നവാഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഫോറൻസിക് എന്ന സിനിമ തീർത്തും ഒരും അന്വേഷണാത്മക ത്രില്ലർ ഗണത്തിൽപെടുത്താവുന്ന സിനിമയാണ്. ഒരു ത്രില്ലർ സിനിമയ്ക്ക് വേണ്ട എല്ലാ ഗുണഗണങ്ങളും ഒത്തിണക്കി ഒരുക്കിയൊരുക്കിയിരിക്കുന്ന സിനിമ പ്രേക്ഷകർക്ക് ആ ത്രില്ലർ വേണ്ടുവോളം അനുഭവിക്കാനും വഴിയൊരുക്കിയിട്ടുണ്ട്. സെവൻത്ത് ഡേ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് അഖിൽ പോളായിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന പരമ്പര കൊലയാളിയെ കണ്ടെത്താൻ പൊലീസും ഫോറൻസിക് വിദഗ്ദ്ധരും ചേർന്ന് നടത്തുന്ന ശ്രമമാണ് സിനിമയുടെ ആകെത്തുക. ആരാണ് ആ സീരിയൽ കില്ലർ എന്നുള്ളതിൽ നിന്ന് കഥ പറയുന്നതാണ് സിനിമയുടെ ഹൈലൈറ്റ്.
തലസ്ഥാന നഗരത്തിൽ അരങ്ങേറുന്ന ഒരു കുട്ടിയുടെ കൊലപാതകത്തിൽ നിന്ന് തുടങ്ങുന്ന സിനിമ ആദ്യന്തം ത്രില്ലർ സ്വഭാവം നിലനിറുത്തിയാണ് മുന്നേറുന്നത്. സിനിമയുടെ തുടക്കത്തിൽ തന്നെ നായകൻ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് വിദഗ്ദ്ധന്റെ രംഗപ്രവേശനം കാണാം.ഒരു കേസ് അന്വേഷിക്കുന്നതിനിടെ തുടരെത്തുടരെ കൊലപാതകങ്ങൾ അരങ്ങേറുന്നതോടെ സിനിമ കൂടുതൽ സങ്കീർണതയിലേക്ക് കടക്കുന്നു. സീരിയൽ കില്ലർ ആരാണ് എന്ന സൂചന യോടെയാണ് സിനിമയുടെ ആദ്യ പകുുതി അവസാനിക്കുന്നത്. എന്നാൽ യഥാർത്ഥ കില്ലർ ആരാണ് എന്നത് പിന്നീട് ആണ് വെളിവാകുന്നത്.
പലപ്പോഴും പൊലീസ് പരാജയപ്പെടുമ്പോൾ ഫോറൻസിക് വിദഗ്ദ്ധരുടെ നിഗമനങ്ങൾ അവരെ സഹായിക്കാറുണ്ട് . എന്നാൽ പൊലീസിന് വ്യക്തമായ ലീഡ് നൽകുന്ന ടൊവിനോ പക്ഷേ സമാന്തരമായി കേസ് അന്വേഷിക്കുന്നതും സിനിമയിൽ കാണാം. രണ്ടാം പകുതിയിൽ ഇത്തരത്തിലുള്ള സമാന്തര അന്വേഷണമാണ് ടൊവിനോ നടത്തുന്നത്. യഥാർത്ഥ കില്ലറെ കണ്ടെത്തുന്നത് പൊലീസാണോ ഫോറൻസിക് വിദഗ്ദ്ധർ ആണോയെന്ന ചോദ്യത്തിന് ഫോറൻസിക് ആണെന്ന് മറുപടി പറയേണ്ടി വരും.
മികച്ച ഒന്നാം പകുതി ആണെങ്കിലും ആ മികവ് രണ്ടാം പകുതിയിൽ നിലനിർത്തൻ കഴിഞ്ഞില്ലെന്നത് പോരായ്‌മയായി. കേസ് അന്വേഷിക്കുന്ന ഐ.പി.എസ് ഓഫീസറായ ഋതികയുടെ വ്യക്തി ജീവിതവുമായും കേസിനെ കോർത്തിണക്കിയിട്ടുണ്ട്. തീർത്തും പൊലീസിനെ നിഷ്പ്രഭമാക്കുന്ന അന്വേഷണമാണ് ടൊവിനോ നടത്തുന്നത്. കാഴ്ചക്കാർക്ക് മനസിലാക്കാൻ പ്രയാസമുള്ള പല രംഗങ്ങളും സിനിമയിലുണ്ട്.
പതിവുപോലെ ടൊവിനോ തന്റെ വേഷം മികച്ചതാക്കിയിട്ടുണ്ട്. ക്ളൈമാക്സിലെ ടൊവിനോയുടെ ചിരി പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. ഐ പി.എസ് ഓഫിസറായി എത്തുന്ന മംമ്ത മോഹൻദാസിന്റേത് ശരാശരി പ്രകടനം മാത്രമാണ്.
രഞ്ജി പണിക്കർ, പ്രതാപ് പോത്തൻ, സൈജു കുറുപ്പ്, റോണി ഡേവിഡ്, റെബ മോണിക്ക, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അഖിൽ ജോർജാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജേക്ക് ബിജോയിയാണ് പശ്ചാത്തല സംഗീതം സിനിമയ്ക്ക് ഇണങ്ങുന്നതായി.
വാൽകഷണം: ഫോറൻസിക് ടാ
റേറ്റിംഗ്: 2.5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |