ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ സ്വന്തം വാഹനം 'ചെകുത്താൻ' (ദ ബീസ്റ്റ്) എന്ന പ്രസിഡൻഷ്യൽ ലിമോസിൻ കാർ ആഗ്രാ വിമാനത്താവളത്തിലെത്തി. 24ന് വൈകിട്ട് താജ്മഹൽ സന്ദർശിക്കാൻ ട്രംപും ഭാര്യ മിലേനിയയും ഈ ബുള്ളറ്റ് പ്രൂഫ് കാറിലാണ് എത്തുക.
അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള 'ബീസ്റ്റിനെ" താജ്മഹലിന് സമീപം കടത്തിവിടുന്നതിൽ കടുത്ത ആശങ്കയിലാണ് ആഗ്ര മുനിസിപ്പൽ കോർപറേഷൻ.
കാരണം 1998ലെ സുപ്രീംകോടതി വിധി പ്രകാരം വൈദ്യുത വാഹനങ്ങൾക്ക് മാത്രമേ താജ്മഹലിലേക്ക് പ്രവേശനമുള്ളൂ. ട്രംപിന്റെ ഡീസൽ കാർ താജ്മഹലിൽ കയറിയാൽ നിയമപ്രശ്‌നമുണ്ടാകുമോ എന്നാണ് ആശങ്ക.
മാത്രമല്ല, ആഗ്ര വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരത്തുള്ള റെയിൽവേ മേൽപ്പാലമാണ് രണ്ടാമത്തെ പ്രശ്‌നം. ഭാരമേറിയ വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത ഈ മേൽപ്പാലത്തിലൂടെ എങ്ങനെ 6.4 ടൺ ഭാരമുള്ള ട്രംപിന്റെ 'ബീസ്റ്റ്" കടന്നുപോകുമെന്നതും അധികൃതരെ ആധിയിലാക്കിയിരിക്കയാണ്.
പാലത്തിന്റെ സ്ഥിതിയെക്കുറിച്ച് ജില്ലാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പാലം നന്നാക്കാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും പി.ഡബ്ല്യു.ഡി വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ ഉപയോഗപ്പെടുത്താൻ പൂർണമായും വൈദ്യുതിയിലോടുന്ന ഒരു ബസ് ആഗ്ര വികസന അതോറിറ്റിയുടെ കൈവശമുണ്ടെങ്കിലും ട്രംപ് ബസ് ഉപയോഗിക്കുമോ എന്നറിയില്ല.
നമസ്തേ ട്രംപിന്ഒരു ലക്ഷം പേർ
24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഒന്നിക്കുന്ന 'നമസ്തേ ട്രംപ്’ റോഡ് ഷോയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണർ.
70 ലക്ഷം ജനങ്ങൾ അണിനിരക്കുമെന്ന് മോദി അറിയിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു.
റോഡ് ഷോയിൽ പങ്കെടുക്കാൻ ഇതുവരെ ഒരു ലക്ഷം ആളുകൾ രജിസ്റ്റർ ചെയ്തെന്നും താത്പര്യമുള്ളവർക്ക് ഇനിയും രജിസ്റ്റർ ചെയ്യാമെന്നും അധികൃതർ അറിയിച്ചിരുന്നു.
അഹമ്മദാബാദിലെ മൊത്തം ജനസംഖ്യ 60- 70 ലക്ഷത്തിനിടയിലായിരിക്കേ എങ്ങിനെയാണ് 70 ലക്ഷം പേർ റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് വിമർശനം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |