കോഴിക്കോട്: കൊറോണയ്ക്കെതിരെയുള്ള ജനകീയ യജ്ഞത്തിനൊപ്പം പങ്കുചേർന്ന് സംസ്ഥാനത്തെ തടവുകാരും. മാസ്ക് നിർമ്മാണത്തിലൂടെയാണ് അവർ ജനകീയ യജ്ഞത്തിൽ പങ്കാളികളാവുക. മൂന്നു സെൻട്രൽ ജയിലുകളിലും മറ്റു എട്ടു ജയിലുകളിലുമായി ദിവസവും 5,000 മാസ്‌ക് നിർമ്മിക്കുകയാണിപ്പോൾ. ഇത് പടിപടിയായി ഉയർത്തി 25,000ൽ എത്തിക്കാനാണ് പദ്ധതി. വൻതോതിൽ ഹാൻഡ് സാനിറ്റൈസർ നിർമ്മിക്കാനും പ്രധാന ജയിലുകളിൽ ഒരുക്കങ്ങളായിക്കഴിഞ്ഞു. തടവുകാർക്ക് ഇതിനുള്ള പരിശീലനം പൂർത്തിയായി. ഇന്ന് മുതൽ ആരംഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച മാസ്‌ക് നിർമ്മാണത്തിന് പരിശീലനം നൽകിയിരുന്നു.
കൊറോണയുടെ സാഹചര്യത്തൽ മാസ്‌കിന് പെട്ടെന്ന് ഡിമാൻഡ് ഏറുകയും സ്റ്റോക്കുള്ളവരിൽ പലരും കൊള്ളലാഭം എടുക്കാനും തുടങ്ങി. ഇതിനു പരിഹാരമെന്നോണമാണ് ജയിലുകളിൽ മാസ്‌ക് നിർമ്മാണം ആരംഭിച്ചത്.
അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള മെഡിക്കൽസ് സർവീസസ് കോർപറേഷനാണ്. മാസ്ക് നിർമ്മാണത്തിന് നിയോഗിക്കപ്പെട്ട തടവുകാർക്ക് ഒന്നിന് ഒരു രൂപ വീതം കൂലിയായി നൽകും. നിർമ്മിക്കുന്നവ കേരള മെഡിക്കൽസ് സർവീസസ് കോർപറേഷൻ ആരോഗ്യ വകുപ്പിന് കൈമാറുകയാണ്.
ആവശ്യത്തിന്റെ തോത് കൂടുകയാണെങ്കിൽ മാസ്‌ക് നിർമ്മാണം മറ്റു ജയിലുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് ആലോചന. അതിനിടെ, കോർപറേഷന് ചുരുങ്ങിയ ചെലവിൽ ലഭിക്കുന്ന മാസ്‌ക് വൻ ലാഭത്തിനാണ് ആരോഗ്യ വകുപ്പിന് നൽകുന്നതെന്ന ആക്ഷേപമുണ്ട്.
മാസ്‌ക് നിർമ്മാണം ഇവിടെ
പൂജപ്പുര സെൻട്രൽ ജയിൽ
വിയ്യൂർ സെൻട്രൽ ജയിൽ
കണ്ണൂർ സെൻട്രൽ ജയിൽ
കൊല്ലം ജില്ലാ ജയിൽ
എറണാകുളം ജില്ലാ ജയിൽ
പാലക്കാട് ജില്ലാ ജയിൽ
കോഴിക്കോട് ജില്ലാ ജയിൽ
വനിതാ ജയിൽ അട്ടക്കുളങ്ങര, തിരുവനന്തപുരം
സ്ത്രീകളുടെ ഓപ്പൺ ജയിൽ
വിയ്യൂർ വനിതകളുടെ ജയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |