തിരുവനന്തപുരം: വി.എസ്. ശിവകുമാർ എം.എൽ.എ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസ് ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. കേസ് വലിജിലൻസിന്റെ സ്പെഷ്യൽ സെൽ അന്വേഷിക്കും. ശിവകുമാറിന്റെ ബിനാമികളെന്ന് സംശയിക്കുന്ന ശാന്തിവിള രാജേന്ദ്രൻ,ഡ്രൈവർ ഷൈജു ഹരൻ,സുഹൃത്ത് എൻ.എസ്. ഹരികുമാർ എന്നിവരുടേതടക്കം എട്ടുപേരുടെ സ്വത്തുവിവരങ്ങളാണ് അന്വേഷിക്കുക. മന്ത്രിയായിരുന്നപ്പോഴത്തെ ചില സ്റ്റാഫംഗങ്ങളും അവരുടെ മക്കളും അന്വേഷണ പരിധിയിലുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ലഭിച്ചതിനെ തുടർന്ന് ശിവകുമാറിനെതിരെ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർ സർക്കാരിന്റെ അനുമതി തേടിയിരുന്നു. സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്നാണ് കേസെടുത്ത് വിശദമായ അന്വേഷണം. ഉമ്മൻചാണ്ടി സർക്കാർ മന്ത്റിസഭയിൽ ആരോഗ്യ മന്ത്റിയായിരുന്ന കാലഘട്ടത്തിൽ അധികാര ദുർവിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. സർക്കാരിന് ലഭിച്ച പരാതിയിൽ വിജിലൻസ് സി.ഐ ബിനുകുമാറാണ് അന്വേഷണം നടത്തിയത്. 105 രേഖകൾ പരിശോധിച്ചു. സംസ്ഥാനത്തും തമിഴ്‌നാട്ടിലുമായി 1000 പേരിൽ നിന്നും മൊഴിയെടുത്തു. ശിവകുമാറുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയരായ എട്ടുപേരുടെ സ്വത്തുക്കളാണ് പരിശോധിച്ചത്. ശിവകുമാർ മന്ത്റിയായിരുന്ന കാലഘട്ടത്തിൽ ഇവരുടെ ആസ്തി വർദ്ധിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |