കോട്ടയം: കെ.എം.മാണി സ്മാരകത്തിന് 5 കോടി രൂപ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയുമായി അടുക്കുന്നതിന്റെ സൂചനയാണെന്ന പ്രചാരണം ജോസഫ് വിഭാഗം ശക്തമാക്കി. ജേക്കബ് വിഭാഗത്തെ ലയിപ്പിച്ച് പാർട്ടിയിൽ മേൽക്കൈ ഉറപ്പിക്കാൻ ജോസഫ് മുന്നിട്ടിറങ്ങിയതിനിടെയാണ് ബഡ്ജറ്റിൽ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.
മുഖ്യമന്ത്രിക്ക് ജോസ് കെ. മാണി കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മാണി സ്മാരകത്തിന് പാലായിൽ നേരത്തേ 50 സെന്റും ഇപ്പോൾ അഞ്ചു കോടിയും പ്രഖ്യാപിച്ചത്. ബാർ കോഴ ആരോപണ സമയത്ത് മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാതിരുന്ന ഇടതു പക്ഷം ഇപ്പോൾ സ്നേഹം കാണിക്കുന്നതിനെ കോൺഗ്രസ് ഉൾപ്പെടെ യു.ഡി.എഫിലെ മറ്റു കക്ഷികളും സംശയത്തോടെയാണ് നോക്കുന്നത്. അതേസമയം, ഇടതു മുന്നണിയുമായി ചർച്ച നടത്തിയെന്ന പ്രചാരണം നിഷേധിച്ച ജോസ് കെ.മാണി കേരളകോൺഗ്രസ് എന്നും യു.ഡി.എഫിന് ഒപ്പമാണെന്ന് ഇന്നലെ പറഞ്ഞു. ഒപ്പം, മാണി സ്മാരകത്തിന് ഫണ്ട് അനുവദിച്ച സർക്കാരിന് നന്ദിയും അറിയിച്ചു.
അതേസമയം, അനൂപ് ജേക്കബിനെ തന്റെ പാളയത്തിലെത്തിക്കുന്നതിനൊപ്പം ഫ്രാൻസിസ് ജോർജ്, പി.സി. ജോർജ് വിഭാഗങ്ങളുമായും ജോസഫ് ചർച്ച. നടത്തുമെന്ന പ്രചാരണവുമുണ്ട്. ജേക്കബ് വിഭാഗം സംസ്ഥാന സമിതി കോട്ടയത്ത് ലയന ചർച്ച നടത്തിയിരുന്നു. പാർട്ടി സ്ഥാനമാനങ്ങൾ വീതം വയ്ക്കുമ്പോൾ അർഹമായത് കിട്ടണമെന്ന ചെയർമാൻ ജോണി നെല്ലൂരിന്റെ കടുംപിടിത്തത്താൽ അന്തിമ തീരുമാനമായില്ല. എന്നാൽ ലയന നീക്കവുമായി അനൂപ് മുന്നോട്ടു പോവുകയാണ്.
പാലായിലെ തോൽവിയെ തുടർന്ന് യു.ഡി.എഫ് നേതൃത്വത്തോട് അകൽച്ചയിലായ ജോസ് വിഭാഗം കുട്ടനാടിനായി സമ്മർദ്ദം ശക്തമാക്കിയിരിക്കയാണ്. അതേസമയം കുട്ടനാട് സീറ്റ് തനിക്ക് അവകാശപ്പെട്ടതെന്ന ഉറച്ച നിലപാടിലാണ് ജോസഫ് . യു.ഡി.എഫിൽ അടുത്ത അങ്കം മുറുകുക തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |