തിരുവനന്തപുരം: വേനലെത്തുന്നതിന് മുൻപേ ചൂട് കൊണ്ട് വെന്തുരുകുകയാണ് സംസ്ഥാനം. സർവകാല റെക്കാഡുകൾ ഭേദിക്കുന്ന ഉയർന്ന താപനില പലയിടങ്ങളിലും രേഖപ്പെടുത്തി കഴിഞ്ഞു. ചൂടിനെ തടുക്കാൻ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കുന്നതിനായി ശ്രദ്ധിച്ചേ മതിയാകൂ.
കടലോര സംസ്ഥാനമായതിനാൽ അന്തരീക്ഷ ആർദ്രത കൂടുതലായതും ചൂടിന്റെ കരുത്ത് വർദ്ധിപ്പിക്കും. പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
മറ്റ് നിർദേശങ്ങൾ:
- ധാരാളം വെള്ളം കുടിക്കുകയും എപ്പോഴും ചെറിയ കുപ്പിയിൽ വെള്ളം കൈയിൽ കരുതുകയും ചെയ്യണം
- അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
- പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ തുടങ്ങിയവർ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്.
- പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കണം
- പകൽ ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, മാദ്ധ്യമ പ്രവർത്തകർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ തുടങ്ങിയവർ ജോലിക്കിടയിൽ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം.
- വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം.
ഭക്ഷണം കരുതലോടെ
ധാരാളം വെള്ളം കുടിക്കണം
പോഷകസമൃദ്ധമായ ആഹാരം തിരഞ്ഞെടുക്കണം
ഭക്ഷണത്തിൽ പഴ വർഗങ്ങൾ കൂടുതലായും ഉൾപ്പെടുത്തുക
നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, മറ്റ് ലഹരി പാനീയങ്ങൾ എന്നിവയുടെ ഉപയോഗം പകൽ സമയങ്ങളിൽ നിർബന്ധമായും ഒഴിവാക്കുക
നിർജലീകരണം തടയാൻ ഒ.ആർ.എസ് ലായനി ഉൾപ്പടെയുള്ളവ ഉപയോഗിക്കുക
ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായാൽ എത്രയും പെട്ടെന്ന് പ്രഥമ ശുശ്രൂഷ ഉറപ്പാക്കേണ്ടതുണ്ട്. വായുസഞ്ചാരമുള്ള പ്രദേശത്ത് ആളെ നിവർത്തി കിടത്തി ശരീരം തണുപ്പിക്കാൻ ശ്രമിക്കുക. വെള്ളം കുടിക്കാൻ നൽകണം. ഉടൻ വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
- ഫഹദ് മർസൂഖ്
ഹസാർഡ് അനലിസ്റ്റ്, കെ.എസ്.ഡി.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |