തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി കേരളം മുഴുവൻ പ്രർത്ഥനയിലാണ്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംക്ഷനിൽ വച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഒരു വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച അണലിയെ കുപ്പിയിൽ കയറ്റുന്നതിനിടെ പാമ്പ് കയ്യിൽ കടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ കേരള കൗമുദി പുറത്തുവിട്ടു.
പാമ്പിനെ കുപ്പിയിൽ കയറ്റുന്നതിനിടെ അപ്രതീക്ഷിതമായി കയ്യിൽ കടിക്കുകയായിരുന്നു. ഒന്നും അമാന്തിക്കാതെ തന്നെ ബോട്ടിൽ താഴെയിട്ട് സുരേഷ് സ്വയം പ്രഥമ ശ്രുശൂഷ നൽകുന്നതു വീഡിയോയിൽ കാണുന്നുണ്ട്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ചതിന് ശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കിൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി മണ്ണാറശാലയിൽ ആരാധകരുടെ വഴിപാടുകൾ തുടരുകയാണ്. ആരുവിളിച്ചാലും ഓടിയെത്തി പാമ്പുകളെ പിടിച്ച് അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനത്ത് നിരവധി ആരാധകരുണ്ട്. അപകടം സംഭവിച്ച വാർത്ത പ്രചരിച്ചതോടെ മണ്ണാറശാലയിൽ വാവയുടെ പേരിൽ അർച്ചന, പുറ്റും മുട്ടയും സമർപ്പിക്കൽ എന്നിവ നടന്നു. വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് മണ്ണാറശ്ശാല കുടുംബാംഗം എസ്.നാഗദാസ് സന്ദേശം അയച്ചു. മൾട്ടി ഡിസിപ്ലിനറി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |