിവർഷം 4,000-4,500 കോടി രൂപ എയർ ഇന്ത്യ പലിശയടക്കാൻ ചെലവഴിച്ചത്, ഇപ്പോൾ 1,400-1,500 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. എയർ ഇന്ത്യയുടെ കടബാദ്ധ്യതകൾ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന് (എസ്.പി.വി) കൈമാറിയതാണ് പലിശബാദ്ധ്യത കുറയാൻ വഴിയൊരുക്കിയത്.
അതേസമയം, ഓരോ കിലോമീറ്ററിനും യാത്രികരിൽ നിന്ന് കമ്പനി നേടുന്ന വരുമാനത്തിലും ഉണർവുണ്ട്. നടപ്പുവർഷം ഇതു വർദ്ധിച്ചത് 6.7 ശതമാനമാണ്. 8,556 കോടി രൂപയായിരുന്നു 2018-19ൽ എയർ ഇന്ത്യയുടെ നഷ്‌ടം. 2017-18ൽ നഷ്‌ടം 5,348 കോടി രൂപയായിരുന്നു.
ബാദ്ധ്യത തീർക്കാൻ വിറ്രൊഴിയൽ
കഴിഞ്ഞ ദശാബ്‌ദത്തിൽ എയർ ഇന്ത്യ കുറിച്ച മൊത്തം നഷ്‌ടം 69,575 കോടി രൂപയാണ്. കമ്പനിക്ക് മൊത്തം 80,000 കോടി രൂപയോളം കടബാദ്ധ്യതയുമുണ്ട്. 2011-12ൽ യു.പി.എ സർക്കാർ പ്രഖ്യാപിച്ച 30,000 കോടി രൂപയുടെ രക്ഷാപാക്കേജിന്റെ ബലത്തിലാണ് കമ്പനിയുടെ പ്രവർത്തനം. എയർ ഇന്ത്യ കൂടുതൽ ബാദ്ധ്യതയാകുന്നത് ഒഴിവാക്കാനായാണ് ഓഹരികൾ പൂർണമായും കേന്ദ്രം വിറ്രൊഴിയുന്നത്.
₹20,000 കോടി
വിറ്റൊഴിയുന്നതിന് മുമ്പായി എയർ ഇന്ത്യയിൽ 20,000 കോടി രൂപ നിക്ഷേപിക്കാൻ കേന്ദ്ര മന്ത്രിതല സമിതി അനുമതി നൽകിയിരുന്നു. കടം കുറയ്ക്കാനാണിത്. ഇതുവഴി നിക്ഷേപകരെ ആകർഷിക്കാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
പാളിയ നീക്കം
കഴിഞ്ഞവർഷവും എയർ ഇന്ത്യയെ വിറ്റൊഴിയാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, ഏറ്റെടുക്കാൻ ആരും വന്നില്ല.
12.7%
ഡി.ജി.സി.എയുടെ റിപ്പോർട്ട് പ്രകാരം 12.7 ശതമാനമാണ് എയർ ഇന്ത്യയുടെ വിപണി വിഹിതം. 47.5 ശതമാനം വിഹിതവുമായി ഇൻഡിഗോയാണ് ഒന്നാംസ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |