''ഈ പറഞ്ഞത് അത്ര എളുപ്പമാണെന്ന് സാറിന് തോന്നുന്നുണ്ടോ?"
സിദ്ധാർത്ഥ് നെഞ്ചുവിരിച്ചുനിന്നു.
ഡിവൈ.എസ്.പി ശങ്കർദാസിന്റെ മുഖം മുറുകി.
''നിന്റെ കൂട്ടുകാരുടെ പിൻബലത്തിലാണ് ഈ അഹങ്കാരമെങ്കിൽ അത് വേണ്ടെടാ. ഒന്നു തീരുമാനിച്ചാൽ അത് നടത്തിയിരിക്കും ഈ ശങ്കർദാസ്. പിന്നെ... ഇവിടെ എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി നീ മാത്രമായിരിക്കും."
ശങ്കർദാസ് തൊപ്പി ഒന്നുകൂടി ഉറപ്പിച്ചു വച്ചു.
''ഈ വിഷയം മാന്യമായി പരിഹരിക്കപ്പെടണമെങ്കിൽ ഒറ്റ വഴിയേ ഉള്ളു സാർ. എല്ലാത്തിനും കാരണക്കാരായ മന്ത്രിയും എസ്.പിയും ഇവിടെ വരണം. ഈ ജനങ്ങൾക്കു മുന്നിൽ തങ്ങൾ ചെയ്തത് തെറ്റായിപ്പോയി എന്ന് സമ്മതിക്കണം."
സിദ്ധാർത്ഥ് ഷർട്ടിന്റെ കോളർ ഒന്നിളക്കിവിട്ടു.
''ഇംപോസിബിൾ." ശങ്കർദാസ് പുച്ഛിച്ചു ചിരിച്ചു. ''ഈ കാര്യം ഒരിക്കലും നടക്കില്ല. നീ മര്യാദയ്ക്ക് നിന്റെ കൂട്ടുകാരോട് ഓട്ടോകൾ മാറ്റിയിടാൻ പറ. എന്നിട്ട് ചീഞ്ഞളിഞ്ഞ് നാറും മുൻപ് നിന്റെ അമ്മയുടെ ബോഡി വീട്ടിൽ കൊണ്ടുപോയി സംസ്കരിക്ക്."
''അതും ഇംപോസിബിൾ ആണു സാറേ..." സിദ്ധാർത്ഥും തീർത്തറിയിച്ചു.
അവനെ തീർത്തും അവഗണിച്ച് ശങ്കർദാസ് ഓട്ടോഡ്രൈവറന്മാരുടെ അടുത്തേക്കു നീങ്ങി.
''ഒരു തവണകൂടി ഞാൻ പറയുന്നു. നിങ്ങൾ വണ്ടികൾ മാറ്റിയിടണം."
''അത് പറ്റത്തില്ല സാറേ..." ഓട്ടോക്കാർ ഒന്നടങ്കം പറഞ്ഞു. ''സിദ്ധാർത്ഥിന്റെ അമ്മ ഇവിടെത്തന്നെ അന്ത്യവിശ്രമം കൊള്ളും."
റോഡുകൾ ബ്ളോക്കായ കാരണം റോഡിന്റെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.
പൊടുന്നനെ പത്തനംതിട്ട ഭാഗത്തുനിന്ന് രണ്ട് തൂവെള്ള ഇന്നോവ കാറുകളും അതിനു പിന്നാലെ നീലചായമടിച്ച പോലീസിന്റെ ഒരു ബസ്സും എത്തി. ഒരു കാറിൽ കളക്ടറും അടുത്തതിൽ എസ്.പിയുമായിരുന്നു.
ബസ്സിൽ നിന്നു ചാടിയിറങ്ങിയ മുപ്പതോളം പോലീസുകാർ അവർക്കിരുവർക്കും വഴിയൊരുക്കി മുന്നോട്ടടുത്തു.
ഓട്ടോക്കാർക്കു മുന്നിൽ പോലീസുകാർ ഫൈബർ ഷീൽഡുകളും ലാത്തികളുമായി നിരന്നു.
''പോലീസ് ഗോ ബാക്ക്."
മീറ്റർ ചാണ്ടി വിളിച്ചു പറഞ്ഞു.
മറ്റുള്ളവർ അതേറ്റുപിടിച്ചു.
എസ്.പിയും കളക്ടറും സമരക്കാരുമായി സംസാരിച്ചു. മൃതദേഹം പുറത്തെടുക്കുന്നതിനെ സമരക്കാർ എതിർത്തുനിന്നു.
കളക്ടർ, എസ്.പിയുമായി സംസാരിച്ചു.
''എന്തായാലും മൃതദേഹം പുറത്തെടുത്തേ പറ്റൂ."
എസ്.പി ബൊലേറോയിൽ ഉണ്ടായിരുന്ന മെഗാഫോൺ വഴി സമരക്കാർക്കു മുന്നറിയിപ്പു നൽകി.
''നിങ്ങൾ സമാധാനപരമായി പിരിഞ്ഞുപോകണം. പോലീസിന്റെ ജോലി തടസ്സപ്പെടുത്തരുത്."
''ഞങ്ങളെ തല്ലിക്കൊല്ലാതെ നിങ്ങൾക്ക് ഇവിടം മാന്താൻ കഴിയില്ല സാറമ്മാരേ..."
ഓട്ടോക്കാരും ആവേശത്തോടെ വിളിച്ചുപറഞ്ഞു.
ഒരു ലാത്തിച്ചാർജ്ജ് അനിവാര്യമാണെന്ന് എസ്.പിക്കു ബോദ്ധ്യമായി. അക്കാര്യം അയാൾ കളക്ടറുമായി സംസാരിച്ചു.
''നോ." കളക്ടർ എതിർത്തു. ''യാതൊരു കാരണവശാലും പാടില്ല. മാത്രമല്ല ഓട്ടോക്കാർ എതിർത്തുനിൽക്കുന്നു എന്നല്ലാതെ പ്രകോപനമൊന്നും സൃഷ്ടിക്കുന്നുമില്ല. നമുക്ക് ചർച്ചയിലൂടെ കാര്യം പരിഹരിക്കാൻ ശ്രമിക്കാം."
എസ്.പി കൃഷ്ണപ്രസാദിന്റെ മുഖമിരുണ്ടു.
ഇവന്മാരെ തല്ലിയോടിക്കണം. അല്ലെങ്കിൽ മറ്റുള്ളവർക്ക് ഒരു പാഠമാകില്ല.
അയാൾ അങ്ങനെ ചിന്തിച്ച നിമിഷത്തിൽ സെൽഫോൺ വിറച്ചു. അതെടുത്ത് നോക്കിക്കൊണ്ട് അയാൾ ഒരു ഭാഗത്തേക്കു മാറി. ശേഷം ഫോൺ കാതിലമർത്തി.
''എന്താ ഷാജീ?"
''ഓട്ടോക്കാർ ഒന്നിനും സമ്മതിക്കുന്നില്ല. അല്ലേ? ഞാൻ സഹായിക്കണോ?" ഷാജി ചെങ്ങറയുടെ ചോദ്യം കേട്ടു.
കൃഷ്ണപ്രസാദിന്റെ കണ്ണുകളിൽ ഒരു തിളക്കം വന്നു.
ഷാജി ചോദിച്ചതിന്റെ പൊരുൾ അയാൾക്കു മനസ്സിലായി. എസ്.പി ചുറ്റും ഒന്നു ശ്രദ്ധിച്ചുകൊണ്ട് ശബ്ദം താഴ്‌ത്തി.
''വേണം. കളക്ടറുമുണ്ട് ഇവിടെ." അതൊരു സൂചനയായിരുന്നു.
''ഓക്കെ സാർ... ഒരഞ്ചു മിനുട്ട്."
കോൾ മുറിഞ്ഞു.
മൂന്നു മിനിട്ടു കഴിഞ്ഞപ്പോൾ ബൈക്കിൽ നാലുപേർ വന്നു.
ജനക്കൂട്ടത്തിനിടയിലൂടെ അവർ ഓട്ടോക്കാർക്കു പിന്നിലെത്തി. പിന്നെ രണ്ട് ബിയർകുപ്പികൾ എടുത്തു. അതിൽ പെട്രോൾ നിറച്ചിരുന്നു. കുപ്പിയിൽ നിന്ന് പുറത്തേക്ക് നീട്ടിയ കട്ടിയുള്ള തുണിക്കഷണവും.
രണ്ടുപേർ ഒരേ സമയം ലൈറ്റർ ഉപയോഗിച്ച് പെട്രോൾ നനഞ്ഞ തുണിയിലേക്കു തീ പിടിപ്പിച്ചു. അടുത്ത നിമിഷം മറ്റ് രണ്ടുപേരും കുപ്പികൾ ശക്തിയിൽ വലിച്ചെറിഞ്ഞു.
കളക്ടറുടെ തൊട്ടുമുന്നിൽ വീണ് വലിയ ശബ്ദത്തോടെ കുപ്പികൾ പൊട്ടിത്തെറിച്ചു.
തീപ്പൊട്ടുകളായി പെട്രോൾ ചുറ്റും ചിതറി.
''ഹാ...." കളക്ടർ ഞെട്ടി പിന്നോട്ടു മാറി.
എസ്.പി കൃഷ്ണപ്രസാദ് കുതിച്ചെത്തി.
''ചാർജ്ജ്." അയാൾ അലറി.
''കമോൺ..." ശങ്കർദാസ് തന്റെ സേനയ്ക്കു നിർദ്ദേശം കൊടുത്തുകൊണ്ട് ഓട്ടോക്കാർക്കു നേരെ പാഞ്ഞു.
നടുങ്ങിപ്പോയി സിദ്ധാർത്ഥും മറ്റ് ഓട്ടോക്കാരും....
തങ്ങളിൽ ആരുമല്ല ഇത് ചെയ്തതെന്ന് അവർക്ക് ഉറപ്പായി.
സിദ്ധാർത്ഥിന്റെ കണ്ണുകൾ വട്ടം ചുറ്റി. ഓട്ടോകൾക്കു പിന്നിൽ നിന്നു കുതിച്ചു പായുന്നവരെ അവൻ കണ്ടു.
''സുരേഷേ... ചാണ്ടീ.... അവന്മാരാ അതു ചെയ്തത്. വിടരുത്." കൈചൂണ്ടിക്കൊണ്ട് സിദ്ധാർത്ഥും അവർക്കു പിന്നാലെ ഓടുവാൻ ഭാവിച്ചു.
എന്നാൽ പിന്നിൽ നിന്ന് അവന്റെ ഷർട്ടിൽ ഒരു പിടിവീണു.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |