കണ്ണൂർ: കാഴ്ചയിൽ മനോഹരം.., അകം നിറയെ വിഷം, വരവ് അന്യ സംസ്ഥാനങ്ങളിൽ നിന്ന്. പേര് ജൈവപച്ചക്കറി! ഗ്രാമങ്ങളിലേക്ക് ഉൾപ്പെടെ കടന്നുവരുന്ന ഇത്തരം വ്യാജ ജൈവപച്ചക്കറിയെ ഒതുക്കാൻ കൃഷി വകുപ്പ് നേരിട്ട് ഇറങ്ങുന്നു. നിലവിലുള്ള ഇക്കോ ഷോപ്പുകൾക്കു പുറമേ നഗരങ്ങളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തുറക്കുന്ന ക്രമത്തിൽ ആയിരത്തോളം ജൈവപച്ചക്കറി സ്റ്റാളുകൾ തുടങ്ങാനാണ് കൃഷി വകുപ്പ് പദ്ധതിയിടുന്നത്. പച്ചക്കറി ഏത് കൃഷിയിടത്തിൽ നിന്നാണ് ഉത്പാദിപ്പിച്ചതെന്നും ആരാണ് ഉത്പാദകനെന്നും തിരിച്ചറിയുന്ന ലേബലുകൾ അവരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെ പച്ചക്കറിയിലുണ്ടാകും. സംസ്ഥാന വ്യാപകമായി നഗരസഭകൾ കേന്ദ്രീകരിച്ച് തുടങ്ങുന്ന സ്റ്റാളുകളുടെ മേൽനോട്ട ചുമതല കർഷകരുടെ കൂട്ടായ്മയായ ക്ളസ്റ്ററുകൾക്കായിരിക്കും. ഇക്കോ ഷോപ്പുകളുടെയും കർഷക വിപണികളുടെയും ഏകോപനത്തിന് അപെക്സ് സമിതിയെയും നിയോഗിക്കും. നഗരങ്ങളിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണവും ഇതിനായി തേടും. സ്റ്റാളുകൾ വിഷുവിന് മുമ്പ് പ്രവർത്തിച്ചു തുടങ്ങും.
ഒരു വർഷത്തിൽ കേരളത്തിന് ആവശ്യം - 20 ലക്ഷം ടൺ പച്ചക്കറി
കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ചത് - 12 മെട്രിക് ടൺ
2016 ൽ ഉത്പാദനം- 6 മെട്രിക് ടൺ
നാല് വർഷത്തിൽ വർദ്ധിച്ചത് - 6 മെട്രിക് ടൺ
''പൂർണമായും ജൈവപച്ചക്കറികളുടെ വില്പന ഉറപ്പുവരുത്തുന്ന സ്റ്റാളുകൾ വിഷുവിനുമുമ്പ് പ്രവർത്തിച്ചു തുടങ്ങും. എത്ര സ്റ്റാളുകൾ തുടങ്ങാനും സർക്കാർ തയ്യാറാണ്. വിഷരഹിത പച്ചക്കറി എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്.
-വി.എസ്.സുനിൽകുമാർ
കൃഷിമന്ത്രി
ജൈവം എന്ന പേരിൽ വില്ക്കുന്ന വെണ്ടയ്ക്ക, തക്കാളി, കാപ്‌സിക്കം, വെള്ളരി, പടവലം, പയർ തുടങ്ങിയവയിൽ മാരകമായ കീടനാശിനികളുടെ ഉപയോഗം കണ്ടെത്തിയിരുന്നു. ജില്ലാതലത്തിലും മറ്റും സാമ്പിളുകൾ ശേഖരിച്ചു വരികയാണ്. പരിശോധന കർശനമാക്കിയിട്ടുണ്ട്.
-പി.കെ. ഗൗരിഷ്
ഫുഡ് സേഫ്റ്റി അസി.കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |