തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പാവപ്പെട്ടവർക്ക് നിർമ്മിച്ച വീടുകളുടെ പകുതി പോലും നിർമ്മിക്കാനാവാത്ത പിണറായി സർക്കാർ 2 ലക്ഷം വീടുകൾ നിർമ്മിച്ചെന്ന് മേനി പറഞ്ഞ് കോടികൾ ചെലവാക്കി നടത്തുന്ന ആഘോഷം അൽപ്പത്തരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 90 ശതമാനം പണിപൂർത്തിയാക്കിയ 52,000 വീടുകൾ ഉൾപ്പെടുത്തിയാണ് പിണറായി സർക്കാർ രണ്ടുലക്ഷം തികച്ചത്. എന്നിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. യു.പി.എ സർക്കാർ ആവിഷ്‌കരിച്ച ഇന്ദിരാ ആവാസ് യോജന പദ്ധതിയിൽ മാത്രം ഉമ്മൻചാണ്ടി സർക്കാർ ഗ്രാമങ്ങളിൽ 2.37 ലക്ഷം വീടുകൾ പൂർത്തിയാക്കി. ഈ പദ്ധതി 2014ൽ പ്രധാനമന്ത്രി ആവാസ് യോജന എന്നാക്കിയപ്പോൾ അതിൽ 32,559 വീടുകളും നിർമ്മിച്ചു. മത്സ്യത്തൊഴിലാളികൾക്ക് 15,000 വീടുകളും 450 ഫ്ലാറ്റുകളും നിർമ്മിച്ചു നൽകി. ഭവനനിർമ്മാണ സഹായം 50,000 രൂപയിൽ നിന്ന് രണ്ടുലക്ഷമാക്കി. ഇത് നൂറുശതമാനം സബ്ഡിയായി നൽകി. പട്ടികവർഗ്ഗക്കാർക്ക് 30,308 വീടുകളാണ് നൽകിയത്. വീട് നിർമ്മാണത്തിനുള്ള തുക രണ്ടര ലക്ഷത്തിൽ നിന്ന് മൂന്നര ലക്ഷമാക്കി. പട്ടികജാതി വിഭാഗത്തിന് വീടുവയ്ക്കാനുള്ള സഹായധനം ഒരു ലക്ഷത്തിൽ നിന്ന് മൂന്നുലക്ഷമാക്കി. പാവപ്പെട്ടവരുടെ വീട് നിർമ്മാണത്തിന് സാഫല്യം, സാന്ത്വനം, സായുജ്യം, സൗഭാഗ്യം, ഗൃഹശ്രീ എന്നീ പദ്ധതികളാണ് അന്ന് ഹഡ്‌കോ മാത്രം നടപ്പാക്കിയത്.
യു.ഡി.എഫ് സർക്കാരിന്റെ പദ്ധതികളും പരിപാടികളും പൂർത്തിയാക്കുക മാത്രമാണ് പിണറായി സർക്കാർ ഇതുവരെ ചെയ്തത്. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങിയ യു.ഡി.എഫിന്റെ പദ്ധതികളെ റാഞ്ചാൻ നോക്കി. ഉമ്മൻചാണ്ടി സർക്കാർ വിഭാവനം ചെയ്ത തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ ഈ സർക്കാർ ഇല്ലാതാക്കി. ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വിഴിഞ്ഞം പദ്ധതി ഇഴയുമ്പോൾ 60,000 കോടി മുതൽമുടക്കുള്ള ഹൈസ്പീഡ് റെയിൽവെ പോലുള്ളവ നടപ്പാക്കുമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നു. റെയിൽവെ ലൈനിന്റെ സർവേയ്ക്കുള്ള അനുമതിയെ പദ്ധതിക്കുള്ള അനുമതിയാക്കി പ്രചരിപ്പിക്കുന്നു. പ്രളയബാധിതർക്ക് 10,000 രൂപ പോലും ഇപ്പോഴും വിതരണം ചെയ്യാനായിട്ടില്ല. പിണറായി സർക്കാർ അവസാദപാദത്തിലേക്ക് കടന്നിരിക്കെ ഇരുസർക്കാരുകളുടെയും നേട്ടങ്ങളെക്കുറിച്ച് തുറന്ന സംവാദത്തിന് തയ്യാറാണോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |