പാലക്കാട്: ഈ വേനൽക്കാലത്ത് കേരളത്തിൽ കൊടും വരൾച്ചയ്ക്ക് സാദ്ധ്യതയെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഭൂഗർഭ ജലവിതാനത്തിൽ വളരെ നേരത്തേയുണ്ടായ കുറവാണ് ആശങ്ക ഉയർത്തുന്നത്. സാധാരണ മാർച്ചിലുണ്ടാകാറുള്ള അളവിലേക്ക് ഭൂഗർഭ ജലനിരപ്പ് ജനുവരിയിലേ താഴ്ന്നു. രണ്ടു മുതൽ ആറു മീറ്റർ വരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുലാമഴ 4.2 ശതമാനം കുറഞ്ഞതും സ്ഥിതി ഗുരുതരമാക്കി.
ലവണങ്ങൾ സംഭരിക്കുന്ന മേൽമണ്ണ് തുടർച്ചയായുണ്ടായ രണ്ട് പ്രളയങ്ങളിൽ ഒഴുകിപ്പോയി. ഇത് ഭൂഗർഭ ജല സംഭരണത്തെ പ്രതികൂലമായി ബാധിച്ചു. പ്രളയത്തിൽ നദികളിലെ തടസങ്ങൾ നീങ്ങി ഒഴുക്ക് വർദ്ധിച്ചതിനാൽ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിന്റെ തോത് കുറഞ്ഞു. റെക്കാഡ് കാഷവർഷമുണ്ടായിട്ടും ജല സംഭരണ പ്രവൃത്തികൾ കാര്യമായി നടത്തിയതുമില്ല.
തുലാമഴ തീരെ പെയ്യാതിരുന്നത് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഈ ജില്ലകൾ കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്ന് സി.ഡബ്ല്യു.ആർ.ഡി.എം എക്സിക്യുട്ടീവ് ഡയറക്ടർ എ.ബി.അനിത പറഞ്ഞു.
ഉടൻ വേണ്ടത്
1. കിണറുകളും കുളങ്ങളും വൃത്തിയായി സൂക്ഷിക്കണം
2. പാറമടകളിലെ വെള്ളം ശാസ്ത്രീയമായി ഉപയോഗപ്പെടുത്തണം
3. വെള്ളത്തിന്റെ ഉപയോഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണം
41 ഡിഗ്രിയിലെത്താം
ഫെബ്രുവരി പകുതിയോടെ തന്നെ സംസ്ഥാനത്ത് ശരാശരി ചൂട് 36 ഡിഗ്രിയാണ്. പാലക്കാട് അത് 38ഉം. വരും ദിവസങ്ങളിൽ ചൂട് നാല്പതിന് മുകളിലേക്ക് എത്താനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സംസ്ഥാനത്ത് പൊതുവേ മേഘങ്ങൾ കുറവാണ്. തെളിഞ്ഞ ആകാശത്തിൽ സൂര്യപ്രകാശം നേരിട്ടടിക്കുന്നതിനാലാണ് വലിയ ചൂട് അനുഭവപ്പെടുന്നത്.
ആശങ്ക
വരണ്ട കാലാവസ്ഥയിൽ ജീവിക്കുന്ന മരു പക്ഷികളുടെ കേരളത്തിലെ സാന്നിദ്ധ്യം ആശങ്കപ്പെടുത്തുന്നു. ചരൽകുരുവി, നീലക്കവിളൻ, യൂറോപ്യൻ വേലിതത്ത എന്നിവ പാലക്കാട്, വാളയാർ, കാസർകോട്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ ഇപ്പോൾ ധാരാളമുണ്ട്
പാലക്കാട് ജില്ലയിലെ ചിറ്റൂരും കാസർകോടും സംസ്ഥാനത്തെ അമിത ചൂഷണ ബ്ലോക്കുകൾ. ഇവിടങ്ങളിൽ ജലനിരപ്പ് പൂജ്യത്തിന് താഴെയായാൽ പ്രതിസന്ധി രൂക്ഷമാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |