ഇന്ന് കല്യാണത്തിനും മറ്റും ഏറെ പ്രചാരം നേടിയ ഒരിനമാണ് കാൻഡിഡ് ഫോട്ടോസ്. ഇതെടുക്കുന്ന പലർക്കും തന്നെ സംഗതി എന്താണെന്ന് അത്ര പിടിയുണ്ടാവില്ല. പിന്നെ ഓർഡർ കൊടുക്കുന്ന നാട്ടുകാരുടെ കാര്യം പറയേണ്ടല്ലോ. പലരും ധരിച്ചുവച്ചിരിക്കുന്നത് താലിയോ കമ്മലോ മൂക്കുത്തിയോ പ്രത്യേക ലൈറ്റ് കൊടുത്ത് ക്ളോസപ്പായി എടുക്കുന്നതോ അല്ലങ്കിൽ വധൂവരന്മാരെ നാട്ടുകാർക്കും വീട്ടുകാർക്കും കണ്ടിരിക്കാൻ പറ്റാത്ത പോസുകളിൽ നിർത്തി എടുക്കുന്ന പടങ്ങളോ ആണെന്നാണ്.
''എല്ലാരും എടുക്കുന്നു അപ്പോൾ ഞങ്ങളുടെ പിള്ളേർക്കും വേണം ഈ പറയുന്ന കാര്യം".. എന്നുമാത്രമേ സാധാരണക്കാരായ രക്ഷാകർത്താക്കൾക്കും പറയാൻ അറിയൂ. രസകരമായ ഒന്നാണ് കാൻഡിഡ് ഫോട്ടോഗ്രാഫി! വരനോ വധുവോ അടുത്ത ബന്ധുക്കളോ അറിയാതെ ചടങ്ങ് നടക്കുമ്പോൾ അവരുടെ അസുലഭ മുഹൂർത്തങ്ങൾ ക്ലിക്ക് ചെയ്തെടുക്കുന്നതാണ് ഇത്. തമാശകളോ പൊട്ടിച്ചിരികളോ പ്രത്യേക ഭാവങ്ങളോ ആക്ഷനുകളോ ഒക്കെയായിരിക്കും ഇതിന്റെ പ്രതിപാദ്യം. ഇത് കസ്റ്റമേഴ്സിനെ കൂടുതൽ രസിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യും എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇന്ന് പലരും ഇതിനായി പറഞ്ഞു ചിരിപ്പിച്ചും കൃത്രിമമായി പോസുചെയ്യിച്ചുമാണ് ഇത്തരം ഫോട്ടോകൾ എടുക്കുന്നത്.
മനുഷ്യരുടെ ഭാവങ്ങൾ കാമറയിലാക്കാൻ എളുപ്പമാണ്. ഇന്നത്തെ ആധുനിക സങ്കേതങ്ങൾ വഴി അവർ അറിഞ്ഞോ അറിയാതെയോ ചിത്രീകരിക്കാൻ കഴിയും. എന്നാൽ മറ്റു ജീവജാലങ്ങൾക്ക് അത് പറ്റില്ല. മാത്രമല്ല, ചേഷ്ടകളോ കുസൃതികളോ വേഗം പകർത്താൻ കഴിയും. എന്നാൽ മേൽപ്പറഞ്ഞപോലെ അവരുടെ ഭാവങ്ങൾ വേണ്ടപോലെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ഇതാ സ്വകാര്യതയുടെ മൂഡ് ഒട്ടും നഷ്ടപ്പെടാതെ പകർത്തിയ അതുപോലെ ഒരു ചിത്രം !
പരീക്ഷയ്ക്ക് കോപ്പിയടിച്ചതാണോ എല്ലാവിഷയത്തിനും തോറ്റിട്ട് ഹെഡ് മാസ്റ്റർ പുറത്താക്കിയതാണോ വല്ലവനുമായി വഴക്കുണ്ടാക്കി വന്നതാണോ എന്നൊന്നുമറിയില്ല. പുതിയ ന്യൂജൻ കക്ഷിയല്ലേ! എന്തെങ്കിലും കുരുത്തക്കേടുകൾ ഒപ്പിച്ചിട്ടു വന്നതാകണം. ആ ഇരുപ്പും കള്ള ലക്ഷണവും കണ്ടാലറിയാം എന്തോ കുറ്റം ചെയ്തിട്ടുണ്ടെന്ന്! കുറ്റബോധത്തോടെയുള്ള മകന്റെ ഇരിപ്പും അടുത്തിരിക്കുന്ന അച്ഛന്റെ മുഖഭാവവും നിസ്സഹായതയും ശ്രദ്ധിച്ചാൽ മതി പയ്യൻ പറ്റിച്ച പണിയുടെ ഗൗരവം മനസിലാക്കാൻ! സ്വന്തം മകനായ കുഞ്ഞു കുറ്റവാളിയെ ഓർത്തു വിലപിക്കുന്ന ഒരച്ഛന്റെ വേദനിക്കുന്ന മുഖം! ഒരു ടെറസിന് മുകളിലെ സൈഡുവാളിൽ ഇരുന്നുള്ള ഇവരുടെ ഈ പ്രകടനം ഞാൻ പകർത്തിയത് കുറെ ദൂരെ അതിനു സമാന്തരമായ മറ്റൊരു ടെറസിൽ നിന്നുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |