
ജപിച്ച ചരട് കൈയിലും കഴുത്തിലും അരയിലുമൊക്കെ പലരും കെട്ടാറുണ്ട്. ഇങ്ങനെയുള്ള ചരടുകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നാണ് വിശ്വാസം. ഈ ചരടിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? കറുത്ത നിറത്തിലുള്ള ചരടായിരിക്കും കൂടുതൽപ്പേരും ധരിക്കുക. ഇത് എന്തുകൊണ്ടാണെന്ന് അറിയുമോ? കറുപ്പിനുപുറമേ ചുവപ്പ്, മഞ്ഞ,ഓറഞ്ച് നിറത്തിലെ ചരടുകളും ധരിക്കാറുണ്ട്.
കറുപ്പ് നിറം
നവഗ്രഹങ്ങളിലെ ശനി, രാഹു എന്നിവയെ പ്രീതിപ്പെടുത്താനാണ് കറുത്ത ചരട് ധരിക്കുന്നത്. ഇതിലൂടെ ശനി, രാഹു ദോഷങ്ങൾ നീങ്ങും. ദൃഷ്ടിദോഷം മാറാൻ ഏറ്റവും ഉത്തമം കറുത്ത ചരട് കെട്ടുന്നതാണെന്നാണ് വിശ്വാസികൾ പറയുന്നത്. കുഞ്ഞുങ്ങളുടെ അരയിൽ കറുത്ത ചരട് കെട്ടുന്നതിലൂടെ നെഗറ്റീവ് ഊർജത്തിൽ നിന്ന് സംരക്ഷണം നൽകും.
ചുവപ്പ്
ചൊവ്വയെ പ്രീതിപ്പെടുത്താനുതകുന്ന നിറമാണ് ചുവപ്പ്. ദേവീക്ഷേത്രങ്ങളിൽ നിന്ന് ചുവന്ന ചരട് ജപിച്ചുകെട്ടുന്നത് ബാധദോഷവും ശത്രുദോഷവും നീക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ചുവന്ന ചരട് ജപിച്ച് കൈയിൽ കെട്ടുന്നതിനെ രക്ഷാസൂത്ര എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ദൈവത്തിന്റെ സ്വാധീനമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ജീവിതത്തിൽ പോസിറ്റീവ് ഊർജത്തെ നിറയ്ക്കാൻ ഇതിന് കഴിയുമെന്നാണ് കരുതുന്നത്. പൂജിച്ച ചുവന്ന ചരട് കയ്യിൽ കെട്ടുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും എന്നും വിശ്വസിക്കപ്പെടുന്നു.
കാവി,ഓറഞ്ച്
ജീവിതത്തിൽ സമാധാനവും,സന്തോഷവും,ഐശ്വര്യവും കൊണ്ടുവരാൻ കാവിനിറത്തിലുളള ചരട് കൈയിൽ കെട്ടുന്നതിലൂടെ കഴിയും എന്നാണ് വിശ്വാസം.
മഞ്ഞ
വിവാഹ കർമ്മങ്ങളിലാണ് മഞ്ഞനിറത്തിലുള്ള ചരടിന് കൂടുതൽ സ്ഥാനം. വിഷ്ണുഭഗവാനെയാണ് ഇത് സൂചിപ്പിക്കുന്നത്. ജാതകവശാൽ ചിലരിൽ ബൃഹസ്പതി ദോഷമുണ്ടാകും. ഇത് നീക്കാനാണ് മഞ്ഞച്ചരട് കെട്ടുന്നത്. മഞ്ഞച്ചരട് ധരിക്കുന്നത് ഏകാഗ്രതയും ആത്മവിശ്വാസവും കൂട്ടുമെന്നും വിശ്വസിക്കപ്പെടുന്നു.
1008 പ്രാവശ്യം മന്ത്രം ജപിച്ച് പൂജിച്ചു കെട്ടുന്ന ചരടിന് 64 ദിവസത്തേക്ക് ശക്തിയുണ്ടാകും. 504 പ്രാവശ്യം ജപിച്ച ശേഷം ധരിക്കുന്ന ചരട് 41 ദിവസത്തേക്കും 336 പ്രാവശ്യം ജപിച്ചത് 21 ദിവസത്തേക്കും 108 പ്രാവശ്യം ജപിച്ചത് 12 ദിവസത്തേക്കും ശക്തിയുള്ളത് ആയിരിക്കും. ആ സമയം കഴിഞ്ഞാൽ ചരട് അഴിച്ചെടുത്ത് ജലാശയത്തിൽ കളയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |