തിരുവനന്തപുരം: മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾക്ക് പഞ്ഞമില്ലാത്തതിനാൽ ലോക്ക് ഡൗൺ നീണ്ടാലും കേരളത്തിൽ പ്രതിസന്ധി ഉണ്ടാവില്ല. പച്ചക്കറി കുറഞ്ഞെങ്കിലും അത് പരിഹരിക്കും. റേഷൻ കടകൾ വഴിയും സപ്ലൈകോ വഴിയും വിതരണം ചെയ്യാൻ മൂന്നു മാസത്തെ അരിയും ഒരു മാസത്തെ പലവ്യഞ്ജനവും ഉണ്ട്.
പൂഴ്ത്തിവയ്പിനെതിരെ നടപടി ശക്തമാക്കിയതോടെ വിപണിയിൽ സാധനങ്ങൾ ലഭ്യമാണ്.
ക്ഷാമം വരാതെ...
# ഏപ്രിൽ ഒന്നു മുതൽ റേഷൻകട വഴി 15 കിലോഗ്രാം വീതം അരി വിതരണം.
# സപ്ളൈകോ കൊച്ചിയിൽ സൊമാറ്റോവഴി ഓൺലൈനായി തുടങ്ങിയ വിതരണം ഇന്നു മുതൽ തിരുവനന്തപുരത്തും കോഴിക്കോടും ആരംഭിക്കും.
# നാസിക്, മുംബയ് മാർക്കറ്റുകൾ വീണ്ടും തുറന്നതിനാൽ കൂടുതൽ പലവ്യഞ്ജനവും പച്ചക്കറിയും ദിവസങ്ങൾക്കകം എത്തും. ഉള്ളി വരവ് കൂടും. വില കുറയും.
സ്റ്റോക്കുണ്ട്, വഴിയില്ല
ഡീലർമാരുടെയും ഉത്പാദകരുടെയും പക്കൽ സാധനങ്ങൾ ആവശ്യത്തിലധികം സ്റ്റോക്കുണ്ടെങ്കിലും കടകളിൽ എത്തിക്കാൻ കഴിയുന്നില്ല. പൊലീസ് നിയന്ത്രണം കാരണം പാതിവഴിക്ക് മടങ്ങേണ്ടിവരുന്നു. ഇതിനു പരിഹാരം കാണണം.
അരിവില
ബ്രാൻഡഡ് അരിക്ക് വില കൂട്ടിത്തുടങ്ങി. പുറത്തു നിന്നുള്ള മുന്തിയ ഇനം അരിയുടെ വരവ് ഒരാഴ്ച മുമ്പ് നിലച്ചിരുന്നു. അതിനുശേഷം എത്തിക്കുന്ന അരിക്കാണ് അമിതവില ഈടാക്കുന്നത്. പൊതുവിപണിയിലും റേഷൻ കടകളിലും കൂടുതൽ അരി ലഭിക്കുന്നതോടെ ബ്രാൻഡഡ് അരിയുടെ ഡിമാന്റ് കുറയും.
പച്ചക്കറി കുറഞ്ഞു
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചത്. നാട്ടിലെ കൃഷിസ്ഥലങ്ങളിൽ നിന്നു പച്ചക്കറി കടകളിലെത്തിയതോടെ പരിഹാരമായി. വലിയ തോതിൽ ആരും പച്ചക്കറി വാങ്ങുന്നുമില്ല.
പാൽ സുലഭം
കടകളിലും സൂപ്പർ മാർക്കറ്റുകളിലും പാൽ സുലഭമാണ്. കൊച്ചിയിലും തിരുവനന്തപുരത്തും എ.എം നീഡ്സ് എന്ന ആപ്പിലൂടെ ആവശ്യപ്പെടുന്നവർക്ക് മിൽമ വീടുകളിലെത്തിക്കുന്നുണ്ട്. മറ്റു ജില്ലകളിലും ഉടൻ ഇത് ആരംഭിക്കും. മിൽമയുടെ മിക്ക ബൂത്തുകളും പ്രവർത്തിക്കുന്നുണ്ട്.
കമന്റ്
''ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്കുണ്ട്. ആശങ്ക വേണ്ട. ആരോഗ്യമുള്ളവരായി തുടരാൻ നിയന്ത്രണങ്ങൾ അനുസരിച്ചും മാർഗനിർദേശങ്ങൾ പാലിച്ചും കഴിയുക"
പി. തിലോത്തമൻ,
സംസ്ഥാന ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |