SignIn
Kerala Kaumudi Online
Monday, 23 February 2026 6.10 PM IST

പ്രതി​രോ​ധവും ധർമ്മവും

Increase Font Size Decrease Font Size Print Page
corona-

കൊറോണ അഥവാ കോവിഡ് 19 എന്ന രോഗ​ത്തിന്റെ പി​ടി​യിൽപ്പെട്ട് ലോക​മാകെ വിറ​കൊ​ള്ളു​ക​യാ​ണ്. വളരെ വേഗം പടരു​ന്നു​വെ​ന്നതും രോഗ​ശ​മ​ന​ത്തി​നായി നേരി​ട്ടൊരു ഔഷധം ഇല്ലെ​ന്ന​തു​മാണ് രോഗത്തെ ഇത്രയും ഭീതി​ദ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അതു​യർത്തുന്ന ഭീഷ​ണി​യു​ടെയും പ്രത്യാഘാ​ത​ത്തി​ന്റെയും വ്യാപ്തി​യെ​ന്തെന്നു ലോകത്തെ ബോദ്ധ്യപ്പെ​ടു​ത്തു​ന്ന​താണ് മഹാ​മാ​രി​യെന്ന ലോകാ​രോ​ഗ്യ​സം​ഘ​ട​ന​യുടെ പുതിയ പ്രഖ്യാ​പ​നം. ചൈന​യിൽ നിന്നു​ദ്ഭ​വിച്ച് കേവലം അഞ്ചോ ആറോ ആഴ്ച​കൾക്കു​ള്ളിൽ ലോക​ത്താകെ പടർന്നു​ക​യ​റിയിരിക്കുന്ന മഹാ​വ്യാ​ധിയെ ചെറു​ക്കാൻ ലോകരാജ്യങ്ങൾ അവ​ര​വർക്കാ​യ​തെല്ലാം വിശ്ര​മ​മി​ല്ലാതെ ചെയ്യു​ക​യാ​ണ്. ഹസ്തദാനം നടത്തിയും മുത്തം നല്കിയും ആലിം​ഗനം ചെയ്തും സ്‌നേഹത്തിന്റെയും സഹ​ക​ര​ണ​ത്തി​ന്റെയും ഐക്യ​ത്തി​ന്റെയും പുത്തൻ സമ​വാ​ക്യം തീർത്ത മനു​ഷ്യൻ അതിൽ നിന്നെല്ലാം പിൻവാ​ങ്ങു​ന്നു, പിൻവാ​ങ്ങാൻ ആഹ്വാനം ചെയ്യുന്നു


പണക്കൊഴുപ്പിന്റെ മേളകളായിത്തീരുന്ന ഉത്സ​വ​ങ്ങളും ആർഭാ​ട​ത്തിന്റെ വിളം​ബ​ര​ങ്ങ​ളാ​യി​ത്തീ​രുന്ന വിവാ​ഹ​ങ്ങളും അഭിമാനത്തിന്റെ പ്രകടനമായിത്തീരുന്ന സത്ക്കാ​ര​ങ്ങളും വേണ്ടെന്നു വയ്ക്കാൻ നിർബ​ന്ധിതമായി​ത്തീ​രുന്ന സാഹ​ച​ര്യ​ത്തി​ലേക്ക് മനു​ഷ്യൻ എത്തിപ്പെട്ടി​രി​ക്കു​ന്നു. വിദ്യാ​ല​യ​ങ്ങളും സദ്യാ​ല​യ​ങ്ങളും ആരാ​ധ​നാ​ല​യ​ങ്ങളും പ്രദർശ​ന​ശാ​ല​ക​ളു​മെല്ലാം നിശ്ച​ല​മാ​യി​ക്കി​ട​ക്കുന്ന യുദ്ധ​സ​മാ​ന​മായ ഒരു​കാലം തന്നെ ഉരു​ത്തി​രി​ഞ്ഞി​രി​ക്കു​ന്നു.


യാത്ര​കളും വിനോ​ദ​ങ്ങ​ളു​മെ​ന്നു​വേണ്ട ആരാധനാലയങ്ങളിലെ പ്രാർത്ഥ​ന​കൾക്കുപോലും വില​ക്കു​കളും നിയന്ത്രണങ്ങളുമുണ്ടാ​വുന്ന ഒരു കാലം നമ്മുടെ ഓർമ്മയിലില്ല. ഇങ്ങനെ മനു​ഷ്യനെ നിസാരനാക്കുന്ന മഹാരോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ലോക​രാ​ജ്യ​ങ്ങൾക്കൊപ്പം കേര​ളവും ആവുന്നതെല്ലാം ചെയ്യു​ക​യാ​ണ്. ഒന്നാലോചിച്ചാൽ ഈ തത്ര​പ്പാ​ടെല്ലാം എന്തി​നു​വേ​ണ്ടി​യാ​ണ് ? ഒരു മനു​ഷ്യ​ജീ​വൻ പോലും ഈ മഹാ​രോ​ഗ​ത്താൽ നഷ്ട​പ്പെ​ടാ​തി​രി​ക്കാൻ വേണ്ടി​യാ​ണ്. ഈ മുന്നൊ​രു​ക്ക​ങ്ങ​ളെല്ലാം ഇന്ദ്രിയലാളനകളാൽ സുഖം തേടുന്ന മനുഷ്യശരീരത്തിൽ ഈ രോഗ​ത്തിന്റെ വൈറ​സിന് ഇരി​ക്കാ​നൊ​രിടം ഉണ്ടാ​വാതി​രി​ക്കാൻ വേണ്ടി​യാ​ണ്. ഇക്കാ​ര്യ​ത്തിൽ ജാഗ്ര​ത​ പുലർത്തുന്ന ആരോ​ഗ്യ​പ്രവർത്തകരെയും സർക്കാർ സംവി​ധാ​ന​ങ്ങ​ളെയും അഭിന​ന്ദിക്കുന്നു. എന്നാൽ ഇതിനോടൊപ്പം ചേർത്ത് പറയേണ്ട ഒരു കാര്യം ഇവിടെ പറ​യാ​തി​രി​ക്കാൻ കഴി​യു​ന്നുമി​ല്ല. മനു​ഷ്യ​സു​ര​ക്ഷയുടെ പേരിൽ, സാമൂ​ഹ്യ​സു​ര​ക്ഷ​യുടെ പേരിൽ, മനു​ഷ്യ​രുടെ വിനി​മ​യവും കൂടി​ച്ചേ​രലും പര​മാ​വധി വില​ക്കു​കയും നിയ​ന്ത്രി​ക്കു​കയും ചെയ്യുന്ന ഭര​ണ​കർത്താ​ക്കൾ രോഗപ്രതിരോധത്തിന് ​വേണ്ടി ഇനി​യെ​ന്തു​ ചെ​യ്യാനും മടി​ക്കി​ല്ലെന്നു തുറന്ന് പറ​യു​ന്നതിനൊപ്പം നമ്മുടെ നാട്ടി​ലുള്ള മദ്യശാലക​ളെല്ലാം തുറന്നു വയ്ക്കാൻ അനുവദിക്കുന്നത് ഒരു വിരോ​ധാ​ഭാ​സ​മല്ലേയെന്ന് ​തോ​ന്നു​ക​യാ​ണ്.


മനു​ഷ്യ​ജീ​വനു ഭീഷ​ണി​യായി വ്യാപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കൊറോ​ണ ​പോ​ലെയോ അതി​ല​ധി​കമോ മനു​ഷ്യ​ജീ​വനു ആപ​ത്തു ​വ​രു​ത്തുന്ന ഒന്നാണ് മദ്യവും മറ്റ് ലഹ​രിഉത്പ​ന്ന​ങ്ങ​ളും. ഒരു കണ​ക്കെ​ടുപ്പു നട​ത്തി​യാൽ മദ്യ​പാനം കൊണ്ട് ജീവൻ നഷ്ട​പ്പെട്ടവരുടെ എണ്ണം കൊറോണ കൊണ്ട് ജീവൻ നഷ്ട​പ്പെ​ട്ട​വ​രുടെ എണ്ണ​​ത്തെക്കാൾ എത്രയോ മടങ്ങ് അധി​ക​മാ​യി​രി​ക്കു​മെന്ന് നമുക്ക് ബോധ്യ​പ്പെ​ടും. മറ്റൊന്ന് മദ്യാസക്തി കൊണ്ട് ജീവിച്ചിരിക്കെത്തന്നെ മര​ണ​തു​ല്യ​രാ​യി​ക്ക​ഴി​യു​ന്ന​വ​രുടെ പെരു​പ്പ​മാ​ണ്. രോഗം തോല്പി​ക്കു​ന്നത് നമ്മുടെ ശരീ​ര​ത്തെയാ​ണ്. അതൊ​രു​പക്ഷേ മര​ണ​ത്തി​ലേ​ക്കു​വരെ കൂട്ടി​ക്കൊ​ണ്ടു​പോ​വുകയും ചെയ്‌തേ​ക്കാം. എന്നാൽ മദ്യം ഒരു​വന്റെ ശരീ​ര​ത്തെ മാത്ര​മല്ല തോ​ല്പിക്കു​ന്നത് , ബുദ്ധി​യെയും തൊഴി​ലി​നെയും സ്വാത​ന്ത്ര്യ​ത്തെയും സാമൂഹ്യ പ്രതിബദ്ധതയെയും കൂടി​യാ​ണ്. ഇതാ​കട്ടെ ഒരു വ്യക്തി​യുടെ മരണത്തി​ലേ​ക്കല്ല അതി​ന​പ്പുറം സമൂഹത്തിന്റെ നിർജീവതയിലേക്കാണ് നമ്മെ നയി​ക്കു​ന്ന​ത്.


കൊറോ​ണ​യ്ക്കു​ മു​ന്നിൽ സർവ ഉണർവോടും കൂടി നില്ക്കുന്ന നമ്മൾ സമൂ​ഹ​ത്തിന്റെ ആരോ​ഗ്യ​ത്തെ​ കെ​ടു​ത്തുന്ന മദ്യ​ത്തിനു മുന്നിൽ ഉണർവറ്റു നില്ക്കു​ന്നത് ഭൂഷണമല്ല. സർവ സി​ര​ക​ളെയും മന്ദീഭ​വി​പ്പിച്ചു മനുഷ്യനെ മൃത​തു​ല്യനും മൃഗതുല്യനുമാക്കി മാറ്റുന്ന മദ്യം കൊറോണ വൈറ​സ് പോലെതന്നെ മനു​ഷ്യ​ജീ​വന് ഭീഷ​ണി​യു​യർത്തുന്ന മഹാവിപത്താണെന്ന തിരി​ച്ച​റി​വിലേയ്ക്ക് ഇത്തരം ഒരവസ്ഥയിൽ പോലും നാം ഉണരാത്തത് ഖേദകരമാണ്.


ഗുരു​ദേ​വ ​തൃ​പ്പാ​ദ​ങ്ങൾ അരു​തെന്ന് വില​ക്കി​യത് മദ്യ​ത്തെ​യും ജാതി​യെ​യും മാത്രമാ​ണ്. 'മദ്യം വിഷ​മാ​ണ്. അതു​ണ്ടാ​ക്ക​രുത്, കൊടു​ക്ക​രു​ത്, കുടി​ക്ക​രുത്'. 'ജാതി ചോദി​ക്ക​രു​ത്, പറ​യ​രു​ത്, ചിന്തി​ക്ക​രു​ത്.' ഈ രണ്ടി​ന്റെ​യും അരു​തില്ലായ്മ​കൾ മനു​ഷ്യനെ മനു​ഷ്യ​ന​ല്ലാ​താ​ക്കു​മെന്ന ഗുരു​ചിന്തയെ ഇനിയും മാറി​മാ​റി​വ​രുന്ന സർക്കാ​രു​കളും സമൂ​ഹവും വേണ്ടത്ര ഗൗര​വ​ത്തിൽ ഉൾക്കൊ​ണ്ടി​ട്ടു​ള്ള​താ​യി കാണു​ന്നി​ല്ല. മദ്യം നമ്മുടെ ബുദ്ധി​യെ നശി​പ്പി​ക്കു​മെന്നും സ്വാത​ന്ത്ര്യത്തെ തട​യു​മെന്നും ഗുരു​ദേ​വൻ നിരന്തരം ഓർമ്മി​പ്പി​ച്ചിട്ടുള്ളതാണ്. പക്ഷേ മറ്റെല്ലാം കൃത്യ​മായി ഓർമ്മി​ക്കുന്ന നമ്മൾ ഇതു​മാത്രം സൗക​ര്യ​പൂർവം ഓർമ്മി​ക്കാ​തി​രി​ക്കു​കയാണ്.


ഒരു പറ അരി ഒരു വാർപ്പിൽ വേവി​ക്കു​മ്പോൾ അതി​ലൊരു ചിലന്തി വീണാൽ നല്ല ​വി​ശ​പ്പുണ്ടായാൽപ്പോലും ഒരുവൻ അത് കഴി​ക്കാതെ മാറി​നി​ല്ക്കും. ശരീരത്തിനത് അപായമുണ്ടാക്കുമെന്ന ആശങ്കയാണ് കാരണം. അതു​പോ​ലെ​യാണ് മദ്യ​പാനം ശീല​മാ​ക്കി​യ​വനെ നമ്മൾ ഒഴിവാക്കേണ്ടതും. അതൊരു ജീവൽസന്ദേ​ശ​മായിത്തന്നെ ഗുരു​ദേ​വൻ അരു​ളി​ചെ​യ്തി​ട്ടു​ണ്ട്. 'മദ്യാ​സ​ക്ത​നെ ഭാര്യ​യും പിതാവും മാതാവും സഹോ​ദ​രനും പുത്രനും എന്നു​വേണ്ട ഈശ്വ​രൻ പോലും ദ്വേഷി​ക്കു​ന്നു. അതു​കൊണ്ടു മദ്യത്തെ ഉപേ​ക്ഷി​ക്ക​ണം.' കുടും​ബത്തിനും സമൂ​ഹ​ത്തിനും ഇത്രയും വിപത്ത് വരുത്തുന്ന വിഷ​വ​സ്തു​വാണ് മദ്യം എന്ന​റിഞ്ഞിട്ടും അതിനെ ജീവി​ത​ത്തിന്റെ ഭാഗ​മാ​ക്കാൻ അവ​സ​ര​മേ​കുന്ന സമീ​പനം ഒരി​ക്കലും മനു​ഷ്യ​ജീ​വനു വില​ക​ല്പി​ക്കു​ന്ന​തിന്റെ ലക്ഷ​ണ​മ​ല്ല, മനു​ഷ്യനെ സ്‌നേഹി​ക്കു​ന്ന​തി​ന്റെയും അവന്റെ ബുദ്ധിയെ ദൃഢ​മാ​ക്കു​ന്ന​തി​ന്റെയും ലക്ഷ​ണമ​ല്ല.


കൊറോണ ഉയർത്തുന്ന ഭീതിയും നാശവും പ്രകൃ​തി​യു​ടെയും മനു​ഷ്യ​സ​മൂ​ഹ​ത്തിന്റെ പ്രതി​രോ​ധ​പ്ര​വർത്ത​ന​ങ്ങ​ളു​ടെയും ഫല​മായി നാളെ ഒഴി​ഞ്ഞു​പോ​കുക തന്നെ ചെയ്യും. എന്നാൽ വീണ്ടും മറ്റൊരു മഹാ​മാരി നാളെ വന്നു​കൂ​ടെ​ന്നുമി​ല്ല. അപ്പോഴും നമ്മൾ പ്രതി​രോ​ധ​ത്തി​നായി വേണ്ട​തെല്ലാം ചെയ്യാൻ മുന്നിട്ടിറങ്ങും. പക്ഷേ ഇതിനെല്ലാം മുൻപ് പ്രതിരോധിക്കേണ്ടതും നിരോധിക്കേണ്ടതും മദ്യത്തിന്റെ ഉപയോഗവും വ്യാപനവുമാണ്. ഭഗ​വാൻ ബുദ്ധൻ പറ​ഞ്ഞ​തു​പോലെ ധർമ്മ​ചി​ന്തയ്ക്കു മുൻപ് ആച​രി​ക്കേണ്ട ഒരു ധർമ്മ​മു​ണ്ട്. അത് വിശ​ക്കു​ന്ന​വന്റെ വിശ​പ്പ​ട​ക്കുക എന്ന​താ​ണ്. കാരണം വിശ​പ്പു​പോലെ അസ​ഹ​നീ​യ​മായ മറ്റൊരു വ്യാധി​യി​ല്ല. അതു​പോലെ മനുഷ്യന്റെ ബുദ്ധിയെ ദുഷി​പ്പി​ക്കു​ന്ന, മനു​ഷ്യ​ജീ​വനു ഭീഷ​ണി​യാ​കുന്ന, മദ്യത്തെ മറ്റേതിനും പ്രതി​രോധം തീർക്കും​മുമ്പ് പ്രതി​രോ​ധി​ക്കുക എന്ന​താ​വണം നമ്മുടെ ധർമ്മം.

TAGS: GURUPRAKASHAM, GURUPRAKASHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.