
തിരുവനന്തപുരം: ബംഗളൂരു യെലഹങ്കയിൽ വീട് ഇടിച്ചുനിരത്തപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇംഗ്ലീഷിൽ സംസാരിച്ചതിനെ കുറിച്ചുള്ള ട്രോളുകൾക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എം.പി. തന്നെ ട്രോളുന്നവരോട് വെറുപ്പില്ലെന്നും, ഭാഷ കൂടുതൽ മെച്ചപ്പെടുത്തുമെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.
തനിക്ക് ഭാഷാപരിമിതികളുണ്ടെന്നും എന്നാൽ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളുവെന്നും എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്.. എന്നു തുടങ്ങുന്ന കുറിപ്പിൽ റഹീം പറഞ്ഞു.
ഭരണകൂട ഭീകരതയുടെ നേർക്കാഴ്ചകൾ തേടിയാണ് അവിടേയ്ക്കു ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് ഞങ്ങൾക്ക് അവിടെ കാണാനായത്.
ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേയുള്ളൂ. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു.
ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ. അവരെ ആരെയും ഇവിടെയെന്നല്ല, ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ല. എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ, നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുതെന്നും കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |