SignIn
Kerala Kaumudi Online
Monday, 07 July 2025 8.13 PM IST

മോദിയുടെ ട്യൂഷൻ വേണ്ട, നടത്തിയ പരാമർശം തിരുത്തണം: കൊമ്പുകോർത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

Increase Font Size Decrease Font Size Print Page
pinarayi-vijayan

തിരുവനന്തപുരം: വർഗീയതയ്‌ക്കെതിരെ പ്രതികരിക്കാൻ തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്യൂഷൻ ആവശ്യമില്ലെന്ന് പറഞ്ഞ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയൻ എസ്.ഡി.പി.ഐക്കെതിരായി നടത്തിയ പരാമർശത്തെ കുറിച്ച് രാജ്യസഭയിൽ സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ചില സമരങ്ങളിലുള്ള എസ്.ഡി.പി.ഐയുടെ പങ്കാളിത്തത്തെ കുറിച്ച് താൻ സംസാരിച്ചത് അതേക്കുറിച്ചുള്ള ഉത്തമബോദ്ധ്യത്തിലാണെന്നും കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്നുമാണ് പിണറായി വിജയൻ ആവശ്യപ്പെട്ടത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളത്തിൽ പിണറായി വിജയൻ പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ തീവ്രവാദ ശക്തികൾ നുഴഞ്ഞു കയറുന്നതിനെ എതിർക്കുകയും ന്യൂഡൽഹിയിൽ അവരെ അദ്ദേഹം പിന്താങ്ങുകയുമാണെന്ന തരത്തിൽ മോദി രാജ്യസഭയിൽ സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. മോദിയുടെ ഈ പരാമർശം വസ്തുതാപരമായി തെറ്റാണെന്നും അത് പ്രതിഷേധം അർഹിക്കുന്നതാണെന്നുമായിരുന്നു പിണറായി വിജയൻ പ്രതികരിച്ചത്. ആർ.എസ്.എസ്, എസ്‌.ഡി.പി.ഐ എന്നിവരുടെ വർഗീയ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതിൽ കേരളം ഒന്നാമതാണെന്നും എല്ലാ വർഗീയ-തീവ്രവാദ ശക്തികളെയും എതിർക്കുന്നതും അകറ്റി നിർത്തുന്നതുമാണ് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യമെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ പറയുന്നു. ഇംഗ്ളീഷിലും മലയാളത്തിലുമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്. അത് ജനാധിപത്യപരമാണ്. ഈ കൂട്ടായ്മയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കരുത്തും കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങളുടെ സവിശേഷതയാണ്. അതിനെ ഇകഴ്ത്താനും തകർക്കാനും അവഹേളിക്കാനും ചിലർക്ക് അത്യാഗ്രഹമുണ്ട്. അത്തരം അതിമോഹക്കാർക്കു കേരളം ഒന്നിച്ചു നിന്ന് തന്നെ മറുപടി നൽകും.

എല്ലാ വർഗീയ-തീവ്രവാദ ശക്തികളെയും എതിർക്കുന്നതും അകറ്റി നിർത്തുന്നതുമാണ് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യം. മതത്തിന്റെ പേരിൽ ഇന്ത്യൻ പൗരത്വം നിർണ്ണയിക്കുന്ന കരിനിയമത്തിനെതിരായ പോരാട്ടത്തിൽ കേരളത്തെ മുന്നിൽ നിർത്തുന്നത് ആ പാരമ്പര്യമാണ്. ഒരു വർഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല. വിവേചനപരവും ഭരണഘടനാമൂല്യങ്ങളുടെ നിരാസവുമായ പൗരത്വ ഭദഗതി നിയമത്തിനെതിരെ ജാതി-മത-കക്ഷി ഭേദമില്ലാത്ത ജനകീയ പ്രതിഷേധമാണ് കേരളം ഉയർത്തുന്നത്.

മത പണ്ഡിതരും നേതാക്കളും കലാ- സാഹിത്യ-സാംസ്കാരിക നായകരും സമുദായ സംഘടനാ നേതാക്കളും മതനിരപേക്ഷ ചിന്താഗതിയുള്ള ജനസഞ്ചയവും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും കൊടിയുടെ നിറം നോക്കാതെ അണിചേർന്ന പ്രതിഷേധത്തിന് സാർവത്രിക സ്വീകാര്യതയാണ് ലഭിച്ചത്. ആ അനുഭവമുള്ള കേരളത്തിന്, ഭരണഘടനാ വിരുദ്ധമായ നിയമഭേദഗതി അടിച്ചേൽപ്പിക്കുന്നവരെയും അതിനെതിരായി വർഗീയ സംഘാടനത്തിനു കൊതിക്കുന്നവരെയും മനസ്സിലാക്കാനും ഇരുകൂട്ടർക്കുമെതിരെ പ്രതികരിക്കാനും ആരുടേയും ട്യൂഷൻ വേണ്ടതില്ല.

രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചർച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമർശം വസ്തുതാ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തെ വിഭാഗീയ-വർഗീയ ലക്ഷ്യങ്ങളുള്ളവർക്കു അടിയറവെക്കാൻ കേരളം തയാറല്ല. അത്തരം നുഴഞ്ഞു കയറ്റങ്ങളെക്കുറിച്ചു തുടക്കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; ജാഗ്രത പാലിച്ചിട്ടുമുണ്ട്. വർഗീയ ലക്ഷ്യത്തോടെ ആർ എസ് എസ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന നിയമ ഭേദഗതിയെ മത നിരപേക്ഷതയുടെ ശക്തികൊണ്ടാണ് നേരിടേണ്ടത്. അതിലാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്. ആ മുന്നേറ്റത്തിൽ നുഴഞ്ഞു കയറുന്ന വർഗീയ ശക്തികളെ തടുത്തു നിർത്താനും തുറന്നു കാട്ടാനും മതനിരപേക്ഷ കേരളത്തിന് കരുത്തുണ്ട്.

ചില സമരങ്ങളിൽ എസ്ഡിപിഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിലാണ്. സംഘപരിവാറിന്റെ വർഗീയ അജണ്ട തകർക്കാനുള്ള ഏക ആയുധം മതനിരപേക്ഷയുടേതാണ് എന്ന ശരിയായ ബോധ്യമാണ് കേരളത്തെ നയിക്കുന്നത്. ആ മഹാ പ്രതിരോധത്തിൽ വർഗീയതയുടെ വിഷം തേക്കാൻ ആര് ശ്രമിച്ചാലും ചെറുത്തു തോൽപ്പിക്കും. കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണം.

ആർഎസ്എസിന്റെയും എസ് ഡിപിഐയുടെയും വർഗീയ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിലും ഒന്നാം സ്ഥാനത്താണ് കേരളം എന്നത് കൊണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്നവരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഉണ്ടാകുന്നത് ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ല.'

TAGS: KERALA, PINARAYI VIJAYAN, MODI, NARENDA MODI, PRIME MINISTER, CHIEF MINISTER, CAA, SDPI, RSS, CITIZENSHIP ACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.