കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ നിലപാട് നാളെ അറിയാം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ ഹർജി നാളെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പരിഗണിക്കുമ്പോൾ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരം നൽകും.
ഹൈക്കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ മൂന്നു മാസമായി സി.ബി.ഐ സംഘം നടത്തിവരുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയുന്നതിനാണ് കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ പിതാവ് സത്യനാരായണൻ ഹർജി നൽകിയത്. സി.ബി.ഐ ഡിവൈ.എസ്. പി.ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാസർകോട് എത്തുകയും ക്രൈം ബ്രാഞ്ചിൽ നിന്ന് കേസ് ഫയലുകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ ഫയൽ ചെയ്തതിനാൽ അന്വേഷണം തുടങ്ങിയിരുന്നില്ല. സർക്കാരിന്റെ അപ്പീൽ ഹർജി പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തേയുള്ള സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ സി.ബി.ഐക്ക് അന്വേഷണം തുടരുന്നതിൽ തടസമില്ലെന്നാണ് ഹർജിക്കാരുടെ വാദം.
കഴിഞ്ഞവർഷം ഫെബ്രുവരി 17ന് രാത്രി ഏഴ് മണിയോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും ഒരു സംഘം ബൈക്ക് തടഞ്ഞു നിറുത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ള 11 പ്രതികളും കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. മൂന്ന് പേർക്ക് ജാമ്യം അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |