കോപം ധാരാളമാളുകൾ ശീലമാക്കിയിരിക്കുന്നു ! എന്നാൽ അവർ അതിനെ സ്വയം തിരഞ്ഞെടുക്കുന്നില്ല, അവർ നിസഹായതയോടെ അതിൽ വീണിരിക്കുന്നു; അതാണ് പ്രശ്നവും. മിക്കവർക്കും, വേദനയിലോ കോപത്തിലോ ആണ് ജീവിതത്തിലെ ഏറ്റവും തീവ്രമായ നിമിഷങ്ങൾ അനുഭവിക്കാനാകുന്നത്.
ഓരോ മനുഷ്യനും എല്ലായ്പ്പോഴും തീവ്രാനുഭവങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. ത്രില്ലറുകൾ, ആക്ഷൻ മൂവികൾ, സ്പോർട്സ് ഇവന്റുകൾ എന്നിവ ജനപ്രിയമാകാൻ കാരണം ആളുകൾ തീവ്രാനുഭവങ്ങൾ ആഗ്രഹിക്കുന്നതിനാലാണ്. ആളുകൾ കുറച്ച് നേരത്തേക്കെങ്കിലും തീവ്രാനുഭവങ്ങൾ ആഗ്രഹിക്കുന്നതിനാലാണ് മയക്കുമരുന്നും ലൈംഗികതയും ലോകത്ത് ഇത്ര വലിയ കാര്യമായിരിക്കുന്നത്. ആ തീവ്രതയാണ് അവരെ ആകർഷിക്കുന്നത്. മനുഷ്യൻ അന്വേഷിക്കുന്നതും തീവ്രാനുഭവം തന്നെയാണ്, അവ മാത്രമേ അവൻ അകപ്പെട്ടിരുക്കുന്ന അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയുള്ളൂ.
കോപം ഒരു വലിയ തീവ്രതയാണ്; ആ തീവ്രത തന്നെയാണ് നിങ്ങളെ വേദനിപ്പിക്കുന്നതും നിങ്ങളെ വളരെയധികം കുഴപ്പങ്ങളിൽ അകപ്പെടുത്തുന്നതും നിങ്ങളെയും ചുറ്റുമുള്ളവരെയും പലതരത്തിൽ നശിപ്പിക്കുന്നതും. കോപത്തിന്റെ തീവ്രത നിങ്ങളെ പല മൂഢ പ്രവൃത്തികളിലേക്കും നയിക്കുന്നു. ഈ തീവ്രതയെ ഉയർന്നതലത്തിലേക്ക് പരിവർത്തനം ചെയ്യേണ്ട സമയമായിരിക്കുന്നു, അവിടെയത് മനോഹരമായിരിക്കും.
തീവ്രതയുടെ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിങ്ങളെ എത്തിക്കുന്ന സാങ്കേതികവിദ്യയാണ് യോഗ. നിങ്ങൾക്ക് അത്രത്തോളം തീവ്രതയിലാകാനായാൽ, നിങ്ങൾ കണ്ണുകളടച്ചാൽ, ജീവിതത്തിലുടനീളം കണ്ണുകൾ തുറക്കേണ്ടതിന്റെ ആവശ്യകത പോലുമുണ്ടാകില്ല, കാരണം ജീവിതം അത്രത്തോളം തീവ്രതയിലാണ് സംഭവിക്കുന്നത്. ആരെങ്കിലും ധ്യാനിക്കുമ്പോൾ ആളുകൾ കരുതുന്നത്, അവൻ നിഷ്ക്രിയനായിട്ട് ഇരിക്കുന്നു എന്നാണ്. നിഷ്ക്രിയത്വം ജീവിതത്തെ താഴ്ത്തുന്നു. ധ്യാനം ജീവിതത്തെ ഒരിക്കലും താഴ്ത്തുന്നില്ല. അത് കൊടുമുടിയിലേക്ക് ഉയർത്തി വിടുകയാണ് ചെയ്യുന്നത്.
നിങ്ങൾ തീവ്രതയുടെ ഏറ്റവും ഉയർന്ന അവസ്ഥയിലാണെങ്കിൽ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ആവേശകരമായ കാര്യം വെറുതെ ഇരിക്കുക എന്നതായിരിക്കും. ശിവൻ സഹസ്രാബ്ദങ്ങളായി അങ്ങനെ ഇരുന്നു, കാരണം അദ്ദേഹം അത്ര ഉച്ചസ്ഥായിയിലായിരുന്നു. അദ്ദേഹത്തിന് എഴുന്നേറ്റ് എന്തെങ്കിലും ചെയ്യണം എന്നൊന്നുണ്ടായില്ല. അതിനാൽ നിങ്ങളുടെ 'വോൾട്ടേജ് ' വർദ്ധിക്കുകയാണെങ്കിൽ, സ്വാഭാവികമായും നിങ്ങൾ കാണേണ്ടതെല്ലാം കാണും.
ശിവൻ തന്റെ വോൾട്ടേജ് വളരെ ഉയർന്നതാക്കിയതിനാലാണ്, അദ്ദേഹത്തിന്റെ മൂന്നാം കണ്ണ് തുറന്നത്. 'മൂന്നാം കണ്ണ്' എന്നാൽ നെറ്റിയിലെ കണ്ണ് എന്നർത്ഥമില്ല. മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത കാര്യങ്ങൾ അദ്ദേഹത്തിന് ലഭ്യമായി എന്നാണതിനർത്ഥം. നിങ്ങളുടെ വോൾട്ടേജ് ഉയർത്തിയാൽ നിങ്ങൾക്കുമത് ലഭ്യമാകും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |