''അങ്ങോട്ട് നടക്കെടാ."
എസ്.ഐ ബോബികുര്യൻ, സിദ്ധാർത്ഥിന്റെ തോളിൽ പിടിച്ചു മുന്നോട്ടു തള്ളി.
സിദ്ധാർത്ഥ് തോളിനു മുകളിലൂടെ തല തിരിച്ച് അയാളെ രൂക്ഷമായി നോക്കി.
''തള്ളും പിടിയും ഒന്നും വേണ്ട സാറേ. അല്ലാതെ എനിക്ക് പോകാനറിയാം."
ബോബികുര്യൻ എന്തോ പറയുവാൻ ഭാവിച്ചു. അപ്പോഴേക്കും സുരേഷും ചാണ്ടിയും മാത്യുവും അയാൾക്കു മുന്നിലെത്തി.
''ദേ സാറേ... കൊണ്ടുപോകുന്നത് ഞങ്ങടെ കൂട്ടുകാരനെയാ. നിങ്ങൾ അറസ്റ്റുചെയ്യാൻ വന്നപ്പോൾ ഇവൻ എതിർക്കുകയോ ഓടിപ്പോകുവാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ കൈകൊണ്ടുള്ള കളി വേണ്ടാ. അത് ഇവിടെ വച്ചായാലും അങ്ങ് പോലീസ് സ്റ്റേഷനിൽ ചെന്നിട്ടായാലും."
വൈറസ് മാത്യുവിന്റെ ശബ്ദത്തിൽ താക്കീതിന്റെ ധ്വനി മുഴച്ചുനിന്നു.
ബോബികുര്യൻ അമർത്തി മൂളി.
ഡിവൈ.എസ്.പി ശങ്കർദാസ് ഒന്നും മിണ്ടെണ്ടെന്ന് അയാളെ കണ്ണടച്ചു കാണിച്ചു.
സിദ്ധാർത്ഥ് ചെന്നു മുന്നിൽ കിടന്നിരുന്ന ബൊലേറോയുടെ പിന്നിൽ കയറി.
''മീറ്റർ ചാണ്ടി ആ നിമിഷം ഫോൺ എടുത്ത് ആർക്കോ കോൾ അയച്ചു.
പോലീസുകാർ സിദ്ധാർത്ഥിനെയും കൊണ്ടു മടങ്ങിയതിനു പിന്നാലെ ചാണ്ടിയും സംഘവും ഓട്ടോയിൽ പിറകെ പോയി...
കിഴവള്ളൂർ.
പോലീസ് സ്റ്റേഷനിലേക്കു പോകാതെ വാഹനങ്ങൾ നേരെ എത്തിയത് സിദ്ധാർത്ഥ് അമ്മയെ അടക്കം ചെയ്ത സ്ഥലത്താണ്.
അവിടെ സാമാന്യം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്.
''ഇറങ്ങിവാടാ."
പുറത്തേക്കു കാൽവച്ചതും എസ്.ഐ ബോബികുര്യൻ സിദ്ധാർത്ഥിനെ നോക്കി ചീറി.
യാതൊരു തിടുക്കവും കൂടാതെ അവൻ ഇറങ്ങി.
ആ ജെ.സി.ബി അവിടെത്തന്നെ ഉണ്ടായിരുന്നു.
ഡിവൈ.എസ്.പി ശങ്കർദാസ് സിദ്ധാർത്ഥിന്റെ അടുത്തെത്തി.
ബോബികുര്യൻ അവന്റെ വിലങ്ങഴിച്ചു മാറ്റി.
''ഇനി നീ തന്നെ ആ ജെ.സി.ബിയിൽ കയറി മണ്ണ് മാറ്റ്. എന്നിട്ട് നിന്റെ അമ്മയുടെ ബോഡി പുറത്തെടുക്ക്."
ശങ്കർദാസ് കൽപ്പിച്ചു.
സിദ്ധാർത്ഥ് തലകുടഞ്ഞു.
''അത് നടക്കത്തില്ല സാറേ..."
''എടാ..." രോഷത്തോടെ ശങ്കർദാസ് കൈ ഓങ്ങി.
എന്നാൽ, ജനങ്ങൾ നോക്കിനിൽക്കുന്നതിനാൽ അത് വേണ്ടെന്നുവച്ചു.
വിവരം മണത്തറിഞ്ഞതുപോലെ കേരളത്തിലെ പ്രമുഖ ചാനലുകാരെല്ലാം കുതിച്ചെത്തി.
''നിന്നെക്കൊണ്ടുതന്നെ ഞാനീ ശവം മാന്തിയെടുപ്പിക്കും."
പല്ലുകടിച്ച് ഡിവൈ.എസ്.പി, സിദ്ധാർത്ഥിനോട് ശബ്ദം താഴ്‌ത്തി.
''സാറ് പഠിച്ച പോലീസ് ട്രെയിനിംഗിനൊന്നും അത് കഴിയത്തില്ല സാറേ."
സിദ്ധാർത്ഥും പതറിയില്ല.
അടുത്ത നിമിഷം രണ്ട് ഡസനോളം ഓട്ടോകൾ പാഞ്ഞെത്തി. അവയിൽ നിറയെ ഡ്രൈവറന്മാർ.
ശങ്കർദാസിന്റെ നെറ്റി ചുളിഞ്ഞു.
ഓട്ടോകൾ മഹിമാമണിയെ അടക്കം ചെയ്തതിനു മുകളിൽ നിരന്നു നിന്നു.
''വണ്ടിയെടുത്ത് മാറ്റെടാ റോഡ് ബ്ളോക്കാക്കാതെ."
ബോബികുര്യൻ കെയിൻ ചൂണ്ടി അലറി.
ചെമ്പല്ലി സുരേഷ് ചിരിച്ചു.
''ഞങ്ങടെ അക്കൗണ്ടിലും കെടക്കട്ടെ സാറേ ഒരു ബ്ളോക്കൊക്കെ. കഴിഞ്ഞയാഴ്ച കിഴക്കേകോട്ടയിൽ സർക്കാർ ബസ്സുകൾ റോഡ് ബ്ളോക്കാക്കിയില്ലേ? തലസ്ഥാന നഗരി നിശ്ചലമാക്കിയില്ലേ? മന്ത്രിമാരുടെ മൂക്കിനു താഴെ നടന്ന സംഭവമായിട്ടും ആഭ്യന്തരമന്ത്രി സ്ഥലത്തുണ്ടായിട്ടും നിങ്ങൾ പോലീസുകാർക്ക് എന്തുചെയ്യാൻ കഴിഞ്ഞു?"
ആ ചോദ്യത്തിനു മുന്നിൽ ബോബികുര്യൻ വിളറി.
''എന്തുവന്നാലും ഞങ്ങള് വണ്ടി മാറ്റത്തില്ല. സിദ്ധാർത്ഥിന്റെ അമ്മയുടെ ശരീരം പുറത്തെടുക്കാൻ സമ്മതിക്കത്തുമില്ല."
ഡ്രൈവറന്മാർ ഒറ്റക്കെട്ടായി.
കുഴിച്ചിട്ട മൃതദേഹം സിദ്ധാർത്ഥിനെക്കൊണ്ടുതന്നെ മാന്തിയെടുപ്പിച്ച് തങ്ങളുടെ പ്രതിച്ഛായയ്ക്ക് ഏറ്റ മങ്ങൽ മാറ്റാമെന്നു കരുതിയ പോലീസുദ്യോഗസ്ഥർ കുഴങ്ങി.
ഡിവൈ.എസ്.പിയും എസ്.ഐയും അല്പം അകലേക്കു നീങ്ങിനിന്നു സംസാരിച്ചു.
''കഴിവതും സംഘർഷം ഒഴിവാക്കി പ്രശ്നം തീർക്കണമെന്നാണ് എസ്.പി പറഞ്ഞിരിക്കുന്നത്. താൻ തന്നെ അതിനൊരു സൊല്യൂഷൻ പറയെടോ."
ശങ്കർദാസ്, ബോബികുര്യന്റെ മറുപടിക്കു കാതോർത്തു.
''നമ്മൾ വിചാരിക്കുന്നതു പോലെ ഈ പ്രശ്നം തീരില്ല സാർ... ഒരു ലാത്തിച്ചാർജ് നടത്താതെ കാര്യം നടക്കില്ല."
ബോബികുര്യൻ തീർത്തു പറഞ്ഞു.
ശങ്കർദാസ് അല്പനേരം ചിന്തിച്ചു. പിന്നെ സിദ്ധാർത്ഥിനെ തന്റെ അരികിലേക്കു വിളിപ്പിച്ചു.
''ഞങ്ങൾക്കും പല പരിമിതികളുണ്ട് സിദ്ധാർത്ഥ്. ഏതായാലും തന്റെ അമ്മയുടെ ബോഡി ഇവിടെ നിന്നു മാറ്റിയേ പറ്റൂ. ഒരു പ്രശ്നമുണ്ടായാൽ ഇരുഭാഗത്തും നഷ്ടങ്ങളുണ്ടാകും. അത് പാടില്ല. കാര്യം രമ്യമായി പരിഹരിക്കണം. അത് നീ വിചാരിച്ചാലേ നടക്കൂ."
ശങ്കർദാസ് കഴിവതും ശബ്ദം മയപ്പെടുത്തി.
''എന്റെ അമ്മ മരിച്ചതല്ല സാറേ. നിങ്ങളിൽ കുറേപ്പേരും മന്ത്രി പന്തളം സുശീലനും ചേർന്ന് കൊന്നതാ. അവര് അല്പം മാന്യത കാണിച്ചിരുന്നെങ്കിൽ എനിക്ക് അമ്മയെ നഷ്ടപ്പെടില്ലായിരുന്നു. ഇങ്ങനൊരു സിറ്റ്വേഷൻ വരികയുമില്ലായിരുന്നു." സിദ്ധാർത്ഥ് പറഞ്ഞു.
''ഒക്കെ എനിക്കറിയാം. എന്തായാലും ബോഡി ഇവിടെ അടക്കം ചെയ്യാൻ ഞങ്ങള് സമ്മതിക്കില്ല. ഇനി ബലപ്രയോഗം നടത്തിയിട്ടായാലും അത് ഞങ്ങൾ ഇവിടെനിന്നു മാറ്റും." ഇപ്പോൾ ഡിവൈ.എസ്.പിയുടെ ശബ്ദം മാറി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |