ന്യൂഡൽഹി :അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനം ഒൻപത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകുമെന്ന് കേന്ദ്ര സർക്കാർ.
ആ ഒൻപത് മാനദണ്ഡങ്ങൾ
ട്രസ്റ്റ് അംഗങ്ങൾ
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ. പരാശരനടക്കം അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ 9 സ്ഥിരാംഗങ്ങളും ആറ് നോമിനേറ്റഡ് അംഗങ്ങളുമാണുണ്ടാവുക. ട്രസ്റ്റിൽ ഇന്ത്യയ്‌ക്കുള്ളിൽ നിന്നുള്ള വിവിധ ഹിന്ദു മഠാധിപതികൾ, നിർമോഖി അഘാര, അയോദ്ധ്യയിലെ സർക്കാർ - കേന്ദ്ര സർക്കാർ പ്രതിനിധികൾ (ദളിതർ ഉൾപ്പെടെ) എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്രസ്റ്റിന്റെ ഓഫീസ്
തൊന്നൂറ്റിരണ്ടുകാരനായ കേശവ ഐയ്യങ്കാർ പരാശരൻ എന്ന കെ. പരാശരന്റെ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള വീടാണ് ട്രസ്റ്റിന്റെ ഓഫീസ്. സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനായ ഇദ്ദേഹം അയോദ്ധ്യക്കേസിൽ ഹിന്ദുകക്ഷികൾക്കുവേണ്ടി ഹാജരായിരുന്നു.
ആരാണ് കെ. പരാശരൻ
രണ്ടുതവണ അറ്റോർണി ജനറൽ പദം അലങ്കരിച്ചിട്ടുള്ള കെ. പരാശരൻ അയോദ്ധ്യാ കേസിൽ 'രാം ലല്ലാ വിരാജ്മാൻ' എന്ന മൂർത്തീസങ്കല്പത്തിന്റെ വക്കാലത്തേറ്റെടുത്ത് തുടക്കം മുതൽ സുപ്രീം കോടതിയിൽ കേസ് വാദിക്കുകയും, ഒടുവിൽ കേസിലെ അന്തിമവിധി ഹൈന്ദവ സംഘടനകൾക്ക് അനുകൂലമാക്കി മാറ്റുന്നതിൽ നിർണായക സ്വാധീനം ചെലുത്തുകയും ചെയ്‌തു. കേസിന്റെ വിചാരണക്കാലയളവിൽ, സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ഈ അഭിഭാഷകൻ കോടതി സമക്ഷം ബോധിപ്പിച്ചത് ഒന്നുമാത്രമായിരുന്നു, ' ന്യായം, അത് പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കപ്പെടണം'.
ജീവിതത്തിന്റെ സായാഹ്നത്തിലെത്തി നിൽക്കുന്ന തന്റെ അന്തിമാഭിലാഷം, മരിക്കും മുമ്പ് ഈ കേസിലെ അന്തിമവിധി വന്നുകാണണം എന്നതാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അനുകൂലമായൊരു വിധിയാണ് പുറപ്പെടുവിക്കപ്പെട്ടതെന്ന് ഉറപ്പായതോടെ ഹൈന്ദവസംഘടനകളുടെ പ്രതിനിധികൾ തങ്ങളുടെ പ്രിയ അഭിഭാഷകനെ വളഞ്ഞുനിന്ന് അഭിനന്ദനങ്ങൾ കൊണ്ട് അദ്ദേഹത്തെ മൂടി. തന്റെ സന്തോഷാതിരേകം മറച്ചുവെക്കാൻ പണിപ്പെട്ടുകൊണ്ട് ആ വയോധികൻ കോടതിമുറിക്കുള്ളിൽ നിന്നു. കോടതിനടപടികൾ പൂർത്തീകരിച്ച ശേഷം, തന്റെ ജൂനിയർ അഭിഭാഷകരുടെ കൈപിടിച്ചുകൊണ്ട് കെ പരാശരൻ കോടതിമുറിക്കു പുറത്തെത്തി. കാത്തുനിന്ന പത്രക്കാർക്കുമുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
നിയമത്തിലുള്ള അവഗാഹത്തിനൊപ്പം ഹിന്ദു മിത്തോളജിയിലും തികഞ്ഞ പാണ്ഡിത്യമുണ്ടായിരുന്ന കെ പരാശരനെ 'ഇന്ത്യൻ ബാറിന്റെ പിതാമഹൻ' എന്ന് വിളിച്ചത് സുപ്രീം കോടതി ജഡ്ജ് ആയിരുന്ന സഞ്ജയ് കിഷൻ കൗൾ ആയിരുന്നു. ശബരിമല കേസിൽ എൻ.എസ്.എസിന് വേണ്ടിയും പരാശരൻ ഹാജരായിരുന്നു. സുപ്രീംകോടതിയിൽ 40 ദിവസത്തോളം നീണ്ടുനിന്ന അവസാനഘട്ട വാദത്തിൽ മുടങ്ങാതെ പരാശരൻ പങ്കെടുത്തിരുന്നു. ദിവസവും രാവിലെ 10.30 മുതൽ വൈകുന്നേരം 4 മണിവരെയായിരുന്നു വാദം എങ്കിലും, അതിനു പുറമെയും ഏറെ നേരം കേസിന്റെ വിശദാംശങ്ങളുടെ പഠനത്തിനായി ഈ വാർധക്യത്തിലും പരാശരൻ ചെലവിടുമായിരുന്നു.
ഈ പ്രായത്തിലും പരാശരൻ വക്കീലിനുണ്ടായിരുന്ന പ്രസരിപ്പും ഊർജസ്വലതയും ടീമിലെ അംഗങ്ങളെ ഒന്നില്ലാതെ അത്ഭുതപെടുത്തിയിരുന്നു. കേസുകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അസാമാന്യമായ ഓർമ്മശക്തിയും, വിശകലനബുദ്ധിയും പ്രകടിപ്പിച്ചിരുന്ന പരാശരന് സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഒട്ടുമിക്ക വിധികളും ഹൃദിസ്ഥമായിരുന്നു. അയോദ്ധ്യയിലെ വിവാദഭൂമി വിഭജിച്ചുകൂടാത്തതാണ് എന്ന പരാശരന്റെ ഉറച്ച നിലപാടാണ് ഭൂമി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധിയെ തിരുത്തിക്കുറിക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്. വിചാരണാ വേളയിൽ അഞ്ചംഗബെഞ്ച് പലപ്പോഴും, ഈ 93 കാരന് ഇരുന്നു വാദിക്കാനുള്ള അനുമതി നൽകിയിരുന്നു എന്നും, അത് അദ്ദേഹം വിനയപൂർവം നിരസിക്കുകയാണ് ഉണ്ടായിട്ടുള്ളത്.
1958ലാണ് പരാശരൻ സന്നദെടുക്കുന്നത്. ദീർഘകാലത്തെ അഭിഭാഷകവൃത്തിക്ക് ശേഷം അദ്ദേഹം, അടിയന്തരാവസ്ഥക്കാലത്ത് തമിഴ്നാടിന്റെ അഡ്വക്കേറ്റ് ജനറലായി. 1980ൽ ഇന്ത്യയുടെ സോളിസിറ്റർ ജനറൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പരാശരൻ, 1983-89 കാലയളവിൽ അറ്റോർണി ജനറലായും സേവനമനുഷ്ഠിച്ചു. ഇരുപക്ഷത്തിനും ഒരുപോലെ പ്രിയങ്കരനായിരുന്ന കെ പരാശരനെ അടൽ ബിഹാരി വാജ്‌പേയി ഭരണഘടനാ പരിഷ്‌കാരത്തിനുള്ള ആലോചനാ സമിതിയിൽ അംഗമാക്കിയിരുന്നു. വാജ്‌പേയീ സർക്കാർ തന്നെയാണ് പരാശരനെ പദ്മഭൂഷൺ നൽകി ആദരിച്ചതും. ശേഷം വന്ന മൻമോഹൻ സിംഗ് സർക്കാർ അദ്ദേഹത്തിന് പദ്മവിഭൂഷൺ നൽകുകയും, അദ്ദേഹത്തോടെ രാജ്യസഭയിലേക്ക് അയക്കുകയുമുണ്ടായി. രാജ്യസഭാംഗം എന്ന നിലയിൽ നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ്സ് കമ്മീഷനെയും അദ്ദേഹം നിയന്ത്രിച്ചിരുന്നു.
1927 ഒക്ടോബർ 9ന് തമിഴ്നാട്ടിലെ ശ്രീരംഗത്തായിരുന്നു പരാശരന്റെ ജനനം. അച്ഛൻ കേശവ അയ്യങ്കാർ മദ്രാസ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും അറിയപ്പെടുന്ന അഭിഭാഷകനും, വേദപണ്ഡിതനുമായിരുന്നു. പരാശരന്റെ മൂന്നുമക്കളും അറിയപ്പെടുന്ന അഭിഭാഷകരാണ്. ഒരു മകൻ മോഹൻ പരാശരൻ രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് സോളിസിറ്റർ ജനറലായിരുന്നു. നിയമം തന്റെ രണ്ടാം വേളിയാണ് എന്ന് പലപ്പോഴും പരാശരൻ നർമ്മരൂപേണ പറയുമായിരുന്നു. 'സീനിയർ പരാശരൻ' എന്ന വിളിപ്പേരിൽ കോടതിയിൽ അറിയപ്പെട്ടിരുന്ന ഈ അഭിഭാഷകൻ പല ഹൈപ്രൊഫൈൽ കേസുകളിലും വാദങ്ങൾ നടത്തിയിട്ടുണ്ട്. 1997ൽ തീസ് ഹസാരി കോടതിയിൽ പ്രിയങ്കാ ഗാന്ധിയുടെ സഹായത്തിനെത്തിയത് പരാശരനായിരുന്നു. വാദ്രയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പ്, പ്രിയങ്ക തന്റെ ഭാര്യയാണ് എന്ന വാദവുമായി ഒരാൾ കോടതിയെ സമീപിക്കുകയായിരുന്നു. 1996ൽ ജയലളിതക്കെതിരെ ഉയർന്ന അഴിമതി ആരോപണം ഒടുവിൽ കോടതികയറിയപ്പോൾ, സ്വന്തം മകൻ തന്നെയായിരുന്നു കോടതിയിൽ പരാശരന്റെ എതിർ വക്കീൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |