പൊലീസിന്റെ ലാത്തിയ്ക്ക് അടിയുടെ വേദനമാത്രമല്ല, പ്രണയത്തിന്റെ ഒരു സുഖവുമുണ്ട്. അതറിഞ്ഞവരാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും ഭാര്യ അമൃതാ സതീശനും. തലസ്ഥാനത്തെ വി.ജെ.ടി ഹാളിന് മുന്നിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുക്കുന്ന പരിപാടി നടക്കുകയാണ്. ഉമ്മൻചാണ്ടിയെ എസ്.എഫ്.എെക്കാർ തടഞ്ഞു. പിന്നെയൊരു ഭീകരതാണ്ഡവമായിരുന്നു. കിട്ടിയവരെയൊക്കെ പൊലീസ് തല്ലിച്ചതച്ചു. ലാത്തിച്ചാർജിൽ റഹിമുൾപ്പെടെയുള്ളവർക്ക് മാരകമായി പരിക്കേറ്റു. അടികൊണ്ട് അമൃതയുടെ രണ്ട് കാലുകളും ഒടിഞ്ഞു. പിന്നെ ദീർഘനാളത്തെ ആശുപത്രി വാസം. അപ്പോഴാണ് നേരത്തേ പരിചയമുണ്ടായിരുന്ന ഇവർക്കിടയിൽ പ്രണയം മുളപൊട്ടിയത്.
റഹിം അന്ന് എസ്.എഫ്.എെ സംസ്ഥാന വൈസ് പ്രസിഡന്റും അമൃത ലാ കോളേജിലെ എസ്.എഫ്.എെ നേതാവുമായിരുന്നു. ആശുപത്രി വാസം അമൃതയ്ക്ക് വേദനക്കപ്പുറം മനസിന്റെ ഇണക്കമായി വളർന്നു. ആരാദ്യം പറയും എന്ന് ചിന്തിക്കുന്നതിന് മുമ്പേ ഇരുവരുടെയും മനസ് പരസ്പരം പറഞ്ഞുകഴിഞ്ഞിരുന്നു. ഞങ്ങൾ രണ്ട് മതത്തിൽപെട്ടവരാണ്. പക്ഷേ, അതൊന്നും പ്രണയത്തെ തോൽപ്പിക്കാനായില്ല. അമൃതയുടെ വീട്ടിൽ വച്ച് വിവാഹനിശ്ചയം. നന്മനേർന്ന് ബന്ധുക്കളും സഖാക്കളും. സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹം. ആ പ്രണയ ബന്ധത്തിന് ഇന്ന് ഹാപ്പി പറഞ്ഞ് നിൽക്കുന്നത് മക്കളായ ഗുൽമോഹറും ഗുൽനാറും. 'അന്നത്തെ പ്രണയത്തിന്റെ നൂറിരട്ടിയായി ഞങ്ങളുടെ പ്രണയം ഇപ്പോൾ വളർന്ന് പന്തലിച്ച് നിൽക്കുകയാണ്. പുതിയ പ്രണയിതാക്കളോട് ഞങ്ങൾക്ക് പറയാനുള്ളതും ഇതുതന്നെ, കളങ്കമില്ലാതെ പ്രണയിക്കുക. അത് തന്നെയായിരിക്കും ജീവിതസുഗന്ധവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |