SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.51 PM IST

ത്രില്ലർ നോവൽ - 'നിഗ്രഹം: 41'

Increase Font Size Decrease Font Size Print Page

nigraham-41

അവിടെ ഒരു നിമിഷം നിശ്ശബ്ദത പരന്നു.

ഷാജി ചെങ്ങറ!

ചെങ്ങറ ജ്യുവലേഴ്സിന്റെ ഉടമ. തങ്ങൾ വിചാരിച്ചിരുന്നതുപോലെ ഒരാളല്ല ഷാജിയെന്ന് അവർക്കു ബോദ്ധ്യമായി.

അപ്പോൾ അയൽക്കാരിൽ ഒരാളുടെ ചോദ്യം വന്നു.

''ഷാജി എന്തിനാടാ നിങ്ങളെക്കൊണ്ട് പെട്രോൾ ബോംബ് എറിയിച്ചത്?"

ആരും മിണ്ടിയില്ല.

''മര്യാദയ്ക്ക് പറയെടാ." അയൽക്കാരൻ കൈ ചുരുട്ടി ഒരുത്തന്റെ മുഖത്ത് ആഞ്ഞിടിച്ചു.

''അത് പിന്നെ... അവിടെ ഒരു വിഷയം ഉണ്ടാക്കാൻ. സിദ്ധാർത്ഥിനെ ജയിലിലടയ്ക്കാൻ..."

ഗുണ്ട സമ്മതിച്ചു.

''അതുകൊണ്ട് ഷാജിക്ക് എന്താടാ നേട്ടം?"

''എങ്കിലേ മാളവികയെ പിടിച്ചുകൊണ്ടുപോകുവാൻ കഴിയൂ എന്ന് ഷാജിസാർ കരുതി."

ഇതൊക്കെ കേട്ട് മാളവികയും പതറിപ്പോയി. തന്നെ കുരുക്കാൻ വേണ്ടി ഷാജി എന്തൊക്കെയാണ് കാണിക്കുന്നത്?

പെട്ടെന്നോർത്തതുപോലെ വൈറസ് മാത്യു ഗുണ്ടകളുടെ നേരെ തിരിഞ്ഞു.

''അങ്ങനെയാണെങ്കിൽ വേറെ ചിലതുകൂടി നിനക്കൊക്കെ അറിയാമായിരിക്കുമല്ലോ. ഞങ്ങളുടെ അറിവിൽ സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു സി.ഐ ഇഗ്‌നേഷ്യസ് സാറ്. അദ്ദേഹം ഈ പറഞ്ഞ ഷാജി ചെങ്ങറയുടെ കയ്യിൽ നിന്ന് പണം ചോദിച്ചുവാങ്ങി എന്ന പേരിലാണല്ലോ ജയിലിലായത്? അത് സത്യമാണോ?"

ഗുണ്ടകൾ വിയർക്കാൻ തുടങ്ങി.

''എടാ പെട്ടെന്നു പറഞ്ഞോണം."

''ഷാജി സാറ് സി.ഐയെ കുടുക്കിയതാ..."

ഇപ്പോൾ എല്ലാവർക്കും കാര്യം വ്യക്തമായി.

മീറ്റർചാണ്ടി പോലീസ് സ്റ്റേഷനിലേക്കു ഫോൺ ചെയ്തു. ശേഷം മറ്റുള്ളവരെ നോക്കി.

''ഇവരുടെ ഏറ്റുപറച്ചിൽ മൊബൈലിൽ എടുത്തിട്ടുള്ളവരെല്ലാം അത് ഫെയിസ് ബുക്കു വഴിയും വാട്സ് ആപ്പു വഴിയും ഇപ്പോൾത്തന്നെ പ്രചരിപ്പിക്കണം. സത്യം ലോകമറിയട്ടെ."

എല്ലാം കണ്ടും കേട്ടും നിന്നിരുന്ന മാളവിക മെല്ലെ അകത്തേക്കു കയറി. അവൾക്കു തളർച്ച തോന്നി.

താൻ സിദ്ധാർത്ഥിന്റെ ഓട്ടോയിൽ കയറി എന്ന ഒറ്റ കാരണമാണ് അവനിപ്പോൾ ജയിലിലായത്.

അല്ലെങ്കിൽ ഷാജി ചെങ്ങറ തന്നെ കൊന്നുകളഞ്ഞേനെ എന്നേയുള്ളു. അല്ലെങ്കിൽ അവന്റെ കീഴിൽ എന്നും ഒരടിമയായി കഴിയേണ്ടിവന്നേനെ...

താൻ കാരണം നഷ്ടമായത് സിദ്ധാർത്ഥിന്റെ നല്ല ജീവിതമാണ്.

മാളവികയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.

സമയം കടന്നുപോയി.

പോലീസിന്റെ ബൊലേറോ കയറ്റം കയറി വന്ന് സുമോയ്ക്ക് അരുകിൽ നിന്നു. ജനങ്ങൾ അവിടേക്കു തിരിഞ്ഞു.

ബൊലേറോയിൽ നിന്ന് എസ്.ഐ ബോബികുര്യൻ, സി.പി.ഒമാരായ ഗുണശീലൻ, ബാബുരാജ് എന്നിവർ ഇറങ്ങി.

അവർ എല്ലാം നോക്കിക്കണ്ടു. ഓട്ടോക്കാരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.

ഷാജി ചെങ്ങറയാണ് ഇതിനൊക്കെ പിന്നിൽ എന്നറിഞ്ഞതോടെ ബോബികുര്യൻ വിളറി.

സത്യങ്ങൾ ഇവർ മനസ്സിലാക്കിയ നിലയ്ക്ക് ഇടയിൽ നിന്ന് തനിക്ക് ഷാജിയെ സഹായിക്കാൻ കഴിയില്ലെന്ന് ബോബികുര്യനു തോന്നി.

''കാര്യമൊക്കെ ശരിതന്നെ. ഞാൻ വിശദമായി ഇവരെ ഒന്നുകൂടി ചോദ്യം ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്യും. പിന്നെ ഇവരെ ഇങ്ങനെ തല്ലിച്ചതയ്ക്കാനും പിടിച്ചുകെട്ടാനും ആരാ നിങ്ങൾക്ക് അനുവാദം തന്നത്?"

ചോദ്യം എല്ലാവരോടുംകൂടി ആയിരുന്നു. അതോടെ മാളവികയുടെ അയൽക്കാർ മെല്ലെ പിന്നോട്ടു മാറി.

പക്ഷേ ഓട്ടോക്കാർ പതറാതെ നിന്നു.

''പിന്നെ രണ്ടും കൽപ്പിച്ചു വന്ന ഇവന്മാരെ കീഴ്‌പ്പെടുത്താൻ ഞങ്ങള് എന്തു ചെയ്യണമായിരുന്നു സാറേ?"

വൈറസ് മാത്യുവിന് ദേഷ്യം വന്നു.

''നിങ്ങൾ ഞങ്ങളെ വിവരമറിയിക്കണമായിരുന്നു."

''എങ്കിൽ സാറമ്മാര് വരുന്നതുവരെ ഇവരിവിടെ നിൽക്കുമായിരുന്നോ... ഞങ്ങളെ അറസ്റ്റുചെയ്തോ എന്നും പറഞ്ഞ്?"

ബോബികുര്യൻ, മാത്യുവിനെ രൂക്ഷമായി ഒന്നു നോക്കി.

മിണ്ടിയില്ല.

അവസാനം നിങ്ങൾ നാളെ രാവിലെ സ്റ്റേഷനിൽ എത്തണം എന്നു മാത്രം ഓട്ടോക്കാരോടു പറഞ്ഞ് ഗുണ്ടകളെ കസ്റ്റഡിയിൽ എടുത്തു.

അവർ ആ രംഗവും സെൽഫോണിൽ പകർത്തി.

സുമോയുടെ ടയറുകളിൽ കാറ്റ് ഇല്ലാതിരുന്നതിനാൽ അത് അടുത്ത ദിവസമേ കൊണ്ടുപോകുന്നുള്ളുവെന്നും എസ്.ഐ അറിയിച്ചു.

തുടർന്ന് പ്രതികളുമായി മടങ്ങി.

''എനിക്ക് ആ എസ്.ഐയെ അത്രയ്ക്കു വിശ്വാസം പോരാ..."

മീറ്റർ ചാണ്ടി പിറുപിറുത്തു.

അത് സത്യമായിരുന്നു.

കോന്നി ആനത്താവളം പിന്നിട്ടതും ബോബികുര്യൻ, ഷാജി ചെങ്ങറയുടെ നമ്പരിലേക്കു വിളിച്ചു.

''ഹലോ...." ഷാജിയുടെ മദ്യത്തിൽ കുഴഞ്ഞ ശബ്ദം.

ബോബികുര്യൻ കാര്യം ചുരുക്കിപ്പറഞ്ഞു.

അല്പനേരത്തേക്ക് മറുപുറത്തുനിന്ന് ശബ്ദമൊന്നും കേട്ടില്ല.

''ഷാജീ..." എസ്.ഐ വീണ്ടും വിളിച്ചു.

''കേൾക്കുന്നുണ്ട്. എന്റെ ആളുകൾക്ക് ഒന്നും സംഭവിക്കരുത്. അവർ പ്രതികളായി നാളെ ഒരു കേസുണ്ടാവാൻ പാടില്ല... സാറ് എന്താണെന്നു വച്ചാൽ ചെയ്യ്. ചോദിക്കുന്നത് ഞാൻ തരും."

ബോബികുര്യന്റെ കണ്ണുകൾ ചുരുങ്ങി.

റോഡിൽ അല്പം തള്ളിനിൽക്കുന്ന ഒരു പാറ അയാളുടെ കണ്ണിൽ പെട്ടു.

(തുടരും)

TAGS: NIGRAHAM NOVEL, NOVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY