തിരുവനന്തപുരം: ഓൺലൈൻ വഴി വിവരാവകാശ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരമൊരുക്കാതെ കേരളം ഒളിച്ചുകളിക്കുന്നു. വിവരാവകാശ നിയമമനുസരിച്ച് അപേക്ഷകൾ നൽകാൻ ഓൺലൈൻ പോർട്ടലുകൾ വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലെ മറുപടി സത്യവാങ്മൂലത്തിലാണ് കേരളമടക്കം 24 സംസ്ഥാനങ്ങൾ ഈ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഈ സംസ്ഥാനങ്ങളോട് ഉടൻ മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഓൺലൈൻ പോർട്ടൽ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് 2013ൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. നിലവിൽ ഡൽഹി, മഹാരാഷ്ട്ര, നാഗാലൻഡ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിവരാവകാശത്തിനായി ഓൺലൈൻ പോർട്ടലുകളുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ നേരിട്ടോ തപാൽ വഴിയോ മാത്രമാണ് വിവരാവകാശ അപേക്ഷകൾ നൽകുവാൻ സാധിക്കുന്നത്. ഇത്തരത്തിൽ അപേക്ഷകൾ നൽകുന്നതും മറുപടി അയക്കുന്നതും ചിലവേറിയതും സമയനഷ്ടമുണ്ടാക്കുന്നതാണെന്നും ഹർജിക്കാരായ പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടി. അപേക്ഷ ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ മറുപടികൾ നൽകാത്ത സാഹചര്യങ്ങളും ഏറെയാണ്. വിവരാവകാശ നിയമപ്രകാരം ജീവനെയോ സ്വത്തിനെയോ ബാധിക്കുന്ന വിവരങ്ങൾ 48 മണിക്കൂറിനുള്ളിൽ ലഭിക്കാനുള്ള അവകാശം നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |