നായകനാര് വില്ലനാര് എന്ന് കൃത്യമായ ഉത്തരം നൽകാൻ കഴിയാത്ത സിനിമകൾ ചുരുക്കമാണ്. സച്ചി സംവിധാനം ചെയ്ത് പ്രിഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'അയ്യപ്പനും കോശിയും' ആ ഒരു ഗണത്തിൽ പെടുന്ന സിനിമയാണ്. കഥാവശാൽ പൃഥ്വിരാജ് വില്ലനാകുമെങ്കിൽ കഥാപാത്രങ്ങളുടെ മൊത്തം സ്വഭാവം കണക്കിലെടുത്താൽ വില്ലൻ ബിജു മേനോനാണ്. മലയോര പ്രദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റിട്ടയർഡ് ഹവിൽദാർ കോശി ആളല്പം തലക്കനം ഉള്ള കൂട്ടത്തിലാണ്. സമ്പന്ന കുടുംബത്തിലെ അംഗമായതിനാൽ തന്നെ ഉന്നതന്മാരുമായി ബന്ധമുണ്ട്. ഇത് ഇയാളുടെ അഹങ്കാരത്തിന് ആക്കം കൂട്ടുന്ന വസ്തുതയാണ്. മിക്ക സമയത്തും അടിച്ചു പുസായി നടക്കുന്ന ഒരാളുമാണ് കോശി. ഒരു നട്ടപാതിരക്ക് മദ്യപിച്ച് യാത്ര ചെയ്ത ഇയാളെ കുറച്ചധികം മദ്യകുപ്പികളുമായി കാറിൽ നിന്നും പൊലീസും എക്സൈസും ചേർന്ന് പൊക്കുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത കോശിയെ കരണത്തടിച്ച് എസ്.ഐ. അയ്യപ്പൻ നായർ അറസ്റ്റ് ചെയ്യുന്നു. അയ്യപ്പൻ നായരോട് കോശിക്ക് അതോടെ വിദ്വേഷമായി. എന്നാൽ ആ വിദ്വേഷം വൈരാഗ്യമായത് തന്നെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടച്ചപ്പോഴാണ്.
ജയിലിൽ നിന്നിറങ്ങിയ കോശി തന്റെ സ്വാധീനവും അയ്യപ്പൻ നായർക്കെതിരെ താനുണ്ടാക്കിയ തെളിവും വച്ച് പ്രതികാരം ചെയ്യുന്നു. ശക്തമായ തെളിവ് അയ്യപ്പൻ നായരുടെ തൊപ്പി തെറിപ്പിക്കുന്നു. അവിടുന്നങ്ങോട്ട് തുടങ്ങുന്നു ഇരുവരും തമ്മിലുള്ള അങ്കം. വെറുമൊരു സബ് ഇൻസ്പെക്ടർ മാത്രമല്ല അയ്യപ്പൻ നായർ എന്ന് കോശി മനസിലാക്കാൻ അധികം താമസിച്ചില്ല. 'മുണ്ടൂർ മാടൻ' എന്ന പേരിൽ നാട് വിറപ്പിച്ചിരുന്ന അയ്യപ്പൻ നായരുടെ പഴയ പെരുമാറ്റത്തിലേക്കുള്ള ഒരു കെട്ടഴിച്ചുവിടലിനാണ് കോശി കാരണക്കാരനായത്. അവര് തമ്മിലുള്ള അങ്കം കുടുംബങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതോടെ വൈരാഗ്യത്തിന്റെ തോത് കൂടുന്നു. നായകനും വില്ലനും മാറി മാറി വരുന്ന പോരിന്റെ ബാക്കിപ്പത്രം സിനിമ കണ്ടറിയേണ്ടതാണ്.
ജേക്സ് ബിജോയ് ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ നാടൻ പാട്ടുകൾ മനോഹരമായാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മലയോര പ്രദേശങ്ങളുടെ ഭംഗി കാമറയിൽ ഒപ്പിയെടുത്തിരിക്കുന്നത് സുദീപ് ഇളമൺ ആണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ മികച്ചവയാണ്. തികച്ചും സ്വഭാവികമായാണ് സ്റ്റണ്ടുകൾ അവതരിപ്പിച്ചിരിക്കുന്നത്.
സച്ചിയുടെ സംവിധാനത്തിൽ, അനാർക്കലിക്ക് ശേഷം, പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'. നല്ല രീതിയിൽ തുടങ്ങിയ ചിത്രം കേന്ദ്ര കഥാപാത്രങ്ങൾക്ക് വേണ്ട ആഴം നൽകിയാണ് പുരോഗമിക്കുന്നത്. എന്നാൽ ഇടയ്ക്കും ഒടുവിലുമായി മെല്ലെപ്പോക്ക് അനുഭവപ്പെടുന്നുണ്ട്. ഇതെങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന് സംവിധായകന് ആശയക്കുഴപ്പം ഉണ്ടായത് പോലെ. നല്ലൊരു കഥാസന്ദർഭമാണ് ചിത്രത്തിലുണ്ടായിരുന്നത്. കുത്തിതിരുകിയ രംഗങ്ങളും തട്ടിക്കുട്ടിയത് എന്ന് തോന്നിപ്പിക്കുന്ന ക്ളൈമാക്സുമാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ.
അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടാണ്. ബിജു മേനോൻ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിലൂടെ നിറഞ്ഞാടിയിട്ടുണ്ട്. സംഭാഷണമായാലും സംഘട്ടനമായാലും അഭിനയമായാലും മികച്ച പ്രകടനം. ബിജു മേനോനോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് പൃഥ്വിയുടേത്. കോശിയുടെ കലിപ്പനായ പിതാവായാണ് രഞ്ജിത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അനിൽ നെടുമങ്ങാട്, സാബുമോൻ അബ്ദുസമദ്, രേഷ്മ രാജൻ, അനു മോഹൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വാൽക്കഷണം: പൊരിഞ്ഞ തല്ല്
റേറ്റിംഗ്: 3/5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |