ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ രാജിവയ്‌ക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഡൽഹിയിലെ കലാപങ്ങളിൽ പരിക്കേറ്റ് ജി.റ്റി.ബി ആശുപത്രിയിൽ കഴിയുന്നവരെ പ്രേമചന്ദ്രൻ എംപി, ആർ.എസ്.പി ഡൽഹി സെക്രട്ടറി ശത്രുജീത് സിംഗ്, നസീം ഹുസൈൻ, മോണ്ഡു സർക്കാർ, മാനവേന്ദ്ര സിംഗ് എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു. ആശുപത്രിയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നും ഇവരിൽ ബഹുഭൂരിപക്ഷവും സംഘർഷവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനയിൽ പങ്കാളികളായ രാഷ്ട്രീയ നേതൃത്വത്തിനെതിരെ നിയമാനുസരണം കേസ് രജിസ്റ്റർ ചെയ്യണം. അക്രമികളെ തടയാനോ പരിക്കേറ്റവർക്ക് ചികിത്സ നൽകാനോ മൃതദേഹങ്ങൾ ബഹുമാനപൂർവ്വം സംസ്‌കരിക്കുന്നതിനോ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പൊലീസ് നടപടി രാജ്യത്തിനു തന്നെ അപമാനമാണ്. രാജ്യത്തെ അപമാനം കൊണ്ട് തലകുനിക്കുന്ന നിലയിലാക്കിയ അമിത് ഷാ അഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നും പുറത്താക്കാനുള്ള ഔചിത്യം പ്രധാനമന്ത്രിക്ക് ഉണ്ടാകണം. ജനരോക്ഷത്തെ മാനിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |