തിരുവനന്തപുരം : 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. കോടതി ഉത്തരവിന്റെ പകർപ്പ് ഇന്നലെ ലഭിച്ചതിന് പിന്നാലെയാണ് ഇക്കാര്യം തീരുമാനിച്ചത്.
2019ലെ പട്ടിക പരിഷ്‌കരിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ അക്കമിട്ടു നിരത്തിയാണ് അപ്പീൽ നൽകുന്നത്. 2015ലെ പട്ടിക പ്രകാരമുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു പോകുന്നതിനിടെയാണ് വ്യാഴാഴ്ച ഹൈക്കോടതി വിധിവന്നത്. ഇതോടെ വോട്ടർപട്ടിയിൽ പേരുചേർക്കുന്ന നടപടികൾ നിറുത്തിവച്ചു. വെള്ളിയാഴ്ച വൈകിട്ട് വരെയായിരുന്നു പേരു ചേർക്കാനുള്ള സമയപരിധി. അതിന് മണിക്കൂറുകൾക്ക് മുമ്പ് നടപടികൾ നിറുത്തിവച്ചെങ്കിലും 15ലക്ഷത്തോളം പേർ പുതുതായി പേര് ചേർത്തതായി കമ്മിഷൻ വ്യക്തമാക്കുന്നു. ശേഷിക്കുന്ന നടപടികൾ പൂർത്തിയാക്കി പുതിയ പട്ടിക പ്രസിദ്ധീകരിക്കാൻ 12 ദിവസം മതി. എന്നാൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നാൽ സമയനഷ്ടവും ധനനഷ്ടവും ഉണ്ടാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാവും സുപ്രീംകോടതിയെ സമീപിക്കുക.
കമ്മിഷന്റെ ബുദ്ധിമുട്ടുകൾ
25,000 അസംബ്ലി ബൂത്തുകളിലെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധനയ്ക്കെത്തണം
വിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തണം
നടപടികൾ പൂർത്തിയാക്കാൻ നാലുമാസം അധികമെടുക്കും
10കോടിയോളം രൂപ ചെലവാകും
വാർഡുകളുടെ പുനർനിർണയവും പൂർത്തിയാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |